'രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് ശബരിമലയിൽ എത്തിച്ചു, തന്ത്രിയെ അസഭ്യം പറഞ്ഞു', സർക്കാരിനെതിരെ കെ മുരളീധരൻ
ശബരിമല വിഷയത്തില്‍ തുടക്കം മുതലുളള നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ശബരിമലയിലെ യുവതീപ്രവേശന കാര്യത്തില്‍ ആചാരങ്ങള്‍ ലംഘിക്കാന്‍ കൂട്ടുനിന്ന സര്‍ക്കാരാണ് കേരളത്തിലേത് എന്നും മുരളീധരൻ ആരോപിച്ചു. 'മുഖ്യമന്ത്രി പരസ്യമായി, 2019 ജനുവരി 2ാം തിയ്യതി മന്നം ജയന്തി ദിവസം രണ്ട് യുവതികളെ പുരുഷവേഷം കെട്ടിച്ച് സന്നിധാനത്ത് എത്തിച്ചു. ആ വിവരം മുഖ്യമന്ത്രി തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചു, സുപ്രീം കോടതി വിധി ഞങ്ങള്‍ നടപ്പാക്കി എന്ന്'.
'അന്ന് നട അടച്ച് പരിഹാരക്രിയ ചെയ്ത തന്ത്രിക്ക് എന്‍എസ്എസ് അടക്കമുളള വിശ്വാസ സമൂഹം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. മന്ത്രിമാര്‍ ഉള്‍പ്പെടെ ഉളളവര്‍ ആ തന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുകയും ഒരുപാട് അസഭ്യം പറയുകയും ചെയ്തു. സുപ്രീം കോടതി കേസ് വീണ്ടും വിചാരണയ്ക്ക് വേണ്ടി മാറ്റി വെച്ചതോടെ പിന്നീട് പ്രശ്‌നം ഉണ്ടായിട്ടില്ല. എന്ന് കരുതി അവര്‍ നടത്തിയ പ്രവര്‍ത്തിയെ ആര്‍ക്കും വെള്ളപൂശാന്‍ കഴിയില്ല. അത് തെറ്റാണെന്ന് അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല.
ഇപ്പോള്‍ ഒരു അയ്യപ്പസംഗമം നടത്തി. അതില്‍ നിന്ന് എന്ത് നേട്ടം ഉണ്ടായി. ഇത് വരെ ശബരിമലയില്‍ ഉണ്ടായ വികസനത്തിന് തടസ്സമായ കാര്യങ്ങള്‍ നീക്കാന്‍ സാധിച്ചോ. നാലായിരം പേരുണ്ടാകും എന്ന് പറഞ്ഞ ആ സംഗമത്തില്‍ പങ്കെടുത്തത് 630തോളം പ്രതിനിധികള്‍ മാത്രമാണ്. ആ സംഗമം പരാജയമാണെന്ന് ഉറപ്പിച്ച് പറയുന്നു. കോണ്‍ഗ്രസ് ശബരിമലയുടെ കാര്യത്തില്‍ ഒരു വിശ്വാസ വഞ്ചനയും കാണിച്ചിട്ടില്ല. 9 വര്‍ഷമായി കോണ്‍ഗ്രസ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലില്ല, പിന്നെ എന്ത് വിശ്വാസ വഞ്ചനയാണ് കാണിച്ചത്.

ശബരിമലയില്‍ വിഷയം ഉണ്ടായപ്പോള്‍ ശക്തമായ രാഷ്ട്രീയതീരുമാനം എടുത്ത പാര്‍ട്ടി കോണ്‍ഗ്രസ് ആണ്. അന്ന് വിശ്വാസികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച ജാഥകളില്‍ ഒന്ന് നയിച്ചത് താനാണ്. അന്ന് ഞങ്ങള്‍ക്കെതിരെ കേസുകള്‍ എടുത്തു. എന്‍എസ്എസ് നടത്തിയ നാമജപഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തര്‍ക്കെതിരെ കേസെടുത്തു. ഇതൊന്നും പിന്‍വലിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ എന്ത് മാറ്റമാണ് നയത്തില്‍ വരുത്തിയത്', കെ മുരളീധരന്‍ ചോദിച്ചു.
സമുദായസംഘടനകളുടെ നിലപാട് അവരുടെ ഇഷ്ടമാണ്. അതിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ ഇല്ല. ഞങ്ങളുടെ നിലപാട് സംബന്ധിച്ച് ഏതെങ്കിലും സമുദായ സംഘടനകള്‍ക്ക് സംശയമുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ തയ്യാറാണ്. പക്ഷേ ശബരിമല വിഷയത്തിലെ നിലപാടില്‍ നിന്ന് പിന്നോട്ട് പോകില്ല. അതില്‍ ജനം വിധി എഴുതട്ടെ, ഏത് മതം ആയാലും കോണ്‍ഗ്രസ് എന്നും വിശ്വാസികള്‍ക്കൊപ്പം നിന്നിട്ടുണ്ട് എന്നും മുരളീധരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications