'സുരേന്ദ്രനായിരുന്നു ഭേദം'; ആദ്യമെത്തി സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേദിയില്‍ നേരത്തെ എത്തി മുദ്രാവാക്യം വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വേദിയില്‍ മറ്റാരും ഇല്ലാതിരിക്കുമ്പോള്‍ തന്നെ എത്തി സീറ്റിലിരുന്ന രാജീവ് ചന്ദ്രശേഖര്‍ സദസിലുണ്ടായിരുന്ന ബി ജെ പി പ്രവര്‍ത്തകര്‍ വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.
സംസ്ഥാനത്തെ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉള്‍പ്പടെയുള്ള മന്ത്രിമാരെല്ലാം സദസിലിരിക്കെയാണ് രാജീവ് ചന്ദ്രശേഖറിന്റെ 'പ്രകടനം'. വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചത്. ഇതിന് തൊട്ടുമുന്‍പായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടായത്. വിഴിഞ്ഞം കമ്മീഷനിംഗ് ചടങ്ങിലേക്ക് ക്ഷണിക്കുന്നവരെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനമെടുത്തത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പേര് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നല്‍കിയ ലിസ്റ്റില്‍ ആണ് ഇദ്ദേഹത്തിന്റെ പേര് കൂട്ടിച്ചേര്‍ത്തത്. വിഴിഞ്ഞം പദ്ധതി സംബന്ധിച്ച അവകാശവാദങ്ങള്‍ യു ഡി എഫും എല്‍ ഡി എഫും ഉന്നയിക്കുന്നതിനിടെയാണ് പദ്ധതിയില്‍ സാമ്പത്തിക സഹായം ഒന്നും നല്‍കാത്ത കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയുടെ പ്രതിനിധി വേദിയിലിരുന്ന് ഇത്തരത്തില്‍ പെരുമാറിയത്.
താന്‍ ഉദ്ഘാടന വേദിയില്‍ ആയിരത്തോളം ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം നേരത്തെ എത്തി എന്ന് പറഞ്ഞുള്ള ട്വീറ്റും രാജീവ് ചന്ദ്രശേഖര്‍ പങ്ക് വെച്ചിട്ടുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെ എല്ലാവരും വിമര്‍ശിക്കുന്നുണ്ട്. ഇതിലും ഭേദം മുന്‍ അധ്യക്ഷന്‍ സുരേന്ദ്രനായിരുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ചിലര്‍ രാജീവ് ചന്ദ്രശേഖറിനെ അല്‍പന്‍ എന്നും വിശേഷിപ്പിക്കുന്നുണ്ട്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും രാജീവ് ചന്ദ്രശേഖറിന്റെ നടപടിയെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിട്ടുണ്ട്.
'നിങ്ങള്‍ ക്യാമറ ആ വേദിയിലേക്കൊന്ന് തിരിച്ചു നോക്കൂ. അവിടെ ഒരു വ്യക്തിയിരിക്കുന്നത് കാണാം. കണ്ടില്ലേ അദ്ദേഹം മുദ്രാവാക്യം വിളിക്കുകയാണ്. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിമാരില്‍ ആരൊക്കെ ഇരിക്കണം എന്ന് അവിടെ നിശ്ചയിച്ചിട്ടുണ്ട്. അത് ശരിയാണ്, എല്ലാ മന്ത്രിമാരും അവിടെ പോയി ഇരിക്കേണ്ട. ധനകാര്യ മന്ത്രി സദസില്‍ ഇരിക്കുകയാണ്. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് ഒരു സര്‍ക്കാര്‍ പരിപാടിക്ക് ഇരിക്കുകയാണ്.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടുകയാണ്. ജനാധിപത്യ വിരുദ്ധമല്ലേ. ഈ ഇരിക്കുന്ന ഇദ്ദേഹം ഒരു മാന്യത കാണിക്കണ്ടേ. ഇതൊക്കെ അല്‍പ്പത്തരമല്ലേ. സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ഇത് മലയാളി പൊറുക്കില്ല. ഞങ്ങള്‍ക്ക് അധികാരമുണ്ടെങ്കില്‍ എന്ത് വൃത്തികേടും ചെയ്യും എന്നാണ് ഇതിലൂടെ ബിജെപി പറയുന്നത്. മലയാളി ഇത് അല്‍പ്പത്തരമായി തന്നെ കണക്കാക്കും,' റിയാസ് മീഡിയ വണ്ണിനോട് പറഞ്ഞു.
വിഴിഞ്ഞം ഇനി നാടിന് സ്വന്തം
അതിനിടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതിലൂടെ രാജ്യത്തിനും കേരളത്തിനും സാമ്പത്തികമായി വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയുമെന്ന് മോദി പറഞ്ഞു. അനന്തപത്മനാഭന്റെ മണ്ണിലേക്ക് വരാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് കേരളത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
വിഴിഞ്ഞം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായി മാറാന്‍ പോകുകയാണെന്നും പദ്ധതി രൂപപ്പെടുത്തിയതും നടപ്പിലാക്കിയതും എല്‍ഡിഎഫ് സര്‍ക്കാരാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ ഒരുമയും ജനങ്ങളും ജനങ്ങളുടെ ഐക്യവും കൊണ്ടാണ് ഇത്തരം പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications