നാട്ടിലേക്ക് മടങ്ങിയത് കൊണ്ട് രക്ഷപ്പെട്ടു, സ്‌കൂളും പ്രിയപ്പെട്ടവരും നഷ്ടമായി; വിതുമ്പി അധ്യാപകന്‍
കോഴിക്കോട്: ഒരു അധ്യാപകന് എത്രത്തോളം വേദന സഹിക്കാന്‍ പറ്റും? അതിനേക്കാള്‍ എല്ലാം മുകളിലാണ് ഉണ്ണികൃഷ്ണന്‍ എന്ന അധ്യാപകന്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. തന്റെ കുട്ടികളെയും പ്രിയപ്പെട്ടവരെയുമെല്ലാം ഉരുള്‍പ്പൊട്ടലില്‍ നഷ്ടമായെന്ന് അദ്ദേഹത്തിന് വിശ്വസിക്കാനേ സാധിക്കുന്നില്ല.
18 വര്‍ഷമായി ചൂരല്‍മല വെള്ളാര്‍മല സ്‌കൂളില്‍ അധ്യാപകനാണ് ഉണ്ണികൃഷ്ണന്‍. അദ്ദേഹം ഏറെ സ്‌നേഹിക്കുന്ന നാട്ടുകാരെയും സ്‌കൂളിനെയും തന്നെ പ്രകൃതി ക്ഷോഭത്തില്‍ നഷ്ടമായിരിക്കുകയാണ്. സ്‌കൂള്‍ തന്നെ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. വിതുമ്പി കരയാന്‍ മാത്രമാണ് അദ്ദേഹത്തിന് സാധിക്കുന്നത്. കുട്ടികളുടെ കാര്യം ആലോചിച്ചാണ് അദ്ദേഹം ഏറെ പ്രയാസപ്പെടുന്നത്.

സ്‌കൂളിലെ കുട്ടികളെ പലരെയും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന് ഉണ്ണികൃഷ്ണന്‍ പറയുന്നു. എന്നാല്‍ ഭാഗ്യം അദ്ദേഹത്തിനൊപ്പമില്ലായിരുന്നു. ഇതുവരെ അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേസമയം ഭാഗ്യം കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഉണ്ണികൃഷ്ണന്‍ മാഷ് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
ഇന്നലെ രാവിലെ സ്വദേശമായ ആലപ്പുഴയിലേക്ക് പോയിരുന്നു ഉണ്ണിക്കൃഷ്ണന്‍. ഇതുകൊണ്ട് മാത്രമാണ് ദുരന്തത്തില്‍ നിന്ന് അദ്ദേഹം രക്ഷപ്പെട്ടത്. കാരണം സ്‌കൂളിന് സമീപത്ത് തന്നെയാണ് ഈ അധ്യാപകന്‍ താമസിക്കുന്നത്. തീര്‍ച്ചയായും വലിയ ഭാഗ്യം തന്നെയാണ് അദ്ദേഹത്തിന്റേത്.
അതേസമയം തന്റെ പ്രിയപ്പെട്ടവരെല്ലാം വിട്ടുപോയത് കാണേണ്ടി വന്നുവല്ലോ എന്ന വേദനയാണ് ഉണ്ണികൃഷ്ണന് ഇപ്പോഴുള്ളത്. ചൂരല്‍മലയിലേക്ക് അദ്ദേഹം തിരികെ പോവുകയാണ്. പ്രിയപ്പെട്ടവരില്‍ പലരെയും കാണണം. എല്ലാമെല്ലാമായ കുട്ടികളെയും ഒന്ന് കാണാനായിട്ടാണ് അദ്ദേഹം മടങ്ങുന്നത്. നേരത്തെ ഇതേ സ്‌കൂളിലെ അധ്യാപികയായ ഭവ്യയും കുട്ടികളെ കാണാനില്ലെന്ന ആശങ്ക പങ്കുവെച്ചിരുന്നു.
സ്‌കൂളിലെ 22 കുട്ടികളെ കുറിച്ചാണ് യാതൊരു വിവരവുമില്ലെന്ന് ടീച്ചര്‍ പറഞ്ഞത്. സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കൂടിയാണ് അവര്‍. 582 കുട്ടികള്‍ ഒന്ന് മുതല്‍ 12 ക്ലാസുകളിലായി ഉണ്ടെന്നും, എന്നാല്‍ അതില്‍ 22 കുട്ടികളെയാണ് ഇപ്പോള്‍ വിളിച്ചിട്ട് കിട്ടാതിരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. വിളിച്ചിട്ട് കിട്ടാത്തവരെല്ലാം ദുരന്തമേഖലയില്‍ താമസിക്കുന്നവരാണെന്നും അധ്യാപിക പറഞ്ഞു.
അതേസമയം വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധികളുണ്ടെങ്കിലും പുരോഗമിക്കുന്നുണ്ട്. ഹാരിസന്‍ പ്ലാന്റിന്റെ ബംഗ്ലാവില്‍ കുടുങ്ങിയവരെ എല്ലാം സൈന്യം രക്ഷപ്പെടുത്തി. എല്ലാവരും സുരക്ഷിതരായി മേപ്പാടിയിലെത്തി. 300 പേരെയും സൈന്യം രക്ഷപ്പെടുത്തി. ചൂരല്‍ മലയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് താല്‍ക്കാലിക പാലം നിര്‍മിച്ചിട്ടുണ്ട്.
രാത്രിയായതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണെന്ന് സൈന്യം അറിയിച്ചു. നാളെ രണ്ട് മെഡിക്കല്‍ ചെക്‌പോസ്റ്റ് കൂടി സൈന്യം സ്ഥാപിക്കും. നാളെ അതിരാവിലെ മുതല്‍ തിരുവനന്തപുരത്ത് നിന്നുള്ള രണ്ട് കോളം സൈനിക സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications