വിഴിഞ്ഞത്ത് കിണറ്റിൽ കുടുങ്ങിയ തൊഴിലാളിയെ കണ്ടെത്തി; പുറത്തെടുക്കാൻ ശ്രമം തുടരുന്നു
വിഴിഞ്ഞം മുക്കോലയിൽ മണ്ണ് നീക്കുന്നതിനിടെ കിണറിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശി മഹാരാജനെ കണ്ടെത്തി. ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. ഫയർഫോഴ്സും എൻഡിആർഎഫും വിദഗ്ദ തൊഴിലാളികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
മണ്ണ് നീക്കം ചെയ്ത് 80 അടി താഴ്ചയോളം എത്തിയപ്പോൾ മഹാരാജാിനെ കൈ കണ്ടതായി രക്ഷാപ്രവർത്തകർ അറിയിക്കുകയായിരുന്നു. ഇതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു.കിണറിന്റെ വശത്ത് നിന്ന് അനിയന്ത്രിതമായി ഉറവ പൊട്ടി മണ്ണും ചെളിയും ഒലിച്ചിറങ്ങുന്നുണ്ട്. ഇതാണ് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി തീർക്കുന്നതെന്ന് ഡെപ്യൂട്ടി കളക്ടർ വി ജയമോഹൻ പറഞ്ഞു. രക്ഷാപ്രവർത്തനം നിലവിൽ 48 മണിക്കൂർ പിന്നിട്ടു.

ഫയർഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം ആദ്യം ആരംഭിച്ചത്. ഇന്നലെ രാത്രിയോടെയാണ് എൻഡിആർഎഫിൻറെ 26 അംഗ സംഘം ആലപ്പുഴയിൽ നിന്ന് എത്തിയത്. കൊല്ലം പൂയപ്പള്ളിയിലെ വിദഗ്ദരായ കിണർ പണിക്കാരുടെ സംഘവും ഇവർക്കൊപ്പം ചേർന്നു.
ജൂലൈ 8നാണ് കിണർ വൃത്തിയാക്കുന്നതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളി കിണറ്റിലേക്ക് വീണത്. പഴയ റിങ്ങുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നതിനിടെയാണ് മഹാരാജ് അപകടത്തിൽപ്പെട്ടത്. തമിഴ്നാട് പാർവതിപുരം സ്വദേശിയാണ്.












Click it and Unblock the Notifications