പിആര്‍ വര്‍ക്ക് നടത്തിയിട്ടും മരുമകന്‍ സ്പീക്കറുടെ ഒപ്പമെത്തുന്നില്ല; തുറന്നടിച്ച് വിഡി സതീശന്‍
മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനുമെതിരെ മൂര്‍ച്ഛയേറിയ വാക്കുകളാണ് പ്രതിപക്ഷ നേതാവ് ഉപയോഗിച്ചത്

തിരുവനന്തപുരം: സ്പീക്കറെ പരിഹാസ്യനാക്കാനുള്ള കുടുംബ അജണ്ടയാണ് നിയമസഭയില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പിആര്‍ വര്‍ക്ക് നടത്തിയിട്ടും മരുമകന്‍ സ്പീക്കറുടെ ഒപ്പമെത്തുന്നില്ല. ഇതാണ് സ്പീക്കറെ പരിഹാസ്യനാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ക്ക് ആരാണ് പ്രതിപക്ഷത്തെ ചോദ്യം ചെയ്യാനുള്ള അവകാശം നല്‍കിയതെന്നും വിഡി സതീശന്‍ ചോദിച്ചു.
ഭരണപക്ഷത്തിന്റെ അഹങ്കാരം വിളിച്ചോതുന്ന സംഭവങ്ങളാണ് നിയമസഭയിലും പുറത്ത് സ്പീക്കറുടെ ഓഫീസിന് മുന്നിലും നടന്നത്. നിസാര കാര്യങ്ങള്‍ പറഞ്ഞ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയാണ് ചെയ്യുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരുകാര്യത്തിലും നോട്ടീസ് അനുമതി നല്‍കുന്നില്ല.
മത്രമല്ല, സ്പീക്കര്‍ പരിഹാസ പാത്രമായി മാറുകയാണ്. അനുമതി നല്‍കാതിരിക്കാന്‍ സ്പീക്കറെ നിര്‍ബന്ധിക്കുകയാണ് സര്‍ക്കാര്‍. സ്പീക്കറെ മോശക്കാരനാക്കാനുള്ള കുടുംബ അജണ്ടയുടെ ഭാഗമാണിതെല്ലാം. മരുമകന്‍ എത്ര പിആര്‍ വര്‍ക്ക് നടത്തിയിട്ടും സ്പീക്കറോടൊപ്പം എത്തുന്നില്ലെന്ന ആധിയാണ്. സ്പീക്കറെ പ്രതിപക്ഷത്തിന്റെ ശത്രുവാക്കി മാറ്റി നിയമസഭാ നടപടികള്‍ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുല്‌ള കുടുംബ അജണ്ടയാണ് സഭയില്‍ നടക്കുന്നത്.
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒരു പേപ്പര്‍ ടേബിള്‍ ചെയ്യാന്‍ സ്പീക്കര്‍ വിളിച്ചപ്പോള്‍ അത് ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തിന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന ആക്ഷേപം ഉന്നയിക്കുകയാണ് ചെയ്തത്. എന്ത് അധികാരമാണ് അയാള്‍ക്കുള്ളത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ഒരാള്‍ക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളത്.
ചെങ്കോട്ട് കോണത്ത് 16കാരിയെ പരസ്യമായി ബൈക്കിലെത്തിയ രണ്ടു പേര്‍ മുടിക്ക് പിടിച്ചുവലിച്ചു. അവള്‍ പ്രതിരോധിച്ചു. ഈ സമയമെത്തിയ മറ്റു രണ്ടുപേരും കൂടി ചേര്‍ന്ന് ആ പെണ്‍കുട്ടിയെ ചവിട്ടിക്കൂട്ടി. ചെവിയില്‍ നിന്ന് രക്തം വന്നു. ക്രൂരമായി മര്‍ദ്ദിച്ചു. തിരുവനന്തപുരത്തും മറ്റു ഭാഗങ്ങളിളും സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ധിക്കുകയാണ്. ഇതാണ് ഞങ്ങള്‍ സഭയില്‍ ഉന്നയിച്ചത്. അടിയന്തരമായി വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടു. ഇതില്‍ എന്ത് തെറ്റാണുള്ളത്. ആഭ്യന്തര മന്ത്രിയുടെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ എന്തിന് ആ സീറ്റിലിരിക്കുന്നു.
സ്പീക്കര്‍ പറയുന്നു അതൊന്നും ചര്‍ച്ച ചെയ്യേണ്ടെന്ന്. അത്ര ഗൗരവമുള്ള വിഷയമല്ലെന്ന്. പ്രതിപക്ഷമില്ലെങ്കിലും സഭ നടക്കുമെന്ന അഹങ്കാരമാണ്. പാര്‍ലമെന്റില്‍ മോദി ചെയ്യുന്നതാണ് ഇവിടെ പിണറായി ചെയ്യുന്നത്. ചര്‍ച്ചയ്ക്ക് അനുമതി നല്‍കാത്തപ്പോള്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവിടെ സ്പീക്കറില്ല. എംഎല്‍എമാര്‍ ഇരുന്ന് പ്രതിഷേധിച്ചു. അവരെയാണ് വാച്ച് ആന്റ് വാര്‍ഡിന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചു. മന്ത്രിമാരുടെ സ്റ്റാഫും ആക്രമത്തില്‍ പങ്കാളിയായി. നാല് പേര്‍ക്ക് പരിക്കേറ്റു. കെകെ രമയെ ആറ് പോലീസുകാരാണ് വലിച്ചിഴച്ചത്. സലാം എംഎല്‍എയും സച്ചിന്‍ ദേവ് എംഎല്‍എയും വന്നിട്ടാണ് പ്രതിപക്ഷ അംഗങ്ങളെ ചവിട്ടിയത്. തുടര്‍ ഭരണത്തിന്റെ ധിക്കാരമാണ് ഇവിടെ നടപ്പാക്കുന്നതെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications