മാവോയിസ്റ്റുകളെ കൊന്നത് തെറ്റെന്ന് വി എസ്, പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചു...

  • By: Afeef Musthafa
Subscribe to Oneindia Malayalam

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് തെറ്റെന്ന് ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സംഭവത്തില്‍ പ്രതിഷേധമറിയിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.

ചെയ്യാന്‍ പാടില്ലാത്തതാണ് നിലമ്പൂരില്‍ പോലീസുകാര്‍ ചെയ്തതെന്നും, വെടിവെച്ചു കൊല്ലേണ്ട സാഹചര്യം അവിടെ ഇല്ലായിരുന്നെന്നും വി എസിന്റെ കത്തില്‍ പറയുന്നുണ്ടെന്നാണ് സൂചന. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്. മാവോയിസ്റ്റുകളെ കൊന്ന സംഭവത്തില്‍ ആദ്യമായാണ് വി എസ് പ്രതികരിക്കുന്നത്. നിലമ്പൂരിലെ മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.

vsachuthananthan

നിലമ്പൂര്‍ വെടിവെയ്പിനെ സംബന്ധിച്ച് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടുണ്ട്. പെരിന്തല്‍മണ്ണ സബ് കളക്ടറോടാണ് സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. ഡി ജി പി യുടെ ഉത്തരവു പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഡിസംബര്‍ അഞ്ചു വരെ മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ മഞ്ചേരി സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നതിനെതിരെ വന്‍പ്രതിഷേധമാണ് സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും ഉയരുന്നത്. പോരാട്ടം പ്രവര്‍ത്തകരും എ ഐ വൈ എഫ് പ്രവര്‍ത്തകരും മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിച്ചിരുന്നു.

English summary
VS Achuthananthan against Nilambur Maoist encounter.
Please Wait while comments are loading...