വേങ്ങരയില്‍ ലീഗ് സര്‍വ്വെ നടത്തിയോ? കെഎന്‍എ ഖാദറിനെ വേണ്ടെന്ന് തീരുമാനിച്ചോ? എന്താണ് യാഥാര്‍ഥ്യം
വേങ്ങര മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമടക്കം 604 പേരിലാണ് സര്‍വ്വെ നടത്തിയത്.
Recommended Video

മലപ്പുറം: മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി രാജിവച്ച വേങ്ങര നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ക്ക് വേഗം കൂടി. മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ആരാകണം എന്നത് സംബന്ധിച്ച ചര്‍ച്ച പാര്‍ട്ടിയില്‍ സജീവമായി. ഇതിന്റെ ഭാഗമായി പാര്‍ട്ടി ഭാരവാഹികള്‍ക്കിടയില്‍ പ്രത്യേക സര്‍വ്വെ നടത്തി.
സര്‍വ്വെയില്‍ പാര്‍ട്ടി നേതൃത്വത്തെ കുഴക്കുന്ന ഫലമാണ് വന്നിരിക്കുന്നത്. സര്‍വ്വെയില്‍ പേര് ഉള്‍പ്പെടുത്തിയിട്ടില്ലാത്ത വ്യക്തികളെയും ഭാരവാഹികള്‍ നിര്‍ദേശിച്ചു. ഇതോടെ വേങ്ങര ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിത്വം മുസ്ലിം ലീഗിന് പുതിയ തലവേദനയാകുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്തരമൊരു സര്‍വ്വെ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു.

രഹസ്യ സര്‍വ്വെ
ലീഗിന്റെ കോളേജ് അധ്യാപക സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്‌സാണ് രഹസ്യ സര്‍വ്വെ നടത്തിയത്. സര്‍വ്വെയില്‍ മൂന്ന് നേതാക്കളുടെ പേരുകളാണ് സൂചിപ്പിച്ചിരുന്നത്.

അബ്ദുര്‍ഹ്മാന്‍ രണ്ടത്താണി
എന്നാല്‍ ഇതില്‍ സൂചിപ്പിക്കാത്തവരുടെ പേരും മണ്ഡലത്തിലെ പ്രാദേശിക നേതാക്കള്‍ എഴുതിച്ചേര്‍ത്തു. അതില്‍ മുന്‍തൂക്കം ലഭിച്ചത് താനൂരിലെ മുന്‍ എംഎല്‍എ അബ്ദുര്‍ഹ്മാന്‍ രണ്ടത്താണിക്കാണ്.

കെപിഎ മജീദും രണ്ടത്താണിയും
കെപിഎ മജീദിനും രണ്ടത്താണിക്കുമാണ് കൂടുതല്‍ പേരും പിന്തുണ നല്‍കിയത്. വള്ളിക്കുന്ന് മണ്ഡലത്തിലെ മുന്‍ എംഎല്‍എയും ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെഎന്‍എ ഖാദറിന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല.

മൂന്ന് പേര്‍ ഇതാണ്
വേങ്ങര മണ്ഡലത്തിലെ പഞ്ചായത്ത് അംഗങ്ങളും മുതിര്‍ന്ന നേതാക്കളുമടക്കം 604 പേരിലാണ് സര്‍വ്വെ നടത്തിയത്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കെഎന്‍എ ഖാദര്‍, സിപി ബാവഹാജി എന്നിവരുടെ പേരാണ് സര്‍വ്വേയിലുണ്ടായിരുന്നത്.

സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് സര്‍വ്വെ നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍വ്വേ നടന്നിട്ടുണ്ടെന്ന് ചില പ്രാദേശിക നേതാക്കള്‍ സമ്മതിച്ചു.

പതിനേഴാം ചോദ്യം
നിരവധി ചോദ്യങ്ങള്‍ അടങ്ങുന്നതാണ് സര്‍വ്വെ. അതില്‍ മൂന്ന് നേതാക്കളുടെ പേരുകള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ 17 ാം ചോദ്യമായി നല്‍കിയിരിക്കുന്നത് മുകളില്‍ പറഞ്ഞിട്ടില്ലാത്തവരെയും നിര്‍ദേശിക്കാം എന്നാണ്.

ഫിറോസും അസ്‌ലുവും
ഈ ഭാഗത്താണ് ഭാരവാഹികള്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പേര് എഴുതി മടക്കി നല്‍കിയിരിക്കുന്നത്. രണ്ടത്താണിയെ കൂടാതെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്, കുഞ്ഞാലിക്കുട്ടിയുടെ ബന്ധു പികെ അസ്‌ലു എന്നിവരുടെ പേരും എഴുതിയവരുണ്ട്.

വേങ്ങരയില്‍ രണ്ടു സര്‍വ്വെ
തിരഞ്ഞെടുപ്പ് കാലത്ത് മുസ്ലിം ലീഗ് ഇത്തരം സര്‍വേ പാര്‍ട്ടിക്കകത്ത് നടത്താറുണ്ട്. തുടര്‍ന്ന് സര്‍വേയുടെ ഫലം അനുസരിച്ചാണ് അന്തിമ തീരുമാനം എടുക്കുക. വേങ്ങരയില്‍ രണ്ടു സര്‍വേ നടത്തിയിട്ടുണ്ടെന്നാണ് വിവരം.

അടുത്ത ഫലം ഉടന്‍ ലഭിക്കും
പാര്‍ട്ടിയുടെ കോളജ് അധ്യാപക സംഘടനയും സ്‌കൂള്‍ അധ്യാപക സംഘടനയും സര്‍വ്വെ നടത്തിയിട്ടുണ്ട്. ഇനി സ്‌കൂള്‍ അധ്യാപക സംഘടനയുടെ സര്‍വ്വെ ഫലം കൂടി ലഭിക്കണം. ശേഷമായിരിക്കും തീരുമാനം എടുക്കുക.

പാര്‍ട്ടി കാര്യങ്ങള്‍ നോക്കട്ടെ
നേരത്തെ വള്ളിക്കുന്ന് മണ്ഡലത്തില്‍ മല്‍സരിച്ച് ജയിച്ച വ്യക്തിയാണ് കെഎന്‍എ ഖാദര്‍. മികവുറ്റ നേതൃപാടവമുള്ള വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ട് തന്നെ ഇദ്ദേഹം പാര്‍ട്ടികാര്യങ്ങളില്‍ ശ്രദ്ധയൂന്നട്ടെ എന്നാണ് നേതാക്കളുടെ അഭിപ്രായം.

സര്‍വ്വെ നടത്തിയില്ലെന്ന് കുഞ്ഞാലിക്കുട്ടി
ഇത്തരമൊരു സര്‍വ്വെ നടത്തിയിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു. പാര്‍ട്ടി ഔദ്യോഗികമായി ആരെയും സര്‍വ്വെ നടത്താന്‍ ഏല്‍പ്പിച്ചിട്ടില്ല. മറ്റാരെങ്കിലും നടത്തിയാല്‍ മുസ്ലിം ലീഗ് കുറ്റക്കാരല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications