ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പോലീസ് കളികള്‍ പുറത്താകുന്നു, ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ല

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിനെതിരെ ഒരിക്കലും മൊഴി കൊടുത്തിട്ടില്ലെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍ മകന്‍ വിനീഷ്. രണ്ടുതവണ പോലീസ് മൊഴിയെടുത്തിരുന്നു. രണ്ടുതവണയും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. പോലീസ് വ്യാജമായിട്ടാണ് മൊഴി രേഖപ്പെടുത്തിയതെന്നും വിനീഷ് പറയുന്നു. വിനീഷിന്റെ വെളിപ്പെടുത്തല്‍ പോലീസിന് കൂടുതല്‍ തിരിച്ചടിയാകുകയാണ്.

കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പോലീസ് വ്യാജരേഖയുണ്ടാക്കി എന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പോലീസ് ആശുപത്രിയിലെത്തിച്ചത് എട്ടാം തിയ്യതി പുലര്‍ച്ചെയാണ്. കാര്യങ്ങള്‍ കൈവിടുമെന്ന് തോന്നിയ പശ്ചാത്തലത്തിലാണ് പോലീസ് പിന്നീട് തിടുക്കത്തിലുള്ള ചില നീക്കങ്ങള്‍ നടത്തിയത്...

മൊഴിയെടുക്കുന്നത് പിന്നീട്

മൊഴിയെടുക്കുന്നത് പിന്നീട്

ക്രൂര മര്‍ദ്ദനത്തിന് ഇരയായ യുവാവ് ഏറെ നേരം വേദന അനുഭവിച്ചുവെന്നാണ് വ്യക്തമാകുന്നത്. ശ്രീജിത്തിനെ ആശുപത്രിയില്‍ എത്തിച്ചതിന്റെ ശേഷമാണ് പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നതും മൊഴിയെടുക്കുന്നതും. എന്നാല്‍ പോലീസ് രേഖകളില്‍ മൊഴിയെടുത്തത് ഏഴാംതിയ്യതിയാണ്. ശ്രീജിത്തിനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള പോലീസിന്റെ നീക്കമാണിതെന്ന് സംശയിക്കുന്നു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകനും അയല്‍ക്കാരനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണൈന്നായിരുന്നു പോലീസ് വാദം. എന്നാല്‍ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശേഷമാണ് പരാതിക്കാരനില്‍ നിന്ന് മൊഴിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

ശ്രീജിത്ത് സ്‌റ്റേഷനിലും ഇല്ലായിരുന്നു

ശ്രീജിത്ത് സ്‌റ്റേഷനിലും ഇല്ലായിരുന്നു

എസ്‌ഐ ജയാനന്ദന് നല്‍കിയ മൊഴിയാണ് വിനീഷ് നിഷേധിച്ചിരിക്കുന്നത്. വീട്ടിലെത്തി മൊഴിയെടുത്തപ്പോഴും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ല. തന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത്ത് ഇല്ലായിരുന്നുവെന്ന് തന്നെയാണ് താന്‍ ഇതുവരെ പറഞ്ഞിട്ടുള്ളത്. പിന്നീട് വൈകുന്നേരം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി നിരവധി കടലാസുകളില്‍ പോലീസ് ഒപ്പിടുവിക്കുകയായിരുന്നു. സ്റ്റേഷനില്‍ ഈ സമയം ചിലരെ കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയിലുള്ള ശ്രീജിത്തിനെ വിനീഷ് തിരിച്ചറിഞ്ഞുവെന്നാണ് പോലീസ് വാദം. എന്നാല്‍ താന്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ശ്രീജിത്ത് അവിടെ ഇല്ലായിരുന്നുവെന്നും വിനീഷ് വ്യക്തമാക്കി.

പോലീസിന്റെ കളികള്‍

പോലീസിന്റെ കളികള്‍

പോലീസ് സ്‌റ്റേഷനിലേക്ക് പോയപ്പോള്‍ അവിടെ ശ്രീജിത്ത് ഉണ്ടായിരുന്നില്ല. ബോബനെയും ശരത്തിനെയും മാത്രമാണ് താന്‍ അവിടെ കണ്ടത്. സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരെ കാണിച്ചാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് പോലീസ് പുറത്തുവിട്ട മൊഴിയിലുള്ളത്. എന്നാല്‍ ഈ വേളയില്‍ അവിടെ ശ്രീജിത്ത് ഉണ്ടായിരുന്നില്ലെന്ന് വിനീഷ് പറയുന്നു. തന്റെ പരാതിയില്‍ ശ്രീജിത്ത് പ്രതിയല്ലെന്ന് വിനീഷ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പിന്നെ എന്തിനാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് ഉയരുന്ന ചോദ്യം. എന്നാല്‍ ശ്രീജിത്തിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പുറത്തുവിട്ട രേഖയില്‍ പറയുന്നുണ്ട്. കോടതിയിലെ രേഖകളിലും ശ്രീജിത്തിനെതിരെ പരാതിപ്പെട്ടതായി പറയുന്നില്ല. ഇതോടെയാണ് പോലീസ് നീക്കം സംശയത്തിന്റെ നിഴലിലായത്.

സംശയ നിഴലില്‍ റൂറല്‍ എസ്പിയും ടൈഗര്‍ ഫോഴ്‌സും

സംശയ നിഴലില്‍ റൂറല്‍ എസ്പിയും ടൈഗര്‍ ഫോഴ്‌സും

കസ്റ്റഡി മരണത്തില്‍ സംശയത്തിന്റെ നിഴലിലാകുന്നത് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിന് കീഴിലുള്ള ടൈഗര്‍ ഫോഴ്‌സാണ്. ഈ സംഘത്തിന്റെ പ്രവര്‍ത്തനം ദുരൂഹമാണെന്നാണ് പുറത്തുവരുന്ന വിവരം. ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ടൈഗര്‍ ഫോഴ്‌സ് പിരിച്ചുവിട്ടിരിക്കുകയാണ്. ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തി എസ്പി തന്നെ പിരിച്ചുവിടുന്ന കാര്യം അറിയിച്ചു. എആര്‍ ക്യാമ്പിലെ പോലീസുകാരാണ് ടൈഗര്‍ ഫോഴ്‌സിലുണ്ടായിരുന്നത്. ഇവര്‍ മഫ്തിയില്‍ എല്ലായിടത്തും കറങ്ങുക പതിവായിരുന്നു. ഏതെങ്കിലും സ്റ്റേഷന്‍ പരിധിയില്‍ ഇവരുടെ പ്രവര്‍ത്തനം നടക്കുന്നതോ ഇവര്‍ വരുന്നതോ ആരും അറിയില്ല. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോ സബ് ഇന്‍സ്‌പെക്ടറോ അറിയാതെയാണ് സംഘത്തിന്റെ വരവും പോക്കും.

ഡോക്ടര്‍മാരുടെ മൊഴിയും നിര്‍ണായകം

ഡോക്ടര്‍മാരുടെ മൊഴിയും നിര്‍ണായകം

ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ടൈഗര്‍ ഫോഴ്‌സ് ആയിരുന്നു. പിന്നീടാണ് ക്രൂരമര്‍ദ്ദനം യുവാവിന് നേരിടേണ്ടി വന്നത്. ആന്തരിക അവയവങ്ങള്‍ പോലും തകരുന്ന തരത്തിലാണ് മര്‍ദ്ദിച്ചത്. ശ്രീജിത്തിന്റെ മരണമാണ് ടൈഗര്‍ ഫോഴ്‌സിന് തിരിച്ചടിയായത്. പോലീസ് സേനക്ക് മൊത്തം മോശപ്പേരുണ്ടാക്കിയ ടൈഗര്‍ ഫോഴ്‌സിന്റെ പ്രവര്‍ത്തനം വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് എസ്പി തന്നെ അംഗങ്ങളെ ഓഫീസില്‍ വിളിച്ചുവരുത്തി. നിലവിലെ സാഹചര്യം വിവരിച്ചു. പിരിച്ചുവിടുകയാണെന്ന് അറിയിച്ചു. അംഗങ്ങളോട് ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെ പോകാനും നിര്‍ദേശിച്ചു. ശ്രീജിത്തിന് നേരത്തെ മര്‍ദ്ദനമേറ്റിരുന്നുവെന്നും കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റിട്ടില്ലെന്നുമാണ് പോലീസ് ന്യായീകരിച്ചിരുന്നത്. എന്നാല്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് മരണത്തിന് മുമ്പുള്ള മൂന്ന് ദിവസത്തിനുള്ളിലാണെന്നാണ് ഡോക്ടര്‍മാര്‍ മൊഴി നല്‍കിയത്. ഇതോടെ രക്ഷപ്പെടാനുള്ള പോലീസ് നീക്കം പാളിയിരിക്കുകയാണ്.

കത്വ പൈശാചിക പീഡനം; ബിജെപിയുടെ പങ്ക് വ്യക്തമായി, തുറന്നുപറഞ്ഞ് മന്ത്രി, പ്രതികളെ രക്ഷിക്കാന്‍ ശ്രമം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Srijith custodial death: Vineesh Deny the statement given to Police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്