ഇരുചക്രവാഹനത്തിലെ പിന്‍സീറ്റുകാരും ഹെല്‍മെറ്റ് കരുതിക്കോളൂ
ആലപ്പുഴ: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവര്‍ തന്നെ ഹെല്‍മെറ്റ് ധരിക്കാന്‍ മടിക്കുന്ന ഈ കാലത്ത് ഇനി പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും ഹെല്‍മെറ്റ് ധരിക്കണം എന്ന നിയമം വന്നാലോ? നിയമം നടപ്പിലാകുന്ന കാലം വിദൂരമല്ല. പിന്‍സീറ്റിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് വേണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. കേരളത്തില്‍ വാഹനാപകടത്തിന്റെ തോത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കാനാണ് അധികൃതരുടെ നീക്കം.
സ്‌റ്റൈലായി ബൈക്കോടിച്ചു പോകാന്‍ ഈ ഹെല്‍മെറ്റ് ഒരു തടസ്സമായി കാണുന്ന ഇന്നത്തെ യുവതലമുറയ്ക്ക് അത്ര ആശ്വാസകരമാകുന്ന ഒരു വാര്‍ത്തയായിരിക്കില്ല ഇത്. എന്നാല്‍ അപകടങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരന്റെ സുരക്ഷയും നോക്കേണ്ടതാണ്. വാഹനാപകടങ്ങളെക്കുറിച്ചുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പിന്‍സീറ്റിലിരുന്നു യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നാണ് ജസ്റ്റിസ് ചന്ദ്രശേഖരദാസ് പറയുന്നത്. കേരളത്തിലെ വാഹനാപകടങ്ങളെക്കുറിച്ച് പരിശോധിച്ച് പരിഹാരമാര്‍ഗം നിര്‍ദേശിക്കാനായി നിയുക്തമായ ഏകാംഗ കമ്മിഷന്‍ ആലപ്പുഴയില്‍ നടത്തിയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ ഗുരുതരമായ പരിക്കുകള്‍ പറ്റുന്നത് പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ക്കാണ്. ഈ സാഹചര്യത്തില്‍ അവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനാണ് ജസ്റ്റിസ് ചന്ദ്രശേഖരദാസ് നിര്‍ദേശിക്കുന്നത്. വാഹനാപകട കേസുകള്‍ തീര്‍പ്പാക്കുന്നതിലുണ്ടാകുന്ന കാലതാമസവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുകൂടാതെ വാഹനങ്ങള്‍ക്ക് ഭീഷണിയാകുന്ന റോഡരികിലെ കൊടിമരം, പരസ്യബോര്‍ഡ്, ആര്‍ച്ചുകള്‍ തുടങ്ങിയവ നീക്കം ചെയ്യാനുള്ള നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മിക്ക സ്ഥലത്തും തെരുവു വിളക്കുകളുടെ അഭാവം ഉണ്ട്, അതു പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കുമെന്നും ജസ്റ്റിസ് ചന്ദ്രശേഖരദാസ് വ്യക്തമാക്കി.












Click it and Unblock the Notifications