വർഷങ്ങൾക്ക് ശേഷം വിഎസ് അച്യുതാനന്ദന്റെ തിരിച്ച് വരവ്, ആദ്യത്തെ ആക്രമണം മോദിക്ക് നേരെ!
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ഫേസ്ബുക്കിലേക്ക് തിരിച്ച് എത്തി വിഎസ് അച്യുതാന്ദൻ. നിലവില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കുന്ന വിഎസ് മൂന്ന് വര്‍ഷത്തോളമായി ഫേസ്ബുക്കില്‍ സജീവമേ അല്ലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിഎസിന്റെ പേജില്‍ ആളനക്കമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തിയതോടെ വിഎസ് തന്റെ ഫേസ്ബുക്ക് പേജ് പൊടി തട്ടിയെടുത്തിരിക്കുകയാണ്.
സുരേന്ദ്രന്റെ വിധി തുഷാർ വെളളാപ്പളളിയുടെ കയ്യിൽ, തുഷാർ മനസ്സ് വെച്ചാൽ സുരേന്ദ്രന് പത്തനംതിട്ട സീറ്റ്
2016 ജൂണ്‍ ഒന്നിനാണ് വിഎസ് ഇതിന് മുന്‍പ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പുതിയ പോസ്റ്റില്‍ വിഷയം ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്നെയാണ്. മോദി രാജില്‍ നിന്ന് സ്വാതന്ത്ര്യം നേടാനുളള നിര്‍ണായക പോരാട്ടമായി ഈ തിരഞ്ഞെടുപ്പിനെ കാണണം എന്ന് വിഎസ് പോസ്റ്റില്‍ പറയുന്നു.
പോസ്റ്റ് വായിക്കാം: ''നരേന്ദ്രമോദിയും സംഘവും ഇന്ത്യയെ സാമ്രാജ്യത്വ മൂലധനശക്തികൾക്കും ശിങ്കിടി മുതലാളികൾക്കും വിറ്റുകൊണ്ടിരിക്കുകയാണ്. തകരുന്ന സമ്പദ് വ്യവസ്ഥയുടെയും കൊടികുത്തി വാഴുന്ന അഴിമതിയുടേയും കെടുകാര്യസ്ഥതയുടെയും വിള്ളലുകളിലൂടെ, ഫിനാൻസ് മൂലധന ശക്തികള്‍ കടന്നു കയറി അധികാരമുറപ്പിക്കുകയാവും ഫലം.
നൂറ്റാണ്ടുകൾ അടിമത്തത്തിലായിരുന്ന നമ്മുടെ രാജ്യം പൊരുതി നേടിയ സ്വാതന്ത്ര്യം പോലും അപകടത്തിലായിരിക്കുന്നു. മത ജാതി വൈരങ്ങൾ ജനങ്ങൾക്കിടയിൽ പടർത്തുന്ന വർഗ്ഗീയ വിഷം ഭരണ സിരാകേന്ദ്രങ്ങളിൽ നിന്നു തന്നെ വമിക്കുന്ന സ്ഥിതിയാണുള്ളത്. രാജ്യം പൂർണ്ണമായി വില്‍ക്കപ്പെടുന്നതിന് മുമ്പ്, തകർക്കപ്പെടുന്നതിനു മുമ്പ്, മോദി രാജില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള നിർണ്ണായക പോരാട്ടമായി ഈ ലോക്സഭാ തെരഞ്ഞെടുപ്പിനെ നാം കാണണം''.