നഴ്‌സുമാര്‍ക്ക് ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണം; കെസി വേണുഗോപാൽ
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്ക് കത്ത് നൽകി കെസി വേണുഗോപാൽ എംപി. വൈദഗ്ധ്യമുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പാക്കാത്തത് ചികിത്സാ മേഖലയുടെ ഗുണനിലവാരത്തിന് വെല്ലുവിളിയാകും. ഇത് കണിക്കിലെടുത്ത് രജിസ്‌ട്രേഷന്‍ പ്രക്രിയ എത്രയും വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
'ഉറക്കത്തെയും ആരോഗ്യത്തെയും മാത്രമല്ല കുടുംബ ജീവിതത്തെ പോലും മറന്നാണ് ഓരോ നഴ്സുമാരുടെയും ഓരോ ദിവസവും അവസാനിക്കുന്നത്. കർമ്മതല്പരത കൊണ്ട് നമുക്ക് മുന്നിലെ അത്ഭുതങ്ങളാണ് ഇവർ. എന്നാൽ ഈ മാലാഖ കൂട്ടത്തിന് മെച്ചപ്പെട്ട സാമ്പത്തിക ചുറ്റുപാട് ഒരുക്കാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ഗൗരവമായി ചിന്തിക്കേണ്ടതാണ്.

ഇന്ന് സംസ്ഥാനത്ത് മാത്രമല്ല, മെച്ചപ്പെട്ട ശമ്പളം തേടി രാജ്യത്ത് മറ്റിടങ്ങളിലേക്ക് പോകുന്ന നഴ്സുമാർ സർക്കാർ സംവിധാനങ്ങളുടെ നൂലാമാലകളിൽപ്പെട്ട് വലയുന്ന ദുരവസ്ഥയാണുള്ളത്.
ജോലി ചെയ്യുന്ന സംസ്ഥാനങ്ങളിലേക്ക് നഴ്‌സിങ് ലൈസന്‍സ് രജിസ്‌ട്രേഷന്‍ മാറ്റണമെന്ന നിലവിലെ വ്യവസ്ഥ കാരണം നഴ്‌സുമാരിന്ന് ഏറെ പ്രയാസം നേരിടുകയാണ്. ഇതുകാരണം കേരളത്തില്‍ നഴ്സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നഴ്സിന് അവര്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യേക രജിസ്‌ട്രേഷന്‍ എടുക്കേണ്ട അവസ്ഥയാണ്. കൗണ്‍സില്‍ മാറ്റത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയാലും തുടര്‍നടപടി വൈകുന്ന സാഹചര്യമാണ്.
നഴ്‌സുമാരുടെ കൗണ്‍സില്‍ മാറ്റം ഉള്‍പ്പെടെ പരിഹരിക്കാന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ 2018ല്‍ സജ്ജമാക്കിയ നഴ്‌സസ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ് സിസ്റ്റം ഏതാണ്ട് നിലച്ചു. ഇത് കാരണം യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നു. 36 ലക്ഷത്തിലേറെ നഴ്‌സുമാരുള്ള രാജ്യത്ത് 12 ലക്ഷത്തില്‍ താഴെപേര്‍ക്കാണ് എന്‍ആര്‍ടിഎസ് രജിസ്‌ട്രേഷന്‍ നമ്പറായ നാഷണല്‍ യുണീക് ഐഡന്റിഫിക്കേഷന്‍ (എന്‍യുഐഡി) നമ്പരുള്ളത് എന്നത് കൂടി നാം ചേർത്തു വായിക്കണം.
ആശുപത്രിയുടെ ഗ്രേഡും കിടക്കകളുടെ എണ്ണവും അനുസരിച്ചാണ് വേതനം നല്‍കണമെന്ന സുപ്രീം കോടതി വിധി പോലും നടപ്പാക്കപ്പെടുന്നില്ലന്നെത് അതീവ ദുഃഖകരവും ഏറെ നിരാശാജനവുമാണ്. ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ വളരെ പിന്നിലാണ്. പല നഴ്‌സുമാരും കുറഞ്ഞ ശമ്പളത്തിലാണ് ജോലിച്ചെയ്യുന്നത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ശമ്പളം ഉറപ്പാക്കാനുള്ള നടപടിയുണ്ടാകേണ്ടത് വളരെ അത്യാവശ്യമാണ്. വൈദഗ്ധ്യമുള്ള നഴ്‌സുമാരുടെ സേവനം ഉറപ്പാക്കാത്തത് ചികിത്സാ മേഖലയുടെ ഗുണനിലവാരത്തിന് വെല്ലുവിളിയാകും. ഇത് കണിക്കിലെടുത്ത് രജിസ്‌ട്രേഷന്‍ പ്രക്രിയ എത്രയും വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും
നഴ്‌സുമാര്‍ക്ക് രാജ്യത്തെവിടെയും ജോലിക്ക് പ്രവേശിക്കാന്‍ കഴിയുന്ന ഏകീകൃത ദേശീയ രജിസ്‌ട്രേഷന്‍ സംവിധാനം നടപ്പിലാക്കുകയും വേണം. ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ജെ.പി നദ്ദയോട് ആവശ്യപ്പെട്ടുകൊണ്ട് കത്തുനല്‍കിയിട്ടുണ്ട്. എത്രയും വേഗം അടിയന്തര നടപടി ഉണ്ടാകും എന്നാണ് പ്രതീക്ഷ', കത്തിൽ വേണുഗോപാൽ പറഞ്ഞു.












Click it and Unblock the Notifications