കെപിഎ മജീദിനെ വെട്ടി; അവസാന നിമിഷം വരെ സസ്‌പെന്‍സ്, കെഎന്‍എ ഖാദര്‍ വേങ്ങരയില്‍ മല്‍സരിക്കും
Recommended Video

മലപ്പുറം: വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെഎന്‍എ ഖാദറാണ് മല്‍സരിക്കുക. അവസാന നിമിഷം വരെ സസ്‌പെന്‍സ് നിലനിര്‍ത്തിയാണ് കെഎന്‍എ ഖാദര്‍ സ്ഥാനാര്‍ഥിയായത്.
സംസ്ഥാന സെക്രട്ടറി അഡ്വ. യുഎ ലത്തീഫാണ് മല്‍സരിക്കുക എന്നായിരുന്നു പരസ്യപ്രഖ്യാപനത്തിന് മുമ്പ് വരെ നേതാക്കള്‍ പറഞ്ഞിരുന്നത്. പാണക്കാട് ചേര്‍ന്ന പാര്‍ട്ടി പാര്‍ലമെന്റിറി യോഗത്തിലാണ് തീരുമാനം. സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി തങ്ങള്‍ ഖാദറിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. യുഎ ലത്തീഫ് ജില്ലാ സെക്രട്ടറിയാകും.

വള്ളിക്കുന്ന് മുന്‍ എംഎല്‍എയാണ് ഖാദര്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയിരുന്നില്ല. തുടര്‍ന്ന് അമര്‍ഷം അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ ഖാദറിനെ പരിഗണിച്ചത്.
ദീര്‍ഘകാലം മഞ്ചേരി നഗരസഭാ ചെയര്‍മാനായിരുന്ന യുഎ ലത്തീഫ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞ ദിവസം സൂചനയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞദിവസം പാണക്കാട്ടെത്തി ഹൈദരലി തങ്ങളെ കണ്ടിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തെ പാണക്കാട്ടെ തറവാട്ടിലേക്ക് വീണ്ടും വിളിച്ചുവരുത്തിയിരുന്നു. ഇതോടെ ലത്തീഫ് തന്നെയാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പിച്ചു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു.
നേരത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദിന്റെ പേരാണ് പ്രധാനമായും ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ മല്‍സരിക്കാനില്ലെന്ന് കെപിഎ മജീദ് നിലപാട് അറിയിച്ചതോടെ പാര്‍ട്ടി മറ്റൊരാളെ തേടുകയായിരുന്നു. ജില്ലാ സെക്രട്ടറി കെഎന്‍എ ഖാദര്‍ മല്‍സരിച്ചാല്‍ മതിയെന്ന് അവസാന നിമിഷം ഹൈദരലി തങ്ങള്‍ തീരുമാനിച്ചു. ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ തീരുമാനമെടുത്തത്. ഇടി മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഖാദറിന് വേണ്ടി വാദിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications