ഏക സിവിൽ കോഡ്; സിപിഎം സെമിനാർ ഇന്ന്.. സമസ്ത ഉൾപ്പെടെ മുസ്ലീം സംഘടന നേതാക്കൾ പങ്കെടുക്കും
തിരുവനന്തപുരം:വിവാദങ്ങൾക്കും ചർച്ചകൾക്കുമിടെ ഏകീകൃത സിവില്‍ കോഡില്‍ സി പി എം സംഘടിപ്പിക്കുന്ന ജനകീയ സെമിനാര്‍ ഇന്ന് നടക്കും. കോഴിക്കോട് സ്വപ്ന നഗരിയിലെ ട്രേഡ് സെന്ററിൽ വൈകീട്ട് നാലിനാണ് പരിപാടി. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പരിപാടി ഉദ്ഘാടനം ചെയ്യും.
കോണ്‍ഗ്രസിനെ മാറ്റിനിർത്തി മുസ്‍ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതോടെയായിരുന്നു വിഷയത്തിൽ വിവാദങ്ങൾ ഉടലെടുത്തത്. സെമിനാറിൽ ലീഗിനെ എത്തിക്കാൻ കഴിഞ്ഞാൽ അത് നേട്ടമാകുമെന്ന് സി പി എം കണക്ക് കൂട്ടിയിരുന്നു. എന്നാൽ ലീഗ് ക്ഷണം നിരസിച്ചത് സി പി എമ്മിന് തിരിച്ചടിയായി. അതേസമയം സമസ്ത സെമിനാറിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മുക്കം ഉമർ ഫൈസിയും പിഎം അബുസലാം ബാഖയുമായിരിക്കും സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക.

കാന്തപുരം വിഭാഗത്തിൽ നിന്നും കേരള മുസ്ലീം ജമാഅത്ത് ഭാരവാഹികളാണ് പങ്കെടുക്കുന്നത്. സുന്നി മുജാഹിദ് വിഭാഗം നേതാക്കളും ക്രൈസ്തവ സഭാ നേതാക്കളുമടക്കം സെമിനാറിൽ പങ്കെടുക്കും. പുന്നല ശ്രീകുമാർ, രാമഭദ്രന്‍ തുടങ്ങി ദലിത് നേതാക്കളും പങ്കെടുക്കുന്നുണ്ട്.ബി ഡി ജെ എസും സെമിനാറിന്റെ ഭാഗമാകും.
തങ്ങളെ സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചിരുന്നതായി എസ് എൻ ഡി പി ജനറൽ യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചിരുന്നു. അതേസമയം ഏക സിവിൽ കോഡ് ബില്ലിന്റെ കരട് വരും മുൻപാണ് വിഷയത്തിൽ തമ്മിൽ തല്ല് നടക്കുന്നതെന്നും ഏകദേശ രൂപവും തോന്നലുകൾ വെച്ചുള്ള ചർച്ചകളും സംവാദങ്ങളുമാണ് ഇപ്പോൾ നടക്കുന്നതെന്നുമാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.
അതേസമയം മുതിർന്ന സി പി ഐ നേതാക്കൾ സെമിനാറിൽ പങ്കെടുക്കില്ല. ദേശീയ കൗൺസിൽ ചേരുന്നതിനാലാണ് പ്രമുഖ നേതാക്കൾ പങ്കെടുക്കാത്തതെന്നാണ് നേതൃത്വം വിശദീകരിക്കുന്നത്. എന്നാൽ സെമിനാറിലേക്ക് ലീഗിനെ ക്ഷണിച്ചത് മുതൽ സി പി ഐ അതൃപ്തിയിലായിരുന്നു. മാത്രമല്ല കരട് നിയമം പോലും ആകാത്ത സാഹചര്യത്തിൽ ഏകവ്യക്തി നിയമത്തിനെതിരെ തിടുക്കപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിനും നേതൃത്വത്തിന് വിയോജിപ്പുണ്ട്.
അതിനിടെ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനെയും മുസ്ലിം ലീഗിനെയും ചേര്‍ത്തുള്ള പരിപാടിയെ കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി. ഏകീകൃത സിവില്‍ കോഡ് തുല്യത കൊണ്ടുവരില്ലെന്നും സെമിനാറിൽ കോൺഗ്രസിനെ സി പി എം ക്ഷണിക്കാത്തത് സംസ്ഥാന നേതൃത്വത്തോട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications