വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം: ഹൈക്കോടതിയില്‍ രഹസ്യവാദം, കേസുമായി ബന്ധമില്ലാത്തവര്‍ പുറത്ത്
കൊച്ചി: പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ രഹസ്യവാദം. സര്‍ക്കാര്‍ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി നടപടി. കേസുമായി ബന്ധമില്ലാത്തവര്‍ കോടതിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ദ്ദേശം നല്‍കി. വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്.

അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പരാതിക്കാരിയായ നടിയുമായി ഉഭയകക്ഷി സമ്മത പ്രകാരമുള്ള ബന്ധമാണെന്ന മൊഴികള്‍ ആവര്‍ത്തിക്കുകയാണ് വിജയ് ബാബു ചെയ്തത്. ഇതിനിടെ പരാതിക്കാരിയായ പുതുമുഖ നടിക്ക് പുറമെ മറ്റ് ചിലരെയും വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി പ്രതി കബളിപ്പിച്ചതിന് അടക്കമുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

പീഡനക്കേസിന് പുറമെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കുറ്റത്തിനും വിജയ് ബാബുവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ പരാതി പിന്‍വലിക്കാന്‍ നടിയുടെ മാതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇതിനെ എതിര്‍ത്ത വിജയ് ബാബു കോടതി നിര്‍ദേശിച്ച പ്രകാരം അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

അതേസമയം, സിനിമയില്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയെന്ന വാദവും വിജയ് ബാബു ഉന്നയിക്കുന്നുണ്ട്. കേസെടുത്തതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബു ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് കൊച്ചിയിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്ന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്ത് ചോദ്യം ചെയ്തിരുന്നു.

ഏപ്രില്‍ 22ന് ആണ് നടി കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഹോം സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ്ഒലീവ് ഡൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. ഇതിന് പിന്നാലെയാണ് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തി നടിയുടെ പേര് വെളിപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് നടന്‍ സൈജുകുറുപ്പിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. വിജയ്ബാബു ഒളിവില്‍ പോയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് കൈമാറിയതിനാണ് പൊലീസ് നടനെ ചോദ്യം ചെയ്തത്. ക്രെഡിറ്റ് കാര്‍ഡ് കൈമാറുമ്പോള്‍ ബലാത്സംഗ പരാതിയെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നായിരുന്നു സൈജു കുറുപ്പ് മൊഴി നല്‍കിയത്.












Click it and Unblock the Notifications