തൃപ്പൂണിത്തുറയിലെ വിജയം: കെ ബാബുവിന് കോടതിയില്‍ കനത്ത തിരിച്ചടി, സ്വരാജിന്റെ വാദം നിലനില്‍ക്കും
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭ തിരഞ്ഞെടുപ്പ് കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയും മുന്‍ മന്ത്രിയുമായ കെ ബാബുവിന് ശക്തമായ തിരിച്ചടി. എതിർ സ്ഥാനാർത്ഥിയായ സി പി എമ്മിലെ എം സ്വരാജ് നല്‍കിയ ഹർജിയിലെ വാദങ്ങള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കെ ബാബു നല്‍കിയ കവിയറ്റ് തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. 'അയ്യപ്പന് ഒരു വോട്ട്' എന്ന പേരില്‍ ശബരിമല വിഷയം എടുത്ത് പറഞ്ഞുകൊണ്ടായിരുന്നു മണ്ഡലത്തില്‍ കെ ബാബു പ്രചരണം നടത്തിയതെന്ന വാദമാണ് എം സ്വരാജ് ഉന്നയിച്ചത്
കേസ് നിലനിൽക്കില്ലെന്ന കെ ബാബുവിന്റെ വാദം തള്ളിയ കോടതി 'അയ്യപ്പനൊരു വോട്ട്' പരാമര്‍ശം പരിശോധിക്കുമെന്നും വ്യക്തമാക്കി. അതേസമയം കോടതിയുടെ നിലപാട് തിരിച്ചടിയെന്ന് പറയാനാവില്ലെന്നും നിയമോപദേശവുമായി മുന്നോട്ട് പോകുമെന്നും കെ ബാബു. തനിക്കെതിരായ ആരോപണങ്ങള്‍ നിലനില്‍ക്കുന്നതല്ല, കേസ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

തടസ്സ ഹർജിയിൽ ഒരു ഭാഗം കോടതി അംഗീകരിച്ചു. യു ഡി എഫ് സ്വാമി അയ്യപ്പന്റെ പേര് വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ല. ഈ സ്ലിപ്പ് കിട്ടിയെന്ന് ആദ്യം പറഞ്ഞത് ഒരു ഡി വൈ എഫ് ഐ നേതാവാണ്. നിയമപരമായി തന്നെ മുന്നോട്ട് പോവും. തന്റെ ഭാഗം അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് വിശ്വാസമെന്നും എം എല്‍ എ കൂട്ടിച്ചേർത്തു.
992 വോട്ടുകള്‍ക്കായിരുന്നു കെ ബാബുവിനോട് സിറ്റിങ് എം എല്‍ എ കൂടിയായ എം സ്വരാജ് തോറ്റത്. ഇതിന് പിന്നാലെയാണ് ബാബുവിന്റെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വരാജ് കോടതിയെ സമീപിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന അച്ചടിച്ച തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ കെ ബാബുവിന് വേണ്ടി തൃപ്പൂണിത്തുറ മണ്ഡലത്തില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു എന്നായിരുന്നു സ്വരാജിന്റെ വാദം. തിരഞ്ഞെടുപ്പ് വേളയില്‍ തന്നെ ഇത്തരം ഒരു ആരോപണം ഇയര്‍ന്നിരുന്നു.
2016 ലെ തിരഞ്ഞെടുപ്പില്‍ ശക്തനായ കെ ബാബുവിനെ അട്ടിമറിച്ചായിരുന്നു എം സ്വരാജ് തൃപ്പൂണത്തുറയില്‍ വിജയിച്ചത്. ബാര്‍ കോഴ അടക്കമുള്ള വലിയ വിവാദങ്ങള്‍ കെ ബാബു നേരിടുന്ന സമയമായിരുന്നു അത്. അതിന് ശേഷം 2021 ലെ തിരഞ്ഞെടുപ്പുകാലത്താണ് ബാബു വീണ്ടും സജീവമാകുന്നതും യുഡിഎഫിന് വേണ്ടി മത്സര രംഗത്ത് ഇറങ്ങുന്നതും മണ്ഡലം തിരിച്ച് പിടിക്കുന്നതും.












Click it and Unblock the Notifications