എല്‍ഡിഎഫിനൊപ്പം സമരം ചെയ്യാന്‍ യുഡിഎഫും, സുധീരന്റെ നിലപാട് തള്ളി...
സഹകരണ പ്രതിസന്ധിയില്‍ യോജിച്ച സമരം വേണ്ട എന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാട്.
തിരുവനന്തപുരം: സഹകരണ ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയുമായി യോജിച്ച് സമരം ചെയ്യാന്‍ യു ഡി എഫ് യോഗത്തില്‍ അംഗീകാരം. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സഹകരണ പ്രതിസന്ധിയില്‍ ഇടതുമുന്നണിയുമായി യോജിച്ച് സമരം ചെയ്യേണ്ടന്നായിരുന്നു കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്റെ നിലപാട്. എന്നാല്‍ ഇതിനെതിരെ മുസ്ലീം ലീഗും ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും രംഗത്ത് വന്നിരുന്നു. സഹകരണ മേഖലയെ സംരക്ഷിക്കാന്‍ യോജിച്ച് സമരം ചെയ്യണമെന്ന നിലപാടിനായിരുന്നു യു ഡി എഫ് യോഗത്തില്‍ ഭൂരിപക്ഷം പേരുടെയും അഭിപ്രായം.

യുഡിഎഫ് യോഗത്തിന് മുമ്പ് പരസ്യമായി അഭിപ്രായം പറഞ്ഞതിന് വി എം സുധീരനെ ലീഗ് നേതാക്കള്‍ വിമര്‍ശിക്കുകയും ചെയ്തു. സഹകരണ വിഷയത്തില്‍ നവംബര്‍ 22 ന് നിയമസഭയില്‍ പ്രമേയം പാസാക്കുമെന്നും പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷി സംഘം ദില്ലിക്ക് പോകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
ഇടതുപാര്‍ട്ടികളുമായി യോജിച്ച സമരം വേണ്ടെന്ന വി എം സുധീരന്റെ നിലപാടിനെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപനും അഭിപ്രായം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ സഹകരണ സംഘങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സി പി ഐ എമ്മുമായി എങ്ങനെ യോജിക്കാനാവുമെന്നായിരുന്നു ടി എന്‍ പ്രതാപന്റെ അഭിപ്രായം.
വി എം സുധീരനെതിരെ മുസ്ലീം ലീഗ് നേതാക്കളും പരസ്യമായി അഭിപ്രായം പറഞ്ഞതോടെ സുധീരന്റെ നിലപാട് യു ഡി എഫ് യോഗത്തില്‍ തള്ളുകയായിരുന്നു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നത്തില്‍ രാഷ്ട്രീയം മറന്നുള്ള സമരമാണ് വേണ്ടതെന്നായിരുന്നു മുസ്ലീം ലീഗ് നേതാക്കളുടെ പ്രതികരണം.സഹകരണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ യോജിച്ച സമരമെന്ന അഭിപ്രായം സി പി ഐ എമ്മാണ് ആദ്യം മുന്നോട്ട് വെച്ചത്.












Click it and Unblock the Notifications