ഡോ വന്ദന ദാസ് കൊലക്കേസ്: പ്രതി സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു
കൊച്ചി: ഡോ വന്ദനാദാസ് കൊലക്കേസ് പ്രതി സന്ദീപിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്നു സന്ദീപ്. ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ വകുപ്പ് നടപടിയെടുത്തത്. അച്ചടക്ക നടപടിയുടെ ഭാഗമായിട്ടാണ് സന്ദീപിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സന്ദീപിന്റെ ഹീനമായ പ്രവര്‍ത്തികളും, പെരുമാറ്റങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുകയും, അധ്യാപക സമൂഹത്തിനാകെ അപമാനം വരുത്തുകയും ചെയ്തതായും അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയതായി മന്ത്രി പറഞ്ഞു.നേരത്തെ സന്ദീപിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. മെയ് പത്തിനാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ് ഹര്‍ജനായ ഡോ വന്ദന സന്ദീപിന്റെ കൊലക്കത്തിക്ക് ഇരയായത്. സ്ഥിരം മദ്യപാനിയും ലഹരി കിട്ടാതെ വരുമ്പോഴുള്ള വിഭ്രാന്തിയുള്ളയാളായിരുന്നു പ്രതി സന്ദീപ്.

പോലീസാണ് പ്രതിയെ കൊട്ടാരക്കരയിലെ ആശുപത്രിയിലെത്തിയത്. സന്ദീപ് മദ്യത്തിന് അടിമയാണെന്നും ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടിട്ടുണ്ടെന്നും, ഈ സാഹചര്യത്തിലാണ് സന്ദീപിനെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കൊല്ലണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് പ്രതി കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.കേസില്‍ വിചാരണ ആരംഭിക്കാനിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൊലപാതകം നേരില്‍ കണ്ട ആശുപത്രി ജീവനക്കാര്‍, രോഗികള്‍, പോലീസുകാര്‍ അടക്കം 136 സാക്ഷികളുടെ മൊഴി അടങ്ങിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കൊലപാതകത്തിന് പ്രതി ഉപയോഗിച്ച ഉപകരണം, സിസിടിവി ദൃശ്യങ്ങള്‍, സന്ദീപിന്റെ ഷര്‍ട്ടിലെ വന്ദനാ ദാസിന്റെ രക്തക്കറ അടക്കം 110 തൊണ്ടിമുതലുകളും ,ശാസ്ത്രീയ തെളിവുകളും ഇതിലുണ്ട്. അതേസമയം സന്ദീപ് ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
താന്‍ നിരപരാധിയാണെന്നും, ജാമ്യം അനുവദിക്കണമെന്നും പറഞ്ഞുകൊണ്ടാണ് സന്ദീപ് ഹര്‍ജി നല്‍കിയത്. അരക്ഷിതമായ മാനസികാവസ്ഥയിലായിരുന്നു എന്നാണ് സന്ദീപിന്റെ വാദം. വന്ദന ദാസിന്റെ എംബിബിഎസ് ബിരുദം നേരത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നു. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയാണ് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്‍കിയത്.












Click it and Unblock the Notifications