കേരളത്തില്‍ 'ഓപ്പറേഷന്‍ സുധാകര്‍', കോമണ്‍സെന്‍സ് ഉള്ളവര്‍ കെപിസിസി പ്രസിഡന്റ് ആകുമോയെന്ന് വെള്ളാപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകളെ പരിഹസിച്ച് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്തിനാണ് കെ സുധാകരനെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുന്നത് എന്നും രാജ്യം ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് ഓപ്പറേഷന്‍ സുധാകര്‍ ആണ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുമ്പോള്‍ എന്തിനാണ് സുധാകരനെ അധ്യക്ഷസ്ഥാനത്ത് നിന്ന് മാറ്റുന്നതെന്നും അദ്ദേഹം ചോദിച്ചു.സുധാകരനെ വെട്ടിനിരത്താന്‍ തെക്കന്‍ ആയ ആളുകള്‍ ഒന്നിച്ചു നില്‍ക്കുകയാണ് എന്നും കോമണ്‍സെന്‍സ് ഉള്ള ആരേലും ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് ആകുമോ എന്നും വെള്ളാപ്പള്ളി ആരാഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസില്‍ ഒരു യുദ്ധത്തിന് വഴിയുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.

സുധാകരനെ ഇപ്പോള്‍ മാറ്റുന്നതിന്റെ താല്‍പര്യം എന്താണെന്ന് അറിയണം. നല്ല ഭൂരിപക്ഷത്തില്‍ ജനങ്ങള്‍ പാര്‍ലമെന്റിലേക്ക് അയച്ച കരുത്തനായ നേതാവാണ് സുധാകരനെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അധ്യക്ഷനെ മാറ്റാനാണെങ്കില്‍ എന്തുകൊണ്ടാണ് മുരളീധരനെ ആക്കാത്തത് എന്നും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് കണ്ടകശനിയാണെന്നും അദ്ദേഹം പറഞ്ഞു.
' കോണ്‍ഗ്രസിന് ബൊമ്മകളേയാണ് ആവശ്യം. കഴിവുള്ളവനെ വേണ്ട. സിന്ദൂര്‍ യുദ്ധത്തേക്കാള്‍ വലിയ യുദ്ധമാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് ഇപ്പോള്‍ മാറ്റം ഉണ്ടായാല്‍ കോണ്‍ഗ്രസിന്റെ നാശം സംഭവിക്കും. മുരളീധരന്റെ പേര് പറഞ്ഞാല്‍ ആരെങ്കിലും എതിര്‍ക്കുമോ? ഇവര്‍ക്ക് വേണ്ടത് ചാടിക്കളിക്കെടാ കുഞ്ഞിരാമ എന്ന് പറയുമ്പോള്‍ ചാടിക്കളിക്കുന്നവരെയാണ്,' വെള്ളാപ്പള്ളി പറഞ്ഞു.
സുധാകരനെ വെറും ആറാംകിട നേതാവാക്കരുത് എന്നും അദ്ദേഹം പറഞ്ഞു. പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് നേതൃത്വം പരിഗണിക്കുന്ന ആന്റോ ആന്റണി എം പി സ്വന്തം മണ്ഡലമായ പത്തനംതിട്ടയില്‍ ഒരു കോണ്‍ഗ്രസുകാരനെ പോലും ജയിപ്പിക്കാന്‍ കഴിയാത്ത ആളാണെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. 'സഭയ്ക്ക് വഴങ്ങി ആന്റോ ആന്റണിയെ പ്രസിഡന്റ് ആക്കും എന്നാണ് കേള്‍ക്കുന്നത്.
അങ്ങനെ എങ്കില്‍ മൂന്നാമത്തെ കേരള കോണ്‍ഗ്രസ് ആകും,' അദ്ദേഹം പറഞ്ഞു. എകെ ആന്റണിയുടെ മകന്‍ ആണ് ആന്റോയുടെ ഐശ്വര്യം എന്നും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആന്റോ ജയിച്ചത് ആന്റണിയുടെ മകന്‍ മത്സരിച്ചതുകൊണ്ട് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം നേതൃമാറ്റം ഉടന്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ സുധാകരനെ പിന്തുണച്ച് പലസ്ഥലത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.












Click it and Unblock the Notifications