'വൃത്തികേട് കാട്ടുന്ന ഒരുത്തനും കേരളത്തില്‍ കാക്കിയിട്ട് നടക്കില്ല, ചെവിയിൽ നുള്ളിക്കോ'; വിഡി സതീശൻ
തിരുവനന്തപുരം: കേരള പോലീസിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെഎസ്‌യു നേതാക്കളെ കൈയാമം വെച്ച് തലയിൽ കറുത്ത തുണിയിട്ട് കോടതിയിൽ ഹാജരാക്കിയ സംഭവത്തിന് പിന്നാലെയായിരുന്നു സതീശന്റെ വിമർശനം. അതിശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നാണ് സതീശൻ മുന്നറിയിപ്പ് നൽകിയത്. മുഖ്യമന്ത്രി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
'കെഎസ്‌യു നേതാക്കളെ കൈയാമം വെച്ച് തലയിൽ കറുത്ത തുണിയിട്ടാണ് കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്. അവർ തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? കേരളത്തിലെ പോലീസ് എവിടേക്കാണ് പോകുന്നത്. രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ സേനയിൽ ഉണ്ട്. എല്ലാ വൃത്തികേടുകൾക്കും അഴിമതിക്കും കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരാണ്' സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

'അവർക്ക് പാർട്ടി സംരക്ഷണം കൊടുക്കുന്നതുകൊണ്ടാണ്. പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണ് കെഎസ്‌യുക്കാരെ, കള്ളക്കേസിൽ കുടുക്കി തീവ്രവാദികളേയും കൊടും ക്രിമിനലുകളേയും പോലെ തലയിൽ തുണിയിട്ട് കൈയാമം വച്ച് കൊണ്ടുവന്നത്. എന്തു നീതിയാണ് കേരളത്തിൽ നടപ്പിലാകുന്നത്' വിഡി സതീശൻ ചോദിച്ചു.
'രാജാവിനേക്കാൾ രാജഭക്തികാണിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചെവിയിൽ നുള്ളിക്കോ, പണ്ടൊക്കെ ഞങ്ങൾ പൊറുക്കുകയായിരുന്നു. ഇനി എല്ലാം ഓർത്തുവെക്കും. വൃത്തികേട് കാണിക്കുന്ന ഒറ്റ ഒരുത്തനും കേരളത്തിൽ കാക്കിയിട്ട് നടക്കില്ല. അത്രമാസം തോന്നിവാസവും അസംബന്ധവുമാണ് ഇവരൊക്കെ കാണിക്കുന്നത്' പ്രതിപക്ഷ നേതാവ് പറഞ്ഞു.
'എവിടെയാണ് മുഖ്യമന്ത്രി? എത്ര സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി എന്തിനാണ് മൗനം പാലിക്കുന്നത്. ഒട്ടകപ്പക്ഷിയെപ്പോലെ മണ്ണിൽ തലപൂഴ്ത്തി നിൽക്കുന്നു. ഒരു ഭരണാധികാരിക്ക് ചേർന്നതല്ല ഈ മൗനം. മുഖ്യമന്ത്രിക്ക് സംസാരിക്കാൻ ഭയമാണ്' എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂരിലെ ഓഡിയോ ക്ലിപ് വിവാദത്തിൽ സിപിഎമ്മിനെ വിഡി സതീശൻ രൂക്ഷമായി വിമർശിച്ചു. സംസ്ഥാനത്ത് അധികാരത്തിൽ ഇരിക്കുന്ന ഒരു പാർട്ടിയുടെ എത്ര ദയനീയമായ അധഃപതനമാണ് ഉണ്ടായിരിക്കുന്നത് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സാധാരണക്കാരനായ ഒരാൾ അല്ല പറഞ്ഞിരിക്കുന്നത്. ഡിവൈഎഫ്ഐ നേതാവ് തന്നെയാണ് പറഞ്ഞത്. ജില്ലാ നേതൃത്വത്തിൽ ഉള്ളവർ കവർച്ചാ സംഘത്തിൽ ഉള്ളവരാണ് എന്നാണ് പറഞ്ഞത്.
ജില്ലാ നേതൃത്വത്തിൽ ഇരിക്കുന്നവർ കോടീശ്വരന്മാരാണ് എന്നാണ് പറഞ്ഞത്. പോലീസ് ഭരണവും അവരാണ്. എല്ലാത്തിനും കമ്മീഷനാണ്. കളങ്കിതമായ ഇടപാടുകളിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നതിന് തെളിവ് വന്നു. എല്ലാ വൃത്തികെട്ട ഇടപാടുകളിലും സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്നാണ് മനസിലാവുന്നത്. കരുവന്നൂരിൽ എത്രയോ കോടി രൂപയാണ് പാവങ്ങൾക്ക് നഷ്‌ടമായത്; അദ്ദേഹം പറയുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ പ്രക്രിയയെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. 'എസ്ഐആറിനെ അതിശക്തമായി എതിർക്കും. നീതിപൂർവമായ, സത്യസന്ധമായ തിരഞ്ഞെടുപ്പിന് എതിരായിട്ടുള്ള ബിജെപിയുടെ തന്ത്രമാണ് അത്. എന്തിനാണ് വോട്ടർപട്ടിക 2002ലേക്ക് പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരും. എത്ര ശ്രമകരമായ കാര്യമാണ് ഇത്' പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആർ പ്രക്രിയയെ എതിർക്കുമെന്നും സതീശൻ പറഞ്ഞു. 'എസ്ഐആറിനെ അതിശക്തമായി എതിർക്കും. നീതിപൂർവമായ, സത്യസന്ധമായ തിരഞ്ഞെടുപ്പിന് എതിരായിട്ടുള്ള ബിജെപിയുടെ തന്ത്രമാണ് അത്. എന്തിനാണ് വോട്ടർപട്ടിക 2002ലേക്ക് പോകുന്നത്. 52 ലക്ഷം പേരുടെ വോട്ട് ചേർക്കേണ്ടി വരും. എത്ര ശ്രമകരമായ കാര്യമാണ് ഇത്' പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ ചോദിച്ചു.












Click it and Unblock the Notifications