വസന്തകുമാറിന്റെ പെട്ടി തുറക്കില്ല, കാണാൻ വാശി പിടിക്കരുത്! അവസാനമായി ഒരു നോക്ക് കാണാതെ
വയനാട്: പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ധീരജവാന്‍ വിവി വസന്തകുമാറിന് പിറന്ന നാട് കണ്ണീരോടെ വിട നല്‍കിയിരിക്കുന്നു. സ്വദേശമായ വയനാട് തൃക്കൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലാണ് വസന്തകുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചത്. ഹൃദയഭേദകമായിരുന്നു സംസ്‌ക്കാരച്ചടങ്ങുകള്‍. ഒരു നാട് മുഴുവന്‍ വിങ്ങുന്ന ഹൃദയത്തോടെ വസന്തകുമാറിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.
ഉച്ചയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ആദ്യം പൊതുദര്‍ശനത്തിന് ലക്കിടിയിലേക്കാണ് കൊണ്ടുപോയത്. ശേഷം വീട്ടിലെത്തിക്കുമ്പോള്‍ തന്നെ ഏറെ വൈകിയിരുന്നു. അവസാനമായി വസന്തകുമാറിനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്നവരുടെയെല്ലാം ഹൃദയം പിളര്‍ക്കുന്ന വിവരമായിരുന്നു കണ്ണൂരില്‍ നിന്നുളള സിആര്‍പിഎഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് അലക്‌സ് ജോര്‍ജിനും സംഘത്തിനും അറിയിക്കാനുണ്ടായിരുന്നത്.

അവസാനമായി വസന്തകുമാറിനെ കാണാന്‍ ആര്‍ക്കും കഴിയില്ല എന്ന് വീട്ടുകാരെ അറിയിക്കേണ്ട ദൗത്യമായിരുന്നു അലക്‌സ് ജോര്‍ജിന്. വീട്ടുകാരെ കണ്ട ശേഷം വസന്തകുമാറിന്റെ അര്‍ധസഹോദരനായ സജീവിനെ അലക്‌സ് ജോര്‍ജ് അടുത്തേക്ക് വിളിച്ചു. ചുറ്റും കൂടിയ ആളുകളില്‍ നിന്നും സജീവനെ മാറ്റി നിര്‍ത്തി കാര്യം അറിയിച്ചു. വസന്തകുമാറിന്റെ പെട്ടി തുറക്കില്ല. ഭൗതികദേഹം കാണാന്‍ ആരും വാശി പിടിക്കരുതം. വീട്ടുകാരെ ഇക്കാര്യം അറിയിക്കണം എന്നായിരുന്നു അലക്‌സ് ജോര്‍ജ് പറഞ്ഞത്.
അലക്‌സ് ജോര്‍ജിന്റെ വാക്കുകള്‍ മറുപടിയൊന്നും പറയാതെ തല താഴ്ത്തി സജീവന്‍ കേട്ട് നിന്നു. പിന്നെ പതുക്കെ വീടിനകത്തേക്ക് തിരി്ച്ച് കയറി. വിവരം വീട്ടിലുളളവരെ അറിയിച്ചു. അകത്ത് നിന്നും കരച്ചില്‍ ഉയര്‍ന്നു. വസന്തകുമാര്‍ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും സാധനങ്ങളുമാണ് അലക്‌സ് ജോര്‍ജിന് തിരിച്ച് ഏല്‍പ്പിക്കാനുണ്ടായിരുന്നത്. അപ്പോഴും, മണ്ണിലേക്ക് മടങ്ങുംമുന്‍പ് പ്രിയ സൈനികന്റെ മുഖമെങ്കിലും ഒരു നോക്ക് കാണാനാവാതെ ഒരു നാട് മുഴുവന്‍ വിറങ്ങലിച്ച് നിന്നു.












Click it and Unblock the Notifications