'വിനായകനെ ഞങ്ങള്‍ വെറുതെ വിടില്ല': ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച താരത്തിനെതിരെ ജനരോഷം, പരാതി
അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച നടന്‍ വിനായകനെതിരെ പൊലീസില്‍ പരാതി. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളാണ് നടനെതിരെ വിവിധ സ്റ്റേഷനുകളിലും മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും പരാതി നല്‍കിയിട്ടുള്ളത്. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച വിനായകനെതിരെ എത്രയും പെട്ടെന്ന് നടപടിയെടുക്കണമെന്നും ഇദ്ദേഹമാണ് സിനിമ മേഖലയിലെ ലഹരി മാഫിയ സംഘത്തിന്റെ തലവനെന്നുമാണ് കൊച്ചി അസി. പൊലീസ് കമ്മീഷ്ണർക്ക് നല്‍കിയ പരാതിയില്‍ എറണാകുളം ഡിസിസി ജനറല്‍ സെക്രട്ടറി അജിത് അമീർ ബാവ ആരോപിക്കുന്നത്.
'സമൂഹ മാധ്യമങ്ങളില്‍ കൂടി ബഹുമാനപ്പെട്ട മുന്‍ മുഖ്യമന്ത്രിയും ജനകീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടും അതിന് ശേഷം നടക്കുന്ന ചടങ്ങുകളേയും തരണംതാണ രീതിയില്‍ അപമാനിച്ച സിനിമ നടന്‍ കൂടിയായ ടികെ വിനായകന്‍ എന്നയാള്‍ക്കെതിരെ നടപടി എടുക്കണമെന്നും ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആളുകളുടെ വികാരം മാനിക്കണമെന്നും അപേക്ഷിക്കുന്നു. ഈ വ്യക്തിയാണ് സിനിമ മേഖലയിലെ ലഹരി-മാഫിയകളുടെ തലവന്‍. ഇയാളുടെ മാഫിയ-ഗുണ്ടാ ബന്ധം അന്വേഷിക്കണം'- ഡിസിസി ജനറല്‍ സെക്രട്ടറി പരാതിയിലൂടെ ആവശ്യപ്പെടുന്നു.

യൂത്ത് കോണ്‍ഗ്രസും വിനായകനെതിരെ സൈബർ സെല്ലില്‍ അടക്കം പരാതി നല്‍കിയിട്ടുണ്ട്. വലിയ പ്രതിഷേധമാണ് വിനായകെനെതിരെ ഉയർന്ന് വരുന്നത്. 'ഇപ്പോ പുതുപ്പള്ളിയിലാണ് വൈകിട്ട് വരെ സമയം കൊടുക്കും കേരള പോലീസിന്. അതുകഴിഞ്ഞ് നടപടി ഒന്നും കണ്ടില്ലെങ്കിൽ അവന് കാണിച്ചുകൊടുക്കും എറണാകുളത്തെ യൂത്ത് കോൺഗ്രസുകാർ ആരാണെന്ന്' എന്നാണ് എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസം രാത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ലൈവിലൂടെയായിരുന്നു ഉമ്മന്‍ ചാണ്ടിക്കും മാധ്യമങ്ങള്‍ക്കുമെതിരെ വിനായകന്‍ രംഗത്ത് വന്നത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെ വിനായകന്‍ ലൈവിലൂടെ ചോദിച്ചു. വിവാദമായതോടെ വിനായകന്‍ വീഡിയോ പിന്‍വലിച്ചിട്ടുണ്ട്.
'ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്. ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്' എന്നായിരുന്നു വിനായകന്റെ ചോദ്യം.












Click it and Unblock the Notifications