ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം: സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് സുധാകരന്‍
തിരുവനന്തപുരം: കിഴക്കമ്പലത്ത് ആള്‍ക്കൂട്ടക്കൊലപാതകത്തിന് നേതൃത്വം കൊടുത്ത സിപിഎം എംഎല്‍എയെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. ദളിത് വിരുദ്ധതയും ദളിത് വേട്ടയും രക്തത്തിലലിഞ്ഞ പാര്‍ട്ടിയാണ് സി പി എം. മധുവിനെ ആള്‍ക്കൂട്ടക്കൊലപാതകം നടത്തിയവരെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പാര്‍ട്ടി ഇപ്പോളിതാ ഒരു ദളിത് യുവാവിനെ കൂടി തല്ലിക്കൊന്നിരിക്കുന്നു. ഇനിയെങ്കിലും ദളിത് വിരോധം അവസാനിപ്പിക്കാന്‍ സി പി എമ്മിനോട് കെ പി സി സി ആവശ്യപ്പെടുന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.
കിഴക്കമ്പലത്ത് യുവാവ് മരിച്ചത് ലിവര്‍ സിറോസിസ് മൂലമെന്ന് പ്രചരിപ്പിച്ച് മൃതദേഹത്തെ പോലും ഭരണപക്ഷ എംഎല്‍എ അപമാനിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം തലയ്ക്കേറ്റ ക്ഷതമാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതക രാഷ്ട്രീയത്തെ ഒരിക്കലും അംഗീകരിക്കാനാവില്ല. സി പി എം നടത്തിയ ദീപുവിന്റെ കൊലപാതകത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാത്ത സാംസ്‌ക്കാരിക നായകര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. ഭരണകൂടത്തിന്റെ എച്ചില്‍ നക്കി ശിഷ്ടകാലം കഴിയാമെന്ന് കരുതുന്നവര്‍ കടുത്ത അനീതികള്‍ കണ്ടാലും പ്രതികരിക്കില്ല. ജീവിത സാഹചര്യങ്ങളോട് പൊരുതി മുന്നേറുന്ന സമൂഹമാണ് ദളിതരുടേത്. കൊടിയ അനീതികള്‍ക്കെതിരെയുള്ള പോരാട്ടങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദളിത് സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, കിഴക്കമ്പലത്ത് യുവാവിന്റെ മരണത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎമ്മിനെതിരെ വിമര്‍ശനം ശക്തമാകുന്നുണ്ട്. എം എല്‍ എ ശ്രീനിജനെതികരെയാണ് വിമര്‍ശനം ശക്തമാകുന്നത്. പാവപ്പെട്ട പട്ടികജാതി കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ചെറുപ്പക്കാരനെയാണ് രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ സി. പി. എം വകവരുത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അധികാരത്തിലിരിക്കുന്നവരുടെ ധാര്‍ഷ്ട്യവും ധിക്കാരവും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യണമെന്ന നിരന്തരമായ സമീപനവുമാണ് കൊലപാതകത്തില്‍ എത്തിച്ചത്.
വിളക്കണയ്ക്കല്‍ സമരത്തിന് അയല്‍പ്പക്കക്കാരെ പ്രേരിപ്പിച്ചതിന്റെ പേരിലാണ് ദീപു ക്രൂരമായ മര്‍ദ്ദനത്തിന് വിധേയമായതും പിന്നീട് മരിച്ചതും. കേസുമായി ബന്ധപ്പെട്ട് സി .പി. എം പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍ കഴിയുമ്പോഴും കൊലപാതകവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സി.പി.എം ജില്ലാ നേതൃത്വത്തിന്റെ പതിവ് പ്രതികരണം പരിഹാസ്യമാണ്. രാഷ്ട്രീയ എതിരാളികളെ ഇനിയെങ്കിലും ആശയപരമായി നേരിടാന്‍ സി. പി. എം തയാറാകണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കിഴക്കമ്പലം കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞാല്‍ ലോകത്ത് ആരും വിശ്വസിക്കില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ഹരിപ്പാട് ആര്‍എസ്എസ് പ്രവര്‍ത്തകനും സിപിഎം ലഹരിമാഫിയയുടെ കൊലക്കത്തിക്കിരയായി. സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയാണ്. ക്രമസമാധാനം പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. ആഭ്യന്തരം വന്‍പരാജയമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് പിണറായി വിജയനെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ നിഷേധിച്ച് എം എല്‍ എ ശ്രീനിജന്‍ രംഗത്തെത്തി. ദൂപുവിന്റെ മരണത്തില്‍ ഉ്തരവാദിത്തം തന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമം നടക്കുന്നതായി പി വി ശ്രീനിജന്‍ പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ ഉയരുന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. തന്നെ പ്രതി ചേര്‍ക്കാനാണ് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത്. പൊലീസ് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടയെന്നും പി വി ശ്രീനിജന്‍ പറഞ്ഞു. ദൂപുവിന്റെ മരണം ദൗര്‍ ഭാഗ്യകരമാണ്. തനിക്ക് അതില്‍ പ്രത്യക്ഷമായോ പരോക്ഷമായോ ബന്ധമില്ലെന്നും പി വി ശ്രീനിജന്‍ അഭിപ്രായപ്പെട്ടു. ഗൂഡാലോചനയില്‍ പങ്കെടുത്തു എന്നത് രാഷ്ട്രീയ പ്രേരിതമായ ആരോപണമാണ്. 100 ശതമാനം നിരപരാധിയാമെന്നും ശ്രീനിജന്‍ പറഞ്ഞു.












Click it and Unblock the Notifications