'നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെ മന്ത്രിയായ ആളാണ് വി മുരളീധരൻ..'; പരിഹാസവുമായി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമർശനവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. അമ്മായി അച്ഛൻ മുഖ്യമന്ത്രിയായതു കൊണ്ട് മന്ത്രി ആയ ആളല്ല താനെന്ന വി മുരളീധരന്റെ പരിഹാസത്തിന് അതേ ഭാഷയിൽ തന്നെയാണ് മന്ത്രിയുടെ മറുപടി. വി മുരളീധരൻ കേന്ദ്ര മന്ത്രിയായത് നമോ പൂജ്യ നിവാരണ പദ്ധതിയിലൂടെയാണെന്ന് മുഹമ്മദ് റിയാസ് പരിഹസിച്ചു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറെ പോലും നിയന്ത്രിക്കുന്നത് ഇത്തരം മുരളീധരന്മാരാണ്. ജനാധിപത്യപരമായി ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇത്തരം സൗകര്യങ്ങളും ഭരണഘടന പദവികളും ഉപയോഗപ്പെടുത്തുന്നതാണ് കാണുന്നത്. തറവാട് സ്വത്തല്ല കേരളത്തിന് അർഹതപ്പെട്ട വിഹിതമാണ് ചോദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജനങ്ങൾ നികുതി അടക്കുന്ന പണമാണ് അത്, സംസ്ഥാനത്തിന്റെ അവകാശമാണ്. കേരള സംസ്ഥാന വികസന മുടക്ക് വകുപ്പ് മന്ത്രിയാണ് വി മുരളീധരനെന്നും റിയാസ് കുറ്റപ്പെടുത്തി. ജനിച്ചു വളർന്ന നാട് നശിച്ചു കാണാൻ അഗ്രഹിക്കുന്ന വികൃത മനസിനുടമയാണ് അദ്ദേഹമെന്നും റിയാസ് പ്രതികരിച്ചു.
നമോ പൂജ്യ നിവാരണ പദ്ധതിയുടെ ഭാഗമായി കേന്ദ്രമന്ത്രിയായ വ്യക്തിയാണ് മുരളീധരൻ. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ എപ്പോൾ ഭക്ഷണം കഴിക്കണം, എപ്പോൾ മൂത്രമൊഴിക്കണം എന്നെല്ലാം നിശ്ചയിക്കുന്നത് മുരളീധരൻമാരാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ സംസ്‌കാരമാണ് കാണിച്ചത്. അതേ രീതിയിൽ മറുപടി പറയാൻ തന്റെ പ്രസ്ഥാനം പഠിപ്പിച്ചിട്ടില്ലെന്നും റിയാസ് കൂട്ടിച്ചേർത്തു.
അതേസമയം, കഴിഞ്ഞ ദിവസമാണ് മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ രംഗത്ത് വന്നത്. മുഹമ്മദ് റിയാസ് പേടിപ്പിക്കാൻ നോക്കേണ്ടെന്നും അമ്മായിയച്ഛൻ മുഖ്യമന്ത്രിയായതുകൊണ്ടു മന്ത്രിയായ ആളല്ല താനെന്നും മുരളീധരൻ പരിഹസിച്ചിരുന്നു. നവകേരള സദസിൽ റിയാസ് മുരളീധരനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.
'മുഹമ്മദ് റിയാസും അമ്മായിയച്ഛനും കൂടി നടത്തുന്ന വികസനം കണ്ടിട്ട് ജനങ്ങൾക്ക് റോഡിൽ ഇറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. ശബരിമലയിൽ കൊടുത്ത 95 കോടി എന്തു ചെയ്തെന്നാണ് ടൂറിസം മന്ത്രി ആദ്യം പറയേണ്ടത്. ദേശീയപാത വികസനം കേന്ദ്രസർക്കാരാണ് നടത്തുന്നത്' മുരളീധരൻ പ്രതികരിച്ചു.
കേരളത്തിന് ഏറ്റവും വിനാശകരമായിട്ടുള്ള സർക്കാരും പ്രത്യയശാസ്ത്രവുമാണ് സിപിഎം. അവരെ ഇല്ലാതാക്കാനാണു ശ്രമം. സിപിഎമ്മിന് മേലുള്ള കേരളത്തിലെ ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കാനും പിന്തുണ ഇല്ലാതാക്കാനും ഇനിയത്തെ ശ്രമിക്കും. കമ്മ്യൂണിസം ലോകം മുഴുവൻ നാശമേ ഉണ്ടാക്കിയിട്ടുള്ളു. ലോകം മുഴുവൻ കമ്മ്യൂണിസം വലിച്ചെറിഞ്ഞുവെന്നും മുരളീധരൻ ആരോപിച്ചിരുന്നു.












Click it and Unblock the Notifications