യുഡിഎഫ് ബിജെപിയുമായി ചേര്‍ന്ന് കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നു: ഇപി ജയരാജന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് - ബി ജെപി നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി ഇപി ജയരാജന്‍ രംഗത്ത്. കേരളത്തില്‍ വികസന പദ്ധതികള്‍ വരരുതെന്ന് ആഗ്രഹിക്കുന്നവരാണ് ബിജെപി - കോണ്‍ഗ്രസ് നേതാക്കളെന്നാണ് ഇപി ജയരാജന്‍ പറഞ്ഞു. കേന്ദ്ര മന്ത്രി വി മുരളീധരന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എന്നിവരുടെ പേര് എടുത്ത് പറഞ്ഞാണ് ഇപി ജയരാജന്റെ വിമര്‍ശനം.
കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതികള്‍ ഉണ്ടാകരുത്, ദേശീയപാത വികസിക്കരുത്, ആധുനിക രീതിയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും ഉണ്ടാകരുത്, കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങല്‍ തടസ്സപ്പെടുത്തണം, പ്രളയം വന്നാല്‍ ജനങ്ങള്‍ ദുരിതത്തില്‍ നിന്ന് കരകയറരുത്, ആധുനികമായ വികസനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സൗകര്യങ്ങളൊന്നും കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാകരുത് എന്നിങ്ങനെ ചിന്തിച്ച് പ്രവര്‍ത്തിക്കുകയാണവര്‍ എന്ന് ഇപി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് ജയരാജന്റെ വിമര്‍ശനം.

കേരളത്തിന്റെ സമഗ്ര വികസനത്തെ എപ്പോഴും എതിര്‍ക്കുന്ന ചിലരുണ്ട്. അതിലൊരാളാണ് കേരളത്തിന് പുറത്ത് നിന്ന് രാജ്യസഭാ അംഗമായി മന്ത്രിയായിരിക്കുന്ന മുരളീധരന്‍. മറ്റൊരാള്‍ ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍. ഇതിനോടൊപ്പം നില്‍ക്കുന്ന ആളുകളാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡന്റും.

കേരളത്തില്‍ അതിവേഗ റെയില്‍ പദ്ധതികള്‍ ഉണ്ടാകരുത്, ദേശീയപാത വികസിക്കരുത്, ആധുനിക രീതിയിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും മറ്റും ഉണ്ടാകരുത്, കേരളത്തിന്റെ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങല്‍ തടസ്സപ്പെടുത്തണം, പ്രളയം വന്നാല്‍ ജനങ്ങള്‍ ദുരിതത്തില്‍ നിന്ന് കരകയറരുത്, ആധുനികമായ വികസനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന സൗകര്യങ്ങളൊന്നും കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭ്യമാകരുത് എന്നിങ്ങനെ ചിന്തിച്ച് പ്രവര്‍ത്തിക്കുകയാണവര്‍.

കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പാര്‍ലിമന്റില്‍ ആരും തന്നെ ഈ പദ്ധതി ഉപേക്ഷിക്കാന്‍ പറഞ്ഞിട്ടില്ല. അനുമതി നല്‍കുന്നതിനായി കൂടുതല്‍ വിശദാംശങ്ങള്‍ ആരായുകയാണുണ്ടായത് എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാര്‍ പത്രസമ്മേളനം വിളിച്ച് കെ-റെയില്‍ പദ്ധതി ഉപേക്ഷിച്ചു എന്ന മട്ടില്‍ ആഹ്ലാദിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയുമാണ്. ഇവരുടെ ഈ മാനസികാവസ്ഥ കേരളത്തോടുള്ള ഇവരുടെ നിലപാടാണ് കാണിക്കുന്നത്. കേരള വിരോധികളായ ഇവരെപ്പോലെയുള്ളവരാണ് ഈ നാടിന്റെ ശാപം.

കെ-റെയിലിന് ബദലായി വന്ദേഭാരതാണ് ഇക്കൂട്ടര്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍ വന്ദേഭാരത് ട്രെയിനുകള്‍ക്ക് 160 കിലോമീറ്റര്‍ വേഗമേ ഉണ്ടാകൂ. നിലവിലെ സ്ഥിതിയില്‍ തിരുവനന്തപുരം - കാസര്‍കോട് ലൈനില്‍ 110 കിലോമീറ്റര്‍ വേഗമേ സാധ്യമാകൂ.
എല്ലാ മേഖലയിലും അതിവേഗം വളര്‍ന്ന് വികസിച്ച് ലോകത്താകെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് നമ്മുടെ നാട്. ആ വളര്‍ച്ചയേയും നേട്ടങ്ങളേയും സഹിഷ്ണുതയോടെ ഉള്‍കൊള്ളാനുള്ള മനസ്സും വികസന കാഴ്ചപ്പാടുമാണ് നേതാക്കള്‍ക്കുണ്ടാകേണ്ടത്.

എന്നാല്‍ കേരളത്തിന്റെ വികസന പദ്ധതികളെ ഇല്ലാതാക്കാന്‍ എന്ത് ചെയ്യാനാകും എന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. കേരളത്തില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ എല്ലാവരോടും ചര്‍ച്ചചെയ്ത് കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നടപ്പാക്കാന്‍ കേരളത്തിന്റെ ഗവണ്‍മെന്റ് സന്നദ്ധമാണ്. ഇത് മുഖ്യമന്ത്രി തന്നെ നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതുമാണ്. എന്നാലും കേരളത്തിന്റെ വികസനത്തെ തടയാനാണ് ചിലരുടെ ശ്രമം.

സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറക്കുകയാണ് ഇപ്പോള്‍ കേന്ദ്രം ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ പണം വെട്ടിക്കുറയ്ക്കുന്നു. കേരളത്തിന്റെ ഉള്‍പടെ വിവിധ വികസനപദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങല്‍ക്കുമുള്ള പണം വെട്ടിക്കുറയ്ക്കുന്നു. എയിംസ്, ശബരി പദ്ധതികള്‍, ജി.എസ്.ടി വിഹിതം അനുവദിക്കാതിരിക്കുക, കോവിഡ് കാലത്ത് ആരോഗ്യ രംഗത്ത് ലഭ്യമാക്കേണ്ട സഹായങ്ങള്‍ തുടങ്ങി ഒന്നും തന്നെ കേന്ദ്രത്തിന്റെ പരിഗണനയില്‍ ഇല്ല.

കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതവും വെട്ടിക്കുറച്ചു. നാടിനോട് കൂറുള്ള ആളുകള്‍ എന്ന നിലയ്ക്ക് ഇത്തരത്തില്‍ കേന്ദ്രം ചെയ്യുന്ന നയങ്ങളെ ചോദ്യം ചെയ്ത് സംസ്ഥാനത്തിന് ആവശ്യമായവ നേടിയെടുക്കനാണ് യു.ഡി.എഫ് എം.പിമാര്‍ ശ്രമിക്കേണ്ടത്. പകരം കെ-റെയിലിന് അനുമതി ഇല്ല എന്ന് വരുത്തിത്തീര്‍ത്ത് ആഹ്ലാദത്തില്‍ തുള്ളിച്ചാടുകയാണവര്‍. ഇതെല്ലാം നാടിന്റെ ഗുണപരമായ വളര്‍ച്ചയ്ക്ക് ചേര്‍ന്നതാണോ എന്ന് ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. കേരളത്തിന്റെ വികസന താല്‍പര്യങ്ങള്‍ക്ക് തുരങ്കം വെച്ച് കേരളത്തിലെ ജനങ്ങളുടെ താല്‍പര്യങ്ങളെ ഹനിക്കരുത് എന്നാണ് ഇത്തരക്കാരോട് അഭ്യര്‍ത്ഥിക്കാനുള്ളത്- ഇപി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications