പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മാത്രമായി ചുരുങ്ങി, ഒറ്റക്കെട്ടായില്ല; പരാജയം വിലയിരുത്തി യുഡിഎഫ്
തിരുവനന്തപുരം: പരസ്പര വിമര്‍ശനങ്ങള്‍ക്കും സ്വയം വിമര്‍ശനങ്ങള്‍ക്കും വേദിയായി യു ഡി എഫ് യോഗം. നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം ആദ്യമായിട്ടായിരുന്നു സമ്പൂര്‍ണ്ണ യുഡിഎഫ് യോഗം ചേര്‍ന്നത്. ഒരു പകല്‍ മുഴുവന്‍ നീണ്ട യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചാ വിഷയമായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാറിന്റെ തുടര്‍ ഭരണത്തിന് വഴിയൊരുക്കിയത് സൗജന്യ ഭക്ഷ്യക്കിറ്റും സാമൂഹ്യ പെന്‍ഷന്‍ വിതരണവുമാണെന്ന കോണ്‍ഗ്രസ് നിലപാട് മുന്നണിയിലെ ഘടകകക്ഷികള്‍ തള്ളി.
ഭരണ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ചതിനോടൊപ്പം തന്നെ ഇടതുമുന്നണിയുടെ കെട്ടുറപ്പാണ് അവരുടെ വിജയത്തില്‍ നിര്‍ണ്ണായകമായത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ യുഡിഎഫിന് സാധിക്കാതിരുന്നതാണ് ഇത്രയും വലിയ പരാജയത്തിലേക്ക് എത്തിച്ചത്. ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ച സ്ഥലങ്ങളില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്താന‍് കഴിഞ്ഞിട്ടുണ്ടെന്നും ഘടകക്ഷികള്‍ ചൂണ്ടിക്കാട്ടി.

നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇടതുമുന്നണി മാസങ്ങള്‍ക്ക് മുമ്പ് തന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. നാടാര്‍ സംവരം, പൗരത്വ ഭേദഗതിക്കെതിരായ നിലപാട് തുടങ്ങിയ നീക്കങ്ങളിലൂടെ കൂടുതല്‍ ന്യൂനപക്ഷ വിഭാഗങ്ങളെ തങ്ങളോട് അടുപ്പിക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചു. മുന്നണി ശക്തമായി നില്‍ക്കുമ്പോള്‍ തന്നെ യുഡിഎഫില്‍ നിന്നും രണ്ട് കക്ഷികളെ അടര്‍ത്തിയെടുത്ത് അവര്‍ അടിത്തറ വിപുലമാക്കിയെന്നും വിവിധ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

മുന്നണി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയുടെ ആക്കം വര്‍ധിപ്പിച്ചു. ഓരോ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളായാണ് പരിഗണിക്കുന്നത്. എന്നാല്‍ മറുപക്ഷത്ത് എല്‍ഡിഎഫില്‍ അങ്ങനെയല്ല. സീറ്റ് ഒരു പാര്‍ട്ടിക്ക് നല്‍കുകയും അവര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്താല്‍ പിന്നെ ആ സ്ഥാനാര്‍ത്ഥി മുന്നണിയുടെ സ്ഥാനാര്‍ത്ഥിയാണ്. അംഗബലം തീരെയില്ലാത്ത കടന്നപ്പള്ളി രാമചന്ദ്രനെ വരെ കണ്ണൂരില്‍ തുടര്‍ച്ചയായ രണ്ടാം തവണയും വിജയിപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു.

ഈ രീതിക്ക് പരിഹാരം കാണണം. യുഡിഎഫ് എന്നത് ഒരു രാഷ്ട്രീയ കക്ഷിയപ്പോലെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും യോഗത്തില്‍ ധാരണയായി. കോവിഡ് മഹാമാരി തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ഗുണകരമായെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നിലപാട്. കോവിഡ് കാലത്തെ സന്നദ്ധ പ്രവര്‍ത്തകര്‍ മുഴുവനും എല്‍ഡിഎഫിനായിരുന്നു. ഇവര്‍ കിറ്റും സാമൂഹിക പെന്‍ഷനും പിണറായി വിജയന്‍ നല്‍കുന്നതാണെന്ന് പറഞ്ഞ് നേരിട്ട് വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. നമ്മുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും വൈകിയതും തിര്‍ച്ചടിക്ക് കാരണമായെന്നും കെ സുധാകരന്‍ പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പ് പരാജയമായിരുന്നു മുഖ്യ അജണ്ടയെങ്കിലും യു ഡി എഫ് യോഗത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായത് പാലാ ബിഷപിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശമായിരുന്നു. ബിഷപിന്റെ പ്രസ്താവനയില്‍ യുഡിഎഫ് അംഗങ്ങള്‍ക്കിടയില്‍ നേരത്തെ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനിന്നിരുന്നു. യോഗത്തിലും ഇത് പ്രകടമായി. പാലാ ബിഷപ്പിനെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പിന്തുണച്ചപ്പോള്‍ കടുത്ത വിമര്‍ശനമായിരുന്നു മുസ്ലിം ലീഗ് നടത്തിയത്. പാലാ ബിഷിപ്പിന്‍റെ പ്രസ്താവനയിൽ സർവ്വകക്ഷി യോഗവും മതമേലധ്യക്ഷൻമാരുടെ യോഗവും വിളിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നതിനിടയിലാണ് വിഷയത്തില്‍ യു ഡി എഫ് യോഗത്തില്‍ തന്നെ ചേരിപ്പോര് രൂക്ഷമായത്.

ബിഷപ്പിന്‍റെ പ്രസ്താവന ദുരുദ്ദേശപരമല്ലെന്നായിരുന്നു ജോസഫ് വിഭാഗത്തിന്‍റെ നിലപാട്. ക്രൈസ്തവ സഭയ്ക്കുള്ളിൽ വിശ്വാസികളോട് നടത്തിയ പ്രസംഗത്തെ ചിലര്‍ ദുർവ്യഖ്യാനം ചെയ്യുകയായിരുന്നു. ബിഷപ് സ്വന്തം സമുദായത്തോട് പറഞ്ഞ കാര്യം ദുരദ്ദേശപരമായി കാണേണ്ട കാര്യമില്ല. പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് സഭ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോവണമെന്നും യോഗത്തില്‍ ജോസഫ് വിഭാഗം ആവശ്യപ്പെട്ടു.

യുഡിഎഫിനൊപ്പം എപ്പോഴും ഉറച്ച് നിൽക്കുന്ന ക്രൈസ്തവ സഭയെ സംരക്ഷിക്കണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ സഭ നിലപാട് യുഡിഎഫിന് അനുകൂലമായിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല തരംഗത്തിനിടയിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായിലേയും കടുത്തുരുത്തിയിലേയും യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയം ഇതിന് വ്യക്തമായ ഉദാഹരണമാണെന്നും മോന്‍സ് ജോസഫും ജോണി നെല്ലൂരും വാദിച്ചു.

എന്നാല്‍ ജോസഫ് വിഭാത്തിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായി തള്ളുന്നതായിരുന്നു മുസ്ലിം ലീഗിന്റെ നിലപാട്. പാലാ ബിഷപ്പിന്റെ പ്രസ്താവന മുന്നണി പരസ്യമായി തള്ളിക്കളയണമെന്ന് ഇടി മുഹമ്മദ് ബഷീര്‍ എംപി ആവശ്യപ്പെട്ടത്. ബിഷപ്പിന്റെ പ്രസ്താവനയാണ് പ്രകോപനം തുടങ്ങിയത്. ഇത് ഒഴിവാക്കേണ്ടതായിരുന്നു. പരിഹാരം ഉണ്ടാക്കുകയാണ് ഇനി വേണ്ടതെന്നും ലീഗ് ആവശ്യപ്പെട്ടു.

അതേസമയം, സമുദായങ്ങള്‍ തമ്മിലുള്ള പരസ്പര സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന‍് മുന്നണി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന അഭിപ്രായത്തില്‍ എല്ലാവരും ഐക്യപ്പെട്ടു. വിഷയത്തില്‍ സമുദായ സംഘടനകളുടെ യോഗം വിളിക്കമെന്ന ആവശ്യം സര്‍ക്കാരിന് മുന്നില്‍ വീണ്ടും ഉന്നയിക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചു. സര്‍വ്വകക്ഷി യോഗം കൊണ്ട് പ്രശ്ന പരിഹരിക്കാന‍് സാധിക്കില്ലെങ്കിലും ഇത്തരം ചര്‍ച്ച് ഈ സമയത്ത് ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.

സമുദായ സംഘടനകളുടെ യോഗമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിച്ചാല്‍ സ്വന്തം നിലയില്‍ ഇത്തരം യോഗത്തിനുളള സാദ്ധ്യത തേടാനും യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാന സര്‍ക്കാര്‍ വലിയ പ്രാധാന്യത്തോടെ മുന്നോട്ട് വെക്കുന്ന കെ റെയില്‍ പദ്ധതി അപ്രായോഗ്യമെന്ന് മുന്നണി യോഗം വിലയിരുത്തി. കെ റെയിലിന് സര്‍ക്കാര്‍ ബദല്‍ പദ്ധതി വയ്ക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

കെ റെയിലിന് വലിയ തോതില്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്. 20,000 കുടുംബങ്ങളെ ഒഴിപ്പിക്കുകയും 50,000 കച്ചവട സ്ഥാപനങ്ങൾ പൊളിക്കേണ്ടി വരികയും ചെയ്യും. 45 ഏക്കർ വയൽ നികത്തേണ്ടി വരും. ആയിരത്തിലധികം മേൽപാലങ്ങളോ അടിപ്പാതകളോ നിർമ്മിക്കേണ്ടിവരുമെന്നും വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് പദ്ധതി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റി 2018ൽ പരിശോധിച്ച് അനുമതി നിഷേധിച്ചതാണെന്നും ഓര്‍മ്മിപ്പിച്ചു. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications