നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് യുഡിഎഫ്; നേതൃയോഗങ്ങൾ ഉടൻ, 2011 പാഠമാക്കി പ്രവർത്തിക്കാൻ നീക്കം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ നിർണായക മേൽക്കൈയുടെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. പല എൽഡിഎഫ് കൊട്ടകളിലും വിള്ളൽ വീഴ്ത്താൻ കഴിഞ്ഞതിനാൽ തന്നെ മുന്നണി തികഞ്ഞ പ്രതീക്ഷയിലാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ അവിടെയും ഇതേ പ്രകടനം ആവർത്തിക്കാൻ സാധിക്കുമെന്ന വിശ്വാസം മുന്നണി ഇപ്പോൾ വച്ച് പുലർത്തുന്നുണ്ട്. അത് നടപ്പാവാൻ ശ്രമവും അവർ തുടങ്ങിയിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലേക്ക് കടക്കാനാണ് ഇപ്പോൾ യുഡിഎഫ് തീരുമാനം. ഫലം വിലയിരുത്താൻ ഈയാഴ്‌ചകെപിസിസി, യുഡിഎഫ് നേതൃയോഗങ്ങൾ ചേരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മിഷൻ 2025 എന്ന പേരിൽ കോൺഗ്രസ് ലക്ഷ്യമിട്ട് നടപ്പാക്കിയ സംഘടനാപരമായ നീക്കങ്ങൾ ഒരുപരിധിവരെ വിജയിച്ചെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. അത് തുടർന്നും നടപ്പാക്കാനാവും തീരുമാനം.

കാലങ്ങളായി മുന്നണിയോട് പുറം തിരിഞ്ഞുനിന്ന പല വിഭാഗങ്ങളെയും വീണ്ടും അടുപ്പിക്കാൻ സാധിച്ചുവെന്നാണ് ഫലം നൽകുന്ന പ്രാഥമിക വിവരം. മധ്യ കേരളത്തിലെ ആധിപത്യത്തിന് അപ്പുറം മലാബാറിലെ പല ഇടത് കോട്ടകളും കടപുഴകിയത് യുഡിഎഫിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയല്ല. കോഴിക്കോട് ജില്ലയിലെ മണിയൂർ, മൂടാടി, മലപ്പുറത്ത് പെരിന്തൽമണ്ണ അടക്കമുള്ള ഇടങ്ങളിൽ ശക്തി കാട്ടാൻ കോൺഗ്രസിന് സാധിച്ചിരുന്നു.
മാത്രമല്ല ഇടയ്ക്ക് വിഭജിച്ചുപോയ മുസ്ലീം, ക്രിസ്ത്യൻ പിന്തുണ വലിയ തോതിൽ തിരികെ ലഭിച്ചു. യുഡിഎഫിന് കിട്ടിക്കൊണ്ടിരിക്കുന്ന ഭൂരിപക്ഷവിഭാഗങ്ങളുടെ പിന്തുണയിൽ വലിയ ചോർച്ചയില്ലാതെ തന്നെ ന്യൂനപക്ഷ പിന്തുണ ആർജിക്കാൻ കഴിഞ്ഞുവെന്നതാണ് ഇക്കുറി വന്ന ഫലങ്ങൾ നൽകുന്ന സൂചന. കൂടാതെ ഭരണവിരുദ്ധ വികാരം യുഡിഎഫ് അനുകൂല വോട്ടായി മാറിയെന്നാണ് പ്രാഥമികമായുള്ള വിലയിരുത്തൽ.
ഇത്രയൊക്കെ ആണെങ്കിലും യുഡിഎഫ് അമിത പ്രതീക്ഷ വച്ച് പുലർത്തുന്നതിൽ കാര്യമില്ലെന്നാണ് പഴയ ഫലങ്ങൾ നൽകുന്ന സൂചന, അത് അവർക്കും ഉത്തമ ബോധ്യമുണ്ട്. ഉദാഹരണമായി 2010-ലെ തദ്ദേശതിരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കിയാൽ 90 സീറ്റിനുമേൽ നേടി യുഡിഎഫ് 2011-ൽ സംസ്ഥാന ഭരണം പിടിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ അതൊക്കെ കാറ്റിൽ പറത്തുന്ന ഫലമാണ് വന്നത്.
ഭരണം കിട്ടിയെങ്കിലും 72 സീറ്റുകൾ എന്ന ചെറിയ ഭൂരിപക്ഷം മാത്രമാണ് അന്ന് യുഡിഎഫിന് നേടാനായത്. പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരായ ആരോപണങ്ങൾ വീണ്ടും ചർച്ചയായതും ബാലകൃഷ്‌ണപിള്ള-വിഎസ് നിയമപോരാട്ടവും ഒക്കെ അവസാന നിമിഷം യുഡിഎഫിന് തലവേദന ആയി മാറിയിരുന്നു. ഫലമോ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കാതെ വന്നു.
എന്തായാലും ഇക്കുറി അങ്ങെനയൊരു അശ്രദ്ധയ്ക്ക് ഇട നൽകാതെ കഠിന പ്രയത്‌നം നടത്തുക എന്നതാണ് യുഡിഎഫ് നയം. കഴിവതും നിലവിലെ പാർട്ടികൾ മുന്നണിയിൽ നിലനിർത്തി, ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് സമയത്ത് പുതിയ കൂട്ടരുമായി സഖ്യമുണ്ടാക്കാം എന്നാണ് അവർ കരുതുന്നത്. അത്‌കൊണ്ട് മാത്രമാണ് കേരള കോൺഗ്രസ് പോലെയുള്ളവയെ അങ്ങോട്ട് പോയി ക്ഷണിക്കാൻ നിൽക്കാത്തതും.
തൽക്കാലത്തേക്ക് കൂടുതൽ പാർട്ടികളെ മുന്നണിയിലേക്ക് ക്ഷണിക്കാൻ അവർ തയ്യാറാവില്ല എന്നാണ് ഇത് അർത്ഥമാക്കുന്നത്. എങ്കിലും പിവി അൻവർ, സികെ ജാനു തുടങ്ങിയവരുടെ പാർട്ടികളെ അസോസിയേറ്റ് അംഗങ്ങളായി ഒപ്പം ചേർക്കുമെന്നാണ് വിവരം. ബിഡിജെഎസ് ഒപ്പം ചേരുമോ എന്നും കണ്ടറിയണം. അതിൽ പ്രതിപക്ഷ നേതാവിനെ പോലെയുള്ളവരുടെ തീരുമാനം നിർണായകമാകും.












Click it and Unblock the Notifications