പൂച്ചയെ നോക്കാന്‍ പോയതാ; ഞങ്ങളെ കണ്ടപ്പോള്‍ ചുറ്റും കിടന്ന് ഓടുകയായിരുന്നു ഇവന്‍, എടുത്തോണ്ട് പോന്നു
മേപ്പാടി: ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട ചൂരല്‍മല-മുണ്ടക്കൈ മേഖലയില്‍ നാലാം ദിവസവും തിരച്ചില്‍ ഊർജ്ജിതമാണ്. ഉരുള്‍പൊട്ടലിന് മുമ്പും ശേഷവുമൊക്കെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമൊക്കെ പേയവർ തിരികെ പ്രദേശത്തേക്ക് വന്ന് തുടങ്ങിയിരിക്കുന്നു. അട്ടമല സ്വദേശികളായ ഷാജിയും സന്തോഷും പ്രസവിച്ച് കിടക്കുന്ന പൂച്ചയെ അന്വേഷിച്ചാണ് വീട്ടിലേക്ക് പോയത്.
തിരികെ വന്ന് മടങ്ങുമ്പോഴാണ് അയല്‍പക്കത്തെ വളർത്തു നായ സുബ്ബുവും ഷാജിക്കും സന്തോഷിനും കൂടെകൂടിയത്. 'പൂച്ച പ്രസവിച്ച് കിടക്കുന്നതിനാല്‍ തന്നെ അതിനെ ഇങ്ങോട്ടേക്ക് കൊണ്ടുവരാന്‍ സാധിക്കില്ല. അതിന് ഫൂഡ് കൊടുക്കാന്‍ പോയപ്പോഴാണ് ഇവനെ കാണുന്നത്. എന്നെ കണ്ടപ്പോള്‍ വിടുന്നില്ല. കാലിന് ചുറ്റുംകിടന്ന് ഓടുകയാണ്. അങ്ങനെ എടുത്ത് കൊണ്ട് വരികയാണ്' സുബ്ബുവിനെ എടുത്തുകൊണ്ട് ഷാജി വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.

കുറച്ച് ഉപ്പുമാവ് എന്റെ കയ്യില്‍ ഉണ്ടായിരുന്നു. അത് കൊടുത്തെങ്കിലും അവന് തിന്നാന്‍ സാധിക്കുന്നില്ല. പേടിച്ച് പോയതാണെന്ന് തോന്നുന്നു. ആദ്യം എന്നെ കണ്ടപ്പോള്‍ വീടിന് അകത്തേക്ക് ഓടിപ്പോയിരുന്നു. പക്ഷെ പേര് വിളിച്ചപ്പോള്‍ ഓടിവന്നു. താഴെ എത്തിച്ച് ബിസ്കറ്റും വെള്ളവുമൊക്കെ കൊടുത്തപ്പോള്‍ കഴിച്ചു. ക്യാമ്പിലേക്ക് കൊണ്ടുപോകുകയാണെന്നും ഷാജി വ്യക്തമാക്കുന്നു.
അങ്ങോട്ട് പോകുമ്പോള്‍ പോലീസുകാരും മറ്റുമൊക്കെ ആദ്യം തടഞ്ഞിരുന്നു. എന്നാല്‍ പൂച്ചയ്ക്ക് ഭക്ഷണം കൊടുക്കാനാണ് പോകുന്നത് പറഞ്ഞപ്പോള്‍ ഞങ്ങള്‍ രണ്ടുപേരേയും വിട്ടു. തിരിച്ച് വരുമ്പോള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ കണ്ടിരുന്നു. അവരും ഇവനെക്കുറിച്ച് ചോദിച്ചു. ഞങ്ങളുടെ ഫോണ്‍ നമ്പറൊക്കെ വാങ്ങിവെച്ചിട്ടുണ്ട്. എന്ത് ആവശ്യമുണ്ടെങ്കിലും അവരെ വിളിച്ചാല്‍ മതി. ഭക്ഷണം അവർ എത്തിച്ചുകൊള്ളാമെന്നും പറഞ്ഞിട്ടുണ്ട്.
നമുക്ക് പോകണമെങ്കില്‍ പോകാം, പക്ഷെ ക്യാമ്പില്‍ ആയതുകൊണ്ട് തന്നെ ഇത്രയും ദൂരം എത്തല്‍ പ്രയാസമാണല്ലോ, അത് കണ്ടിട്ടാണ് അവർ ഭക്ഷണം കൊണ്ടുപോയി കൊടുക്കാമെന്ന് പറഞ്ഞത്. പേർഷ്യന്‍ വിഭാഗത്തില്‍പ്പെട്ട വളർത്ത് പൂച്ചയാണ്. അത് പ്രത്യേക തീറ്റയാണല്ലോ കഴിക്കാറുള്ളത്. സാധാരണ ആവശ്യത്തിന് മാത്രം ഉള്ളതാണ് കൊടുക്കാറുള്ളത്. എന്നാലിപ്പോള്‍ ഉണ്ടായിരുന്ന തീറ്റ മുഴുവന്‍ ഇട്ടുകൊടുത്തിട്ടുണ്ട്. വേറെ പൂച്ചകളുണ്ടെങ്കില്‍ അവരും വന്ന് കഴിക്കട്ടേയെന്നും ഷാജി പറയുന്നു.
അട്ടമല പ്രദേശത്തെ ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചിട്ടില്ല. അവിടേക്കുള്ള റോഡ് പോയെന്നേയുള്ളു. അട്ടമലയിലുണ്ടായിരുന്നു കുറച്ച് പേരൊക്കെ ഉരുള്‍പൊട്ടലിന് മുമ്പ് തന്നെ താഴെ ക്യാമ്പുകളിലേക്കും മറ്റ് ബന്ധുവീടുകളിലേക്കും മാറിയിരുന്നു. മുന്നറിയിപ്പ് തന്നിരുന്നു. ഞാനൊക്കെ അങ്ങനെ മാറിയതാണ്. അമ്മയുടെ വീടൊക്കെ മുണ്ടക്കൈയിലായിരുന്നു. ആ വീടൊക്കെ ഒലിച്ചുപോയി. പക്ഷെ തലേന്ന് തന്നെ അവരൊക്കെ മാറിയതുകൊണ്ട് ജീവന്‍ ബാക്കിയായി.
21 കുടുംബങ്ങളാണ് അട്ടമലയില്‍ ഒറ്റപ്പെട്ട് പോയത്. പിറ്റേദിവസം ഹെലികോപ്ടറിലാണ് അവരില്‍ പലരേയും പുറത്ത് എത്തിച്ചത്. പ്രായം ഉള്ളവരൊക്കെ ഉണ്ടായിരുന്നു. എല്ലാവരും ഇപ്പോള്‍ ക്യാമ്പില്‍ സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications