• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കുഞ്ഞാലിക്കുട്ടിയെ മുട്ട് കുത്തിച്ചത് മുതൽ ലീഗ് വേട്ടയാടുന്നു', ജലീലിന് പിന്തുണയുമായി വി അബ്ദുറഹ്മാൻ

താനൂർ: ബന്ധുനിയമന ആരോപണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് രാജി വെക്കേണ്ടി വന്ന കെടി ജലീലിന് പിന്തുണയുമായി താനൂർ എംഎൽഎ വി അബ്ദുറഹ്മാൻ. ഉമ്മൻചാണ്ടിയുടേയും വികെ ഇബ്രാഹിം കുഞ്ഞിന്റെയും കെഎം ഷാജിയുടേയും ഒക്കെ അനുയായികൾ ധാർമികത എന്നൊക്കെ പറയാൻ തുടങ്ങിയിരിക്കുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ എംഎൽഎ പരിഹസിച്ചു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ബാർ കോഴ കേസിൽ അഴിമതി ആരോപിതനായ മന്ത്രി കെ ബാബു രാജി കത്തുമായി ഉമ്മൻ ചാണ്ടിയുടെ പിന്നാലെ നടന്ന് ചെരുപ്പ് തേഞ്ഞ കഥയെല്ലാം നാട്ടിൽ പാട്ടാണ്. പ്രത്യക്ഷ തെളിവുകളുണ്ടായിട്ടും തന്റെ മന്ത്രിയുടെ രാജിക്കത്ത് വലിച്ചു കീറിക്കളഞ്ഞ ഉമ്മൻ ചാണ്ടിയുടേയും, പാലം പൊളിഞ്ഞിട്ടും ഞാനൊന്നും അറിഞ്ഞില്ലേയെന്ന് വിലപിക്കുന്ന ഇബ്രാഹിം കുഞ്ഞിന്റെയും അനുയായികൾ ധാർമികത എന്നൊക്കെ പറഞ്ഞ് തുടങ്ങിയിരിക്കുന്നു. പക്ഷപാതപരമായ ഓർമക്കുറവ് ബാധിച്ചവരെ ചില കാര്യങ്ങൾ ഓർമപ്പെടുത്താനുണ്ട്.

50 ലക്ഷം രൂപയാണ് മുസ്ലിം ലീ​ഗ് എം എൽ എ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അനധികൃതമായി സൂക്ഷിച്ച നിലയിൽ വിജിലൻസ് കണ്ടെടുക്കുന്നത്. അദ്ദേഹത്തിന്റെ സ്വത്തിലുണ്ടായ വർധനവും, വീട്ടിൽ സൂക്ഷിച്ച വിദേശ കറൻസിയുമൊന്നും തന്നെ ഈ ധാർമികത വിളമ്പുന്നവർക്ക് കാണാനാകുന്നില്ല. 150 കോടി രൂപയിലേറെ തട്ടിപ്പ് നടത്തിയ മറ്റൊരു മുസ്ലിം ലീ​ഗ് ജനപ്രതിനിധിയും ഇവരുടെ മുന്നിലൂടെ തലയുയർത്തി നടക്കുന്നുണ്ട്. അദ്ദേഹം ചെയ്തതിലെ അധാർമികതയൊന്നും ഇവരെ തെല്ലുമേ അലട്ടുന്നില്ല. കത്വയിലെ ഒരു കുഞ്ഞ് പൈതലിന്റെ പേരിൽ പിരിച്ച പണം പോലും സ്വന്തം പോക്കറ്റിലാക്കിയവരുടെ ധാർമികതയിലും അവർക്ക് തെല്ലും വേദനയില്ല.

സ്വന്തം ആൾക്കാർ കക്കുന്നത് ധാർമിക കക്കലും, ഹൈക്കോടതിയും, ​ഗവർണറും അടക്കം തള്ളികളഞ്ഞൊരു ആരോപണത്തിൽ രാഷ്ട്രീയ പ്രേരിതമായ നടപടി വരുമ്പോൾ ആ വ്യക്തി പറയുന്നതെല്ലാം അധാർമികവും ആകുന്നതെങ്ങനെ? കെ ടി ജലീൽ വീട്ടിൽ കിടന്നുറങ്ങിയ ആരെയും വിളിച്ചുണർത്തി ജോലി നൽകിയിട്ടില്ല. കൃത്യമായതും, നിയമപരമായതുമായ വഴികളിലൂടെ തന്നെയാണ് അദ്ദേഹം എന്നും സഞ്ചരിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിലും ലോകായുക്ത നടപടിയെ വിമർശ വിധേയമാക്കിയിട്ടുണ്ട്.

പി കെ കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മുട്ട് കുത്തിച്ചപ്പോൾ മുതൽ മുസ്ലിം ലീ​ഗ് അദ്ദേഹത്തെ വേട്ടയാടാൻ തുടങ്ങിയതാണ്. അവരുടെ മുന്നിലൂടെ അദ്ദേഹം രണ്ടു തവണ എം എൽ എ ആയി, ഒരു തവണ മന്ത്രിയായി. കേരളം മുഴുവൻ അം​ഗീകരിക്കുന്ന നേതാവായി. പക്ഷേ അപ്പോഴും ലീ​ഗിന് അദ്ദേഹം കണ്ണിലെ കരടായി തുടർന്നു. അതുകൊണ്ട് മാത്രമാണ് ധാർമികത ഉയർത്തിപിടിച്ച് രാജി സമർപ്പിച്ച അദ്ദേഹത്തിനെ പിന്നെയും വേട്ടായാടുന്നത്. സ്വന്തം കണ്ണിലെ മരത്തടി കാണാതെ മറ്റുള്ളവരുടെ കണ്ണിലെ കരട് ചൂണ്ടികാണിക്കുന്നവരോട് ഒന്നേ പറയാനുള്ളു. നിങ്ങളുടെ വേട്ടയാടലുകൾക്ക് മുന്നിൽ മുട്ടു മടക്കുന്നവനല്ല അദ്ദേഹമെന്ന് കഴിഞ്ഞ 15 കൊല്ലം കൊണ്ട് തെളിയിച്ചതാണ്. ഇനിയും അങ്ങനെ തന്നെയായിരിക്കും''.

English summary
V Abdurahman MLA comes in support of KT Jaleel who resigned minister post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X