'തുക കടലാസില്‍ മാത്രമുള്ളൂ അല്ലേ?, കേന്ദ്രത്തെ ബോധ്യപ്പെടുത്തിയോ?'; വയനാട് പാക്കേജില്‍ ഹൈക്കോടതി
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കൂടുതല്‍ സഹായം കിട്ടാന്‍ കേരളത്തിന് അര്‍ഹതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തണമെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ ഇക്കാര്യം ബോധ്യപ്പെടുത്തണം എന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടുതല്‍ സഹായം ലഭിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കിടയില്‍ മധ്യസ്ഥതയ്ക്ക് തയാറാണെന്നും കോടതി വ്യക്തമാക്കി.
ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആണ് ഇക്കാര്യം അറിയിച്ചത്. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 700 കോടിയോളം രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഉണ്ട്. എന്നാല്‍ ഇതില്‍ ചെലവഴിക്കാവുന്ന മിച്ചമുള്ളത് 61 കോടി രൂപ മാത്രമാണ് എന്നാണ് അമിക്കസ് ക്യൂരി പറയുന്നത്. വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിന് 2300 കോടിയോളം രൂപയുടെ പാക്കേജ് അനുവദിക്കണം എന്നാണ് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

782.99 കോടി രൂപയായിരുന്നു ഒക്ടോബര്‍ ഒന്നുവരെ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡിസംബര്‍ 10 ലെ കണക്ക് വെച്ച് ഇത് 700. 5 കോടി രൂപയാണ്. അതേസമയം ഇത് സംസ്ഥാനത്തെ മുഴുവന്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയുളളതാണ് എന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസത്തിന് മാത്രമായി ഇത് ഉപയോഗിക്കാനാകില്ല.
ആകെയുളള 700.5 കോടിയില്‍ 471 കോടിയോളം രൂപ സംസ്ഥാനത്തെ വിവിധ ആവശ്യങ്ങള്‍ക്കായി കൊടുത്തു തീര്‍ക്കാനുളളതാണ് എന്നും മറ്റൊരു 128 കോടി രൂപ കൂടി മറ്റാവശ്യങ്ങള്‍ക്ക് മാറ്റി വയ്‌ക്കേണ്ടതുണ്ട് എന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുനരധിവാസത്തിന് ഭൂമി വാങ്ങാന്‍ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് പണമെടുക്കരുത് എന്ന് ചട്ടമുണ്ട് എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ ടൗണ്‍ ഷിപ്പ് അടക്കം ഉണ്ടാക്കേണ്ടതുണ്ട്. ഇതിന് അധികം തുക കണ്ടെത്തേണ്ടതായി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാടിന് മാത്രമായി 682 കോടി രൂപയാണ് ലഭിച്ചത്. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ച തുകയും ഇതില്‍ ഉള്‍പ്പെടും. അതേസമയം ഇക്കാര്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാരിനെ കൂടി ബോധ്യപ്പെടുത്തണം എന്നാണ് ഹൈക്കോടതി പറഞ്ഞു.
' സര്‍ക്കാര്‍ സമര്‍പ്പിച്ച കണക്കില്‍ നിന്ന് എസ് ഡി ആര്‍ എഫ് തുക കടലാസില്‍ മാത്രമേയുളളുവെന്നാണ് മനസിലാകുന്നത്. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനെക്കൂടി ബോധ്യപ്പെടുത്തണം. കേന്ദ്ര സര്‍ക്കാരിന് കൂടി വിശ്വാസ യോഗ്യമായ ഏജന്‍സിയെ നിയോഗിച്ച് യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണം. ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്,' കോടതി പറഞ്ഞു.
സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ ഇപ്പോഴുളള തുക, തുകയുടെ മുന്‍കൂട്ടി നിശ്ചയിച്ച വിനിയോഗം, തുടര്‍ന്നുള്ള വിനിയോഗം വയനാടിന് അധികമായി വേണ്ട തുക തുടങ്ങിയ കാര്യങ്ങള്‍ വിശദീകിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡിസംബര്‍ 18 ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം എന്നും ഇത് കോടതി തന്നെ കേന്ദ്രത്തിന് കൈമാറാമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.












Click it and Unblock the Notifications