ഗുരുതര ആരോപണമുയര്‍ത്തി ബിജെപി; കോവിന്‍ ആപ്പില്‍ കേരളത്തില്‍ അട്ടിമറിയെന്ന്... ആപ്പ് നിർമിച്ചത് കേന്ദ്രം
ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ കൊവിന്‍ ആപ്പില്‍ അട്ടിമറിയുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് ബിജെപി നേതാവായ എസ് സുരേഷ് ആയിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ഡിസ്‌കഷനില്‍ ഉന്നയിക്കപ്പെട്ട ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു അത്.
ഇപ്പോള്‍ അതേ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്, കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിയായ വി മുരളീധരന്‍ ആണ്. സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെ ഒരു അട്ടിമറി നടത്തിയിരിക്കുന്നത് എന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ ഒന്നും ഉന്നയിക്കാന്‍ മുരളീധരന്റേയോ ബിജെപിയുടേയോ കൈവശമില്ല. വിശദാംശങ്ങള്‍ നോക്കാം...

കേന്ദ്രത്തിന്റെ സ്വന്തം
വാക്‌സിനേഷന്‍ രജിസ്‌ട്രേഷനുള്ള കൊവിന്‍ വെബ്‌സൈറ്റും ആപ്പും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയതാണ്. ഈ ആപ്പില്‍ രജിസ്‌ട്രേഷന് ഒരുപാട് പ്രശ്‌നങ്ങളാണ് നിലവിലുള്ളത്. ഈ വിഷയങ്ങള്‍ ഉന്നയിച്ചപ്പോള്‍ ആയിരുന്നു കഴിഞ്ഞ ദിവസം എസ് സുരേഷ് ആപ്പില്‍ അട്ടിമറി എന്ന ആരോപണവുമായി രംഗത്ത് വന്നത്.

മുരളീധരനും പറയുന്നു
കൊവിന്‍ ആപ്പ് പ്രവര്‍ത്തിക്കാത്തതിന് പിന്നില്‍ ആസൂത്രിത ഗുഢാലോചനയും അട്ടിമറിയും ഉണ്ട് എന്നാണ് മുരളീധരന്റെ ആരോപണം. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്‌സിന്റെ പേരില്‍ ലാഭമുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹായിക്കുകയാണ് എന്നും വി മുരളീധരന്‍ ആരോപിക്കുന്നുണ്ട്.

70 ലക്ഷം വാക്‌സിന്‍ നല്‍കി
സൗജന്യ വാക്‌സിനേഷന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 70 ലക്ഷം വാക്‌സിന്‍ ആണ് കേരളത്തിന് നല്‍കിയത് എന്നാണ് മുരളീധരന്റെ അവകാശവാദം. ഇത് ആളുകളില്‍ സൗജന്യമായി എത്തിക്കുന്നതിന് സൗകര്യമൊരുക്കാതെ 250 രൂപയ്ക്ക് വാക്‌സിന്‍ നല്‍കുന്ന സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള കുബുദ്ധി ആരുടേതാണ് എന്നാണ് മുരളീധരന്റെ ചോദ്യം. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് ആപ്പ് പ്രവര്‍ത്തന രഹിതമാക്കിവച്ചത് എന്നും അദ്ദേഹം പറയുന്നു.

സര്‍ക്കാര്‍ നടപടി എടുക്കാത്തതെന്ത്
സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ മേഖലയ്ക്ക് വാക്‌സിന്‍ മാറ്റിവയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്. കൊവിന്‍ ആപ്പില്‍ മനപ്പൂര്‍വ്വം തകരാര്‍ ഉണ്ടാക്കുന്ന ആളുകള്‍ക്കെതിരെ എന്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നടപടി എടുക്കുന്നില്ല എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

കേന്ദ്രത്തിന് ചെയ്യാമോ?
കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയ ആപ്പില്‍ ആരെങ്കിലും കൃത്രിമം കാണിച്ചാല്‍ അതിനെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയില്ലേ എന്നാണ് മറുചോദ്യം. ആപ്പിലെ പ്രശ്‌നത്തിന്റെ പേരില്‍ സ്വകാര്യ ആശുപത്രികളില്‍ കൂടുതല്‍ വാക്‌സിനേഷന്‍ നടക്കുന്നു എന്ന ആരോപണവും ശരിയല്ലെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ മേഖലയില്‍ തന്നെ
കേരളത്തില്‍ ഏറ്റവും അധികം വാക്‌സിനേഷന്‍ നടക്കുന്നത് സര്‍ക്കാര്‍ മേഖലയില്‍ സൗജന്യമായിത്തന്നെയാണ്. സ്വകാര്യ ആശുപത്രികളില്‍ ഉള്ള വാക്‌സിനേഷന്‍ നിരക്ക് താരതമ്യേന കുറവാണ്. മെയ് 1 മുതല്‍ പുതിയ വാക്‌സിനേഷന്‍ പോളിസി നടപ്പിലാകുന്നതോടെ സ്വകാര്യ ആശുപത്രികളിലൂടെയുളള വാക്‌സിനേഷന്‍ നിരക്ക് വീണ്ടും കുറയാനാണ് സാധ്യത.

വാക്‌സിന്‍ വേസ്റ്റേജ്
വാക്‌സിന്‍ വേസ്റ്റേജിന്റെ കാര്യത്തിലും കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ഏറ്റവും ഒടുവില്‍ പുറത്ത് വന്ന കണക്കുകളില്‍ കേരളത്തിലെ വാക്‌സിന്‍ വേസ്റ്റേജ് പൂജ്യമാണ്. ഏറ്റവും മികച്ച രീതിയില്‍ വാക്‌സിന്‍ വിതരണം നടക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ് ഈ റിപ്പോര്‍ട്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

വാക്‌സിന്‍ ഷോര്‍ട്ടേജ്
കേരളം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് ഔദ്യോഗിക വിശദീകരണം. ആവശ്യപ്പെട്ട അമ്പത് ലക്ഷം ഡോസുകള്‍ ഇനിയും ലഭ്യമായിട്ടില്ല എന്നാണ് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളത്. വാക്‌സിന്‍ വിതരണത്തിലെ പ്രതിസന്ധിക്ക് കാരണങ്ങളില്‍ ഒന്ന് ഇതും കൂടിയാണ്.
ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ. നടി തനുശ്രീ ദത്തയുടെ പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications