ദേവസ്വം ബോര്‍ഡിന്റെ നടപടി ദുരൂഹം; മന്‍സിയയ്ക്ക് പിന്തുണയുമായി വിഎച്ച്പി, സ്വീകരണം നല്‍കും
കൊച്ചി: ഇരിങ്ങാലക്കുട കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ വിലക്ക് നേരിട്ട നര്‍ത്തകി വി പി മന്‍സിയയ്ക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിശത്ത്. ഇടതു സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്‍ഡാണ് മന്‍സിയയുടെ നൃത്ത പരിപാടി വിലക്കിയതെന്നും ഇത് കലാ സംസ്‌കാരത്തിന് എതിരായ തീരുമാനമാണെന്നും വി എച്ച് പി വിമര്‍ശിച്ചു. സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയും സെക്രട്ടഫി വി ആര്‍ രാജശേഖരനുമാണ് വിവാദത്തില്‍ വി എച്ച് പിയുടെ നിലപാട് വ്യക്തമാക്കിയത്.
വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള കലൂര്‍ പാവക്കുളം ശിവ ക്ഷേത്രത്തില്‍ മന്‍സിയയ്ക്ക് സ്വീകരണം നല്‍കുമെന്നും നൃത്തം ചെയ്യാനുള്ള അവസരം നല്‍കുമെന്നും വി എച്ച് പി അറിയിച്ചു. വേണ്ടി വന്നാല്‍ വി എച്ച് പി നിയന്ത്രണത്തിലുള്ള എല്ലാ ക്ഷേത്രങ്ങളിലും മന്‍സിയയ്ക്ക് നൃത്തം അവതരിപ്പിക്കാനുള്ള അവസരം നല്‍കും. ദേവസ്വം ബോര്‍ഡിന്റെ നടപടി ദുരൂഹമാണെന്നും പ്രസ്താവനയില്‍ അറിയിച്ചു.

നേരത്തെ മന്‍സിയയ്ക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികലയും രംഗത്തെത്തിയിരുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുസ്ലീമായ കലാകാരിയെ നൃത്താവതരണത്തില്‍ നിന്നും തടഞ്ഞു എന്നത് ചര്‍ച്ച നടക്കേണ്ട വിഷയമാണെന്ന് ശശികല ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കേരളത്തിലെ 90% ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. പ്രവേശനം ആവശ്യമുണ്ടോ എന്ന് പറയേണ്ടത് അഹിന്ദുക്കളാണ്. അവര്‍ ആവശ്യപ്പെടുന്ന പക്ഷം അത് ചിന്തിക്കേണ്ടതുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശശികലയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം.
ക്ഷേത്രങ്ങള്‍ എന്നും കലകളുടെ കേന്ദ്രമായിരുന്നു. കലയ്ക്ക് ജാതിയോ മതമോ ഇല്ല താനും. ഒപ്പം ക്ഷേത്രങ്ങള്‍ ആചാരങ്ങള്‍ പുലരേണ്ട ഇടവുമാണ്. കാലാനുസൃതമല്ലാത്ത ആചാരങ്ങള്‍ ആവശ്യക്കാര്‍ കൂടുന്നതിനനുസരിച്ച് ആചാര്യന്മാരുടേയും സമൂഹത്തിന്റേയും കൂടിയാലോചനകളുടെ ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍ ഭേദഗതികള്‍ വരുത്താവുന്നതുമാണ്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മുസ്ലീമായ കലാകാരിയെ നൃത്താവതരണത്തില്‍ നിന്നും തടഞ്ഞു എന്നത് ചര്‍ച്ച നടക്കേണ്ട വിഷയമാണ്. ഇന്നും കേരളത്തിലെ 90% ക്ഷേത്രങ്ങളിലും അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല. പ്രവേശനം ആവശ്യമുണ്ടോ എന്ന് പറയേണ്ടത് അഹിന്ദുക്കളാണ്. അവര്‍ ആവശ്യപ്പെടുന്ന പക്ഷം അത് ചിന്തിക്കേണ്ടതുമാണ്. ഹിന്ദുവിനോ അഹിന്ദു വിനോ അല്ല ക്ഷേത്ര വിശ്വാസികള്‍ക്കുള്ളതാണ് ക്ഷേത്രം. കൗതുകത്തിനുവേണ്ടിയോ വിമര്‍ശിക്കാനോ കുറ്റപ്പെടുത്താനോ വേണ്ടിയോ സമ്പത്തൂ മോഹിച്ചോ വരുന്നവര്‍ക്കുള്ള കേന്ദ്രമല്ല ക്ഷേത്രം.
തീര്‍ത്ഥം സാനിറ്റൈസറാക്കുന്ന അവിശ്വാസിയോ ക്ഷേത്ര സങ്കേതത്തില്‍ പോലും പശുവിനെ വെട്ടി പുഴുങ്ങുന്ന അസുരന്മാരോ ജന്മമെന്ന ആനുകൂല്യം പറ്റി ക്ഷേത്രത്തിനകത്ത് കയറുന്നതും അവസാനിപ്പിക്കാന്‍ കഴിയുമോ എന്നും കഴിയുമെങ്കില്‍ എങ്ങനെയെന്നും ചിന്തിക്കേണ്ടതാണ്. ആചാര്യന്മാരും സംഘടനകളും ക്ഷേത്രഭാരവാഹികളും എല്ലാം പലതലത്തില്‍ ഇത്തരം ചര്‍ച്ചകള്‍ നടത്തി ആവശ്യമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ നല്ലതല്ലേ ?
ഇനി ഈ നൃത്ത വിവാദം. നിലവിലെ ആചാരമനുസരിച്ച് മതില്‍ക്കകത്ത് അഹിന്ദുവിന് നൃത്തം അവതരിപ്പിക്കാന്‍ കഴിയില്ല. (മാറ്റങ്ങള്‍ നേരത്തെ പറഞ്ഞ തലങ്ങളില്‍ വരുത്താവുന്നതാണ്) മതില്‍ക്കെട്ടിനു പുറത്ത് അഹിന്ദുവിനെ വിലക്കാന്‍ പറ്റില്ല - പാടില്ല. ഈ കലാകാരി താന്‍ മതവിശ്വാസിയല്ലെന്ന് തുറന്നു പറഞ്ഞ സ്ഥിതിയ്ക് മതില്‍ കെട്ടിനകത്ത് കളിപ്പിക്കേണ്ട കാര്യമില്ല.
അവിടം വിശ്വാസിയുടെ നമ്മളിടമല്ലേ ? മതില്‍ക്കെട്ടിനു പുറത്ത് അവര്‍ക്കായി വേദിയൊരുക്കാമല്ലോ? ഭരതസ്വാമിയുടെ വിശ്വാസിയല്ലാത്തതുകൊണ്ട് അവര്‍ക്ക് ഭരതസ്വാമിയുടെ മുന്നില്‍ നൃത്താരാധന നടത്തണമെന്ന മോഹമുണ്ടാകാനും വഴിയില്ല ! മതില്‍ കെട്ടിനകത്ത് ആചാരപരമായ കലാവതരണങ്ങള്‍ നടത്തുക. അല്ലാത്തവയ്കായി മതില്‍ക്കെട്ടിനു പുറത്ത് സ്റ്റേജ് തയ്യറാക്കുക. ആചാര പരിഷ്‌ക്കരണം ആവശ്യമെങ്കില്‍ അതു നടത്തുന്നതു വരെ മതില്‍ക്കെട്ടിനകത്ത് കലാവതരണങ്ങള്‍ക്ക് കലാകാരന്മാരെ ക്ഷണിക്കുമ്പോള്‍ ശ്രദ്ധ വേണം. പുല വാലായ്മ മറ്റശുദ്ധികള്‍ ഇവ ഉള്ളവര്‍ക്ക് അതറിഞ്ഞാല്‍ കലാവതരണത്തിനായി മതില്‍ക്കകത്തേയ്ക്ക് പ്രവേശിക്കാന്‍ പറ്റുമോ? അതുകൊണ്ട് പരമ്പരാഗത ആചാരങ്ങളൊഴിച്ചുള്ള ആഘോഷങ്ങള്‍ പുറത്തേയ്ക്ക് മാറ്റുന്നതുതന്നെയാണ് നല്ലത്- ശശികല ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications