വേങ്ങരയിൽ വിട്ടുകൊടുക്കില്ലെന്ന് ബിജെപിയും! ശോഭാ സുരേന്ദ്രൻ മത്സരിച്ചേക്കും... പോരാട്ടം തീപാറും...
വേങ്ങരയിൽ വലിയ സാദ്ധ്യതയൊന്നുമില്ലാത്ത ബിജെപി, ഏതെങ്കിലും ജില്ലാ നേതാവിനെ മത്സരിപ്പിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്.
തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ എൻഡിഎ സ്ഥാനാർത്ഥിയായേക്കും. തിരുവനന്തപുരത്ത് ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്.
യോഗത്തിൽ ശോഭാ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നാണ് അഭിപ്രായമുയർന്നത്. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. വേങ്ങരയിൽ വലിയ സാദ്ധ്യതയൊന്നുമില്ലാത്ത ബിജെപി, ഏതെങ്കിലും ജില്ലാ നേതാവിനെ മത്സരിപ്പിക്കാനാണ് നേരത്തെ ആലോചിച്ചിരുന്നത്.

ബിജെപിക്ക് ഏറ്റവും കുറച്ച് വോട്ടുകളുള്ള മണ്ഡലമാണ് വേങ്ങര. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 7055 വോട്ട് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. പ്രതീക്ഷയില്ലെങ്കിലും മത്സരം നിസാരമായി കാണേണ്ടതില്ലെന്നാണ് കോർ കമ്മിറ്റി യോഗത്തിലുണ്ടായ തീരുമാനം.
ശോഭാ സുരേന്ദ്രന് പുറമേ, മറ്റൊരു ജനറൽ സെക്രട്ടറിയായ എഎൻ രാധാകൃഷ്ണന്റെ പേരും ബിജെപിയുടെ പരിഗണനയിലുണ്ട്. ബിജെപി കോർ കമ്മിറ്റി യോഗത്തിന് ശേഷം എൻഡിഎ യോഗവും നടക്കുന്നുണ്ട്. ഇതിനുശേഷം മാത്രമേ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടാകുകയുള്ളു. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ ശക്തമായ മത്സരം കാഴ്ചവെയ്ക്കാനാണ് ബിജെപിയുടെ തീരുമാനം.












Click it and Unblock the Notifications