ചട്ടം ലംഘിച്ചുള്ള ധ്യാനത്തിൽ പങ്കെടുത്ത രണ്ട് സിഎസ്ഐ വൈദികർകൂടി കോവിഡ് ബാധിച്ച് മരിച്ചു
ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ ഇരുവരും പങ്കെടുത്തിരുന്നു
തൊടുപുഴ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ചട്ടം ലംഘിച്ച് മൂന്നാറിൽ സിഎസ്ഐ സഭ നടത്തിയ ധ്യാനത്തിൽ പങ്കെടുത്ത രണ്ട് വൈദികർകൂടി കോവിഡ് ബാധിച്ച് മരിച്ചു. കാരക്കോണം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിനോ കുമാർ, വൈ ദേവപ്രസാദ് എന്നിവരാണ് മരിച്ചത്. ഇതോടെ ധ്യാനത്തിൽ പങ്കെടുത്ത നാല് കോവിഡ് ബാധിച്ച് മരിച്ച വൈദികരുടെ എണ്ണം നാലായി.

ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്ഐ പള്ളിയിൽ നടന്ന ധ്യാനത്തിൽ ഇരുവരും പങ്കെടുത്തിരുന്നു. മൂന്നാഴ്ചയായി ഇരുവരും കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ധ്യാനം നടത്തിയത് കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചാണെന്നാണ് ദേവികുളം സബ് കളക്ടറുടെ റിപ്പോർട്ട്. 13 മുതല്‍ 17 വരെയുള്ള തിയതികളിലായി നടന്ന ധ്യാനത്തിൽ 480 പേർ പങ്കെടുത്തെന്നാണ് കണ്ടെത്തൽ.
കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ പരമാവധി പരിപാടികൾ ഓൺലൈനായി നടത്തണമെന്ന് ഏപ്രിലിൽ തന്നെ സർക്കാർ നിർദ്ദേശമുണ്ടായിരുന്നു. മാത്രമല്ല ഇടുക്കിയിലെ കോവിഡ് വ്യാപനം കണക്കിലെടുത്ത് ഏപ്രിൽ 12 മുതൽ ജില്ലയിലെ പൊതുപരിപാടികൾക്ക് ജില്ലഭരണകൂടം വിലക്കും ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യം അറിയാമായിരുന്നെന്ന് വിശദീകരണ കുറിപ്പിൽ സിഎസ്ഐ സഭ വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ് ബാധിച്ച് ഫാ. ബിജുമോൻ (52), ഫാ. ഷൈൻ ബി രാജ് (43) എന്നിവർ നേരത്തെ മരിച്ചിരുന്നു. അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏതാനും പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ വിശദമായ റിപ്പോർട്ട് ജില്ലാ കലക്ടർ സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications