'ബ്രിട്ടാസിന്റെ അത്യുഗ്രൻ പ്രസംഗം'; അഭിനന്ദിച്ച് വെങ്കയ്യ നായിഡു, പ്രസംഗം നൽകാത്ത മാധ്യമങ്ങൾക്ക് വിമർശനം
ദില്ലി: രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി നടത്തിയ പ്രസംഗത്തെ വാനോളം പുകഴ്ത്തി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. അത്യുഗ്രൻ പ്രസംഗമാണ് ജോൺ ബ്രിട്ടാസ് നടത്തിയതെന്നും എന്നാൽ ഒരു ദേശീയ മാധ്യമം പോലും പിന്നേറ്റ് അത് വാർത്തയാക്കില്ലെന്നത് ഏറെ നിരാശാജനകമായി പോയെന്നും വെങ്കയ്യ നായിഡു പറഞ്ഞു. വികെ മാധവൻകുട്ടി പുരസ്‌കാര വിതരണ ചടങ്ങിലായിരുന്നു ഉപരാഷ്ട്രപതിയുടെ വാക്കുകൾ. അതിനിടെ വെങ്കയ്യ നായിഡുവിന്റെ പ്രസംഗത്തിന്റെ വീഡിയോ പങ്കിട്ട് ജോൺ ബ്രിട്ടാസും രംഗത്തെത്തി.
വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ അക്ഷരാർഥത്തിൽ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. താൻ കൂടി ഭാഗഭാക്കായ മാധ്യമത്തിൽ പോലും ഉപരാഷ്ട്രപതിയുടെ ഫോൺ വിളിയെ കുറിച്ച് ഒരു വാർത്ത പോലും കൊടുത്തിരുന്നില്ലെന്നും അപ്പോഴാണ് ഡൽഹിയിൽ പ്രധാനപ്പെട്ട പല മാധ്യമപ്രവർത്തകരെയും സാക്ഷിനിർത്തി പ്രസംഗത്തിൽ തന്നെ കുറിച്ച് ഉപരാഷ്ട്രപതി പറഞ്ഞതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്കിൽ ഉപരാഷ്ട്രപതിയുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ജോൺ ബ്രിട്ടാസിന്റെ പ്രതികരണം.
സൗദി രാജാവ് സല്മാന് എവിടെ? 2020 മാര്ച്ചിന് ശേഷം... കിരീടം വയ്ക്കാത്ത രാജാവായി പ്രിന്സ് മുഹമ്മദ്
'വിഷയത്തിൽ ജോൺ ബ്രിട്ടാസ് അത്യുഗ്രൻ പ്രസംഗമാണ് രാജ്യസഭയിൽ നടത്തിയത്. മനോഹരമായിരുന്നു പ്രസംഗം, ധീരവും, എനിക്ക് വളരെ ഇഷ്ടപ്പെട്ടു. എന്നാൽ പിറ്റേന്ന് ഒരു ദേശീയ മാധ്യമം പോലും അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ ഒരു വരി പോലും റിപ്പോർട്ട് ചെയ്തില്ലെന്നത് തന്നെ ഏറെ നിരാശപ്പെടുത്തി. മലയാള മാധ്യമങ്ങളിൽ ഇത് വന്നിട്ടുണ്ടോയെന്ന് തനിക്ക് അറിയില്ല. ഇത് ജോൺ ബ്രിട്ടാസിനെ കുറിച്ചല്ല. മറിച്ച് ജൂഡീഷ്യറിയെ കുറിച്ചാണ്. വിവിധ വിഷയങ്ങളിൽ ശക്തമായ രീതിയിൽ പ്രതികരിക്കുന്നവരേയും അംഗീകരിക്കണം' എന്നായിരുന്നു വെങ്കയ്യ നായിഡു ചടങ്ങിൽ പറഞ്ഞത്.
ഉപരാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എഴുതിയ കുറിപ്പ് വായിക്കാം-
'ഉപരാഷ്ട്രപതി ശ്രീ എം വെങ്കയ്യനായിഡുവിന്റെ വാക്കുകൾ ഇന്നലെ അക്ഷരാർഥത്തിൽ എന്നെ അത്ഭുതപ്പെടുത്തി. രാജ്യസഭാ ചെയർമാൻ കൂടിയായ അദ്ദേഹത്തെപ്പോലുള്ള ഉന്നത വ്യക്തിത്വം പരസ്യമായി എന്നെക്കുറിച്ച് പറയും എന്ന് ഞാൻ വിചാരിച്ചില്ല. "ജഡ്ജിമാരുടെ പെൻഷൻ ബില്ല് സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ കേരളത്തിൽനിന്നുള്ള അംഗം ജോൺ ബ്രിട്ടാസ് അത്യുഗ്രമായ പ്രസംഗമാണ് നടത്തിയത്...wonderful. ഞാൻ മുഴുവൻ കേട്ടു.
വിമർശനാത്മകമായിരുന്നുവെങ്കിലും എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു. പക്ഷെ തൊട്ടടുത്ത ദിവസം ഞാൻ നിരാശനായി. കാരണം പ്രസംഗത്തിലെ ഒരു വരിപോലും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തില്ല. മലയാള മാധ്യമങ്ങളുടെ സ്ഥിതി എനിക്കറിയില്ല. ഇതല്ല ജേണലിസം. പിറ്റേന്ന് രാവിലെ ഞാൻ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു .............."" ഇങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
നമ്രതയോടെ അദ്ദേഹത്തിന്റെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. അദ്ദേഹത്തിന്റെ ഫോൺവിളി ചെറിയൊരു ഞെട്ടലോടെയാണ് ഞാൻ സ്വീകരിച്ചത്. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കാര്യമായ തെറ്റ് ഉണ്ടായതുകൊണ്ടാണോ ഇങ്ങനെ ഒരു വിളി?പ്രസംഗത്തിന്റെ ആദ്യഭാഗത്ത് 12 എംപിമാരെ സസ്പെൻഡ് ചെയ്ത അദ്ദേഹത്തിൻ്റെ നടപടിയെ ഞാൻ നിശിതമായി വിമർശിച്ചിരുന്നു. ശങ്കർദയാൽ ശർമ്മയെപ്പോലുള്ള മഹാരഥന്മാർക്ക് സഭയിൽ പൊട്ടി കരയേണ്ടി വന്നിട്ടും അന്നൊന്നും ആരെയും സസ്പെൻഡ് ചെയ്തിരുന്നില്ലല്ലോ എന്ന് ഞാൻ എടുത്തു ചോദിച്ചിരുന്നു. എന്നാൽ എൻ്റെ ആശങ്കകളെ ദൂരീകരിച്ചു കൊണ്ട് ഉപരാഷ്ട്രപതി ലൈനിൽ വന്നപ്പോൾ പ്രസംഗത്തിനുള്ള അഭിനന്ദനവും പ്രോത്സാഹനവും ആണ് നൽകിയത് .
വ്യക്തിപരമായ ഫോൺവിളി ആയതുകൊണ്ട് തന്നെ ഞാനത് സ്വകാര്യമായി സൂക്ഷിച്ചു. ഞാൻ കൂടി ഭാഗവാക്കായ മാധ്യമത്തിൽ പോലും ഉപരാഷ്ട്രപതിയുടെ ഫോൺ വിളിയെ കുറിച്ച് ഒരു വാർത്തപോലും കൊടുത്തിരുന്നില്ല. അപ്പോഴാണ് ഇന്നലെ ഡൽഹിയിൽ പ്രധാനപ്പെട്ട പല മാധ്യമപ്രവർത്തകരെയും സാക്ഷിനിർത്തി ഉപരാഷ്ട്രപതി ഭവനിൽ നടന്ന വി കെ മാധവൻകുട്ടി പുരസ്കാരചടങ്ങിൽ അദ്ദേഹം തന്നെ ഇക്കാര്യം പറഞ്ഞത്.ഉപരാഷ്ട്രപതി പരാമർശിച്ച പ്രസംഗം ഏതാനും ദിവസങ്ങൾക്ക് മുൻപ് പോസ്റ്റ് ചെയ്തിരുന്നു'.