വന്ദേഭാരത് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടമെന്ന് ബിജെപി; സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന് മന്ത്രി
തിരുവനന്തപുരം: വന്ദേഭാരത് എക്‌സപ്രസ് കേരളത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഷുക്കൈനീട്ടമാണെന്ന് ബി ജെ പി നേതാവ് പി കെ കൃഷ്ണദാസ്. 16 കോച്ചുള്ള ട്രെയിന്‍ ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നതില്‍ യാതൊരുവിധ സംശയവുമില്ലെന്ന് കൃഷ്ണദാസ് പറഞ്ഞു. കേരളത്തില്‍ അധികം വൈകാതെ തന്നെ വന്ദേഭാരത് ട്രെയിന്‍ ഓടിത്തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ പി കെ കൃഷ്ണദാസ് അറിയിച്ചിരുന്നു.
വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടികള്‍ക്കായുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായി . പുതിയ തീവണ്ടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നിലവില്‍ നടക്കുകയാണ്. പുതിയ വന്ദേ ഭാരത് എക്സ്പ്രസുകളുടെ പ്രഖ്യാപനത്തില്‍ കേരളത്തെയും പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ മാസത്തോടെയാണ് വന്ദേഭാരത് ഓടിത്തുടങ്ങുകയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ മാസം 25ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് നിന്ന് ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുമെന്നാണ് കരുതുന്നത്.

അതേസമയം, 160 കിലോ മീറ്റര്‍ വേഗതയുള്ള ട്രെയിനാണ് വന്ദേഭാരത് എങ്കിലും ഇപ്പോള്‍ 110 കിലോ മീറ്റര്‍ വേഗത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്കിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലിഗാര്‍ സര്‍വേ നടത്തുമെന്നും പി കെ കൃഷ്ണദാസ് അറിയിച്ചു. എന്നാല്‍ വന്ദേഭാരത് കേരളത്തിലെത്തുമ്പോള്‍ പുതിയൊരു വിവാദത്തിനും തിരി തെളിഞ്ഞിട്ടുണ്ട്.
കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ എത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞിട്ടില്ലെന്നാണ് മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ അറിയിച്ചത്. സംസ്ഥാന സര്‍ക്കാരിന് ഔദ്യോഗികമായി അറിയിപ്പ് ലഭിച്ചതിന് ശേഷം പ്രതികരിക്കുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ വന്ദേഭാരത് ട്രെയിന്‍ വലിയ സൗകര്യമാണെന്ന് ബി ജെ പി നേതാവ് ഒ രാജഗോപാല്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് മലബാര്‍ ഭാഗത്തേക്ക് പോകുന്നവര്‍ക്ക് ഈ ആധുനിക ട്രെയിന്‍ ഉപകാരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ചെന്നൈയില്‍ നിന്ന് പുറപ്പെട്ട വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഇവിടെ നിന്ന് ഷോര്‍ണൂര്‍ വഴി തിരുവനന്തപുരത്തേക്ക് എത്തും. റെയില്‍വെ സ്റ്റേഷനില്‍ ബി ജെ പി പ്രവര്‍ത്തകര്‍ ലഡു വിതരണം നല്‍കി. മുദ്രാവാക്യം വിളിയോടെയാണ് ബി ജെ പി പ്രവര്‍ത്തകര്‍ ട്രെയിനിനെ പാലക്കാടേക്ക് സ്വീകരിച്ചത്. ബി ജെ പി പ്രവര്‍ത്തരെ കൂടാതെ ഒട്ടേറെ യാത്രക്കാരും വന്ദേഭാരതിനെ സ്വീകരിക്കാന്‍ പാലക്കാടേക്ക് എത്തി.
അതേസമയം, വന്ദേഭാരത് കേരളത്തിലേക്ക് ഉടനില്ലെന്ന പ്രചാരണം ശക്തമായിരുന്നു. എന്നാല്‍ വളരെ അപ്രതീക്ഷിതമായാണ് ഇന്ന് കേരളത്തിലേക്ക് ട്രെയിന്‍ എത്തിയത്. നേരത്തെ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞത് കേരളത്തിലേക്ക് വന്ദേഭാരത് ട്രെയിന്‍ പരിഗണനയില്‍ ഇല്ലെന്നാണ്. ഇതിനെതിരെ അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമാണെന്നും വിഷയത്തില്‍ അടിയന്തിരമായി പുനരാലോചന നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്.
കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് വീണ്ടും ചുവപ്പുകൊടി കാട്ടുന്നതാണ് ഇതുസംബന്ധിച്ച് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ നല്‍കിയ മറുപടി. കേരളത്തില്‍ വന്ദേ ഭാരത് എക്‌സ്പ്രസ് വൈകാതെ എത്തുമെന്നാണ് 2023 ഫെബ്രുവരി ആദ്യവാരത്തില്‍ പോലും കേന്ദ്ര റെയില്‍വേ മന്ത്രി ആവര്‍ത്തിച്ചു വ്യക്തമാക്കിയത്. ഇതില്‍ നിന്നും റെയില്‍വേ മന്ത്രാലയം ഇപ്പോള്‍ പിന്നോക്കം പോയത് ദുരൂഹമാണ്. രാജ്യത്തിന്റെ റെയില്‍ ഭൂപടത്തില്‍ നിന്ന് കേരളത്തെ അപ്രസക്തമാക്കാനുള്ള നിരന്തര നടപടികളില്‍ ഏറ്റവും അവസാനത്തേതാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.












Click it and Unblock the Notifications