പത്തുതല വൈകും; നിങ്ങള്‍ക്ക് അടിക്കാന്‍ സമയമുണ്ട് എന്ന് വേടന്‍, വീണ്ടും കോടതിയിലേക്ക്
കൊച്ചി: റാപ്പര്‍ വേടന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി കോടതിയെ സമീപിക്കും. അഭിഭാഷകരുമായി ആലോചിച്ച് നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നിരവധി പരിപാടികള്‍ ഏറ്റിരുന്നു. അതുകൊണ്ടുതന്നെ ജാമ്യ വ്യവസ്ഥയില്‍ ഇളവ് ലഭിക്കേണ്ടതുണ്ട് എന്നാണ് വേടന്റെ ആവശ്യം.
ഏറെ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിക്കുന്ന വേടന്റെ പുറത്തിറങ്ങാനുള്ള പാട്ട് 'പത്തുതല' വൈകും. ഒരുപാട് പഠിച്ച് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണത് എന്ന് വേടന്‍ പറഞ്ഞു. തമിഴ്‌നാട് എംപി തോല്‍ തിരുമാവളവന്‍ വിളിച്ചു സംസാരിച്ചിരുന്നു. ആര്‍എസ്എസിന്റെ എതിര്‍പ്പ് നേരിടുന്ന കാര്യം അദ്ദേഹവുവുമായി വേടന്‍ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തോടും റാപ്പര്‍ പ്രതികരിച്ചു.

തമിഴ്‌നാട് എംപി വിളിച്ചിരുന്നു. സാധാരണ സംഭാഷണമാണ് നടന്നത്. അദ്ദേഹം 35 വര്‍ഷമായി പറയുന്ന രാഷ്ട്രീയമാണ് താന്‍ പാട്ടിലൂടെ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്. കൂടെയുണ്ട് എന്ന് അറിയിക്കാനാണ് തോല്‍ തിരുമാവളവന്‍ വിളിച്ചത്. എന്തെങ്കിലും പ്രശ്‌നം നേരിടുന്നുണ്ടോ എന്ന് സംസാരത്തിനിടെ ചോദിച്ചപ്പോഴാണ് ആര്‍എസ്എസിന്റെ കാര്യം ചൂണ്ടിക്കാട്ടിയതെന്നും വേടന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയ വഴിയുള്ള എതിര്‍പ്പാണ് അവര്‍ ഉന്നയിക്കുന്നത്. അത് താന്‍ കാര്യമാക്കുന്നില്ല. ഇനിയും വരാനുള്ളതു കൊണ്ട് അതിന്റെ പിന്നാലെ നടക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. പത്തുതല എന്ന പാട്ട് വരാനുണ്ട്. ഒരുപാട് റിസര്‍ച്ച് നടത്തി ചെയ്യേണ്ട പാട്ടാണത്. സമയമെടുത്ത് ചെയ്യേണ്ടതാണ്. അതുകൊണ്ട് വൈകുമെന്നും വേടന്‍ പറഞ്ഞു.
പത്തുതല ചെയ്യണമെങ്കില്‍ കുറച്ച് പഠിക്കാനുണ്ട്. അതുകൊണ്ടുതന്നെ വേഗത്തില്‍ ഇറങ്ങില്ല. പത്തുതലയാണ് പ്രശ്‌നമായിക്കൊണ്ടിരിക്കുന്നത്. പത്തുതല ഇറങ്ങിയാല്‍ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്. അടിക്കാന്‍ അവര്‍ക്ക് സമയമുണ്ട്. പത്തുതല ഇറങ്ങാനും സമയമെടുക്കുമെന്നും വേടന്‍ സരസമായി കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു എന്ന് ചൂണ്ടിക്കാട്ടി സംഘപരിവാര്‍ വലിയ സൈബര്‍ ആക്രമണം വേടനെതിരെ നടത്തിയിരുന്നു.
വിദേശത്ത് നിരവധി പരിപാടികള്‍ നേരത്തെ പദ്ധതിയിട്ടിരുന്നു. കാനഡയില്‍ ഉള്‍പ്പെടെ പരിപാടികളുണ്ട്. ജോലി തടസമായി കേസുകള്‍ നില്‍ക്കുന്നുണ്ട്. പാസ്‌പോര്‍ട്ട് ജാമ്യ വ്യസ്ഥയുടെ ഭാഗമായി കെട്ടിവച്ചതാണ്. അത് തിരിച്ചുകിട്ടാന്‍ അഭിഭാഷകര്‍ മുഖേന ശ്രമിക്കുന്നുണ്ടെന്നും വേടന്‍ മറുപടി നല്‍കി.
പുലിപ്പല്ല് കേസില്‍ പെരുമ്പാവൂര്‍ കോടതി ജാമ്യം അനുവദിക്കുമ്പോള്‍ കര്‍ശന വ്യവസ്ഥയാണ് മുന്നോട്ട് വച്ചിരുന്നത്. എല്ലാ വ്യാഴാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകണം. രാജ്യം വിട്ടുപോകുന്നില്ല എന്ന് ഉറപ്പാക്കാന്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ടായിരുന്നു. ഇതില്‍ ഇളവ് തേടിയാണ് ഇനി വേടന്‍ കോടതിയെ സമീപിക്കുക.












Click it and Unblock the Notifications