ഇത്രയും മോശം തിരഞ്ഞെടുപ്പ് നടന്നിട്ടില്ല, സുതാര്യമല്ല; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സതീശന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായ വോട്ടെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ച്ചകളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിഡി സതീശന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. പല ബൂത്തുകളിലും പോളിംഗ് വൈകിയാണ് നടന്നത്.
രണ്ട് വോട്ടുകള്‍ക്കിടയിലെ കാലതമാസം പല ബൂത്തുകളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. കനത്ത ചൂടില്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും വോട്ട് ചെയ്യാനാവാതെ നിരവധി പേരാണ് മടങ്ങിയത്. ആറ് മണിക്ക് മുമ്പ് ബൂത്തിലെത്തിയ നിരവധി പേര്‍ക്ക് വോട്ട് ചെയ്യാനാവാത്ത സാഹചര്യവും പല സ്ഥലങ്ങളിലുമുണ്ടായി.

തിരഞ്ഞെടുപ്പിനെ രൂക്ഷമായിട്ടാണ് സതീശന്‍ വിമര്‍ശിച്ചത്. സംസ്ഥാനത്ത് ഇത്രയും മോശമായ രീതിയില്‍ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇരട്ട വോട്ടുകളും മരണപ്പെട്ടവരുടെ വോട്ടുകളും ഒഴിവാക്കി വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരിക്കുന്നതില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടുവെന്നും പരാതിയില്‍ ഉന്നയിക്കുന്നു.
തിരഞ്ഞെടുപ്പ് നടത്തിപ്പിലുണ്ടായ ഗുരുതര വീഴ്ച്ചകളെ കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം വൈകീട്ട് കൂടുതല്‍ വോട്ടര്‍മാര്‍ കൂട്ടത്തോടെ എത്തിയതാണ് പോളിംഗ് നീളാന്‍ കാരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.
പരാതി ലഭിച്ചാല്‍ പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. അതേസമയം വടകരയില്‍ രാത്രി വൈകിയും പോളിംഗ് നടന്നതാണ് യുഡിഎഫ് പരാതി ഉന്നയിക്കാനുള്ള പ്രധാന കാരണം. യുഡിഎഫ് അനുകൂല ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സിപിഎം ബോധപൂര്‍വം അട്ടിമറി നടത്താന്‍ ശ്രമിച്ചെന്നാണ് യുഡിഎഫ് ആക്ഷേപം.












Click it and Unblock the Notifications