വയനാട്ടില്‍ ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു, ചാലിയാറിലെ തിരച്ചില്‍ തിങ്കളാഴ്ച്ചയോടെ അവസാനിപ്പിക്കും
മുണ്ടക്കൈ: വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ മേഖലയിലെ ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. മുണ്ടക്കൈ, പുഞ്ചിരിമട്ടം ഭാഗത്തെ തിരച്ചിലാണ് അവസാനിച്ചത്. ചാലിയാറിലെ തിരച്ചിലും അവസാനിപ്പിച്ചു. ചാലിയാറില്‍ നാളെ രാവിലെ ഏഴ് മണിയോടെ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് പരിശോധന നടത്തും. അതേസമയം തിങ്കളാഴ്ച്ച ചാലിയാറിലെ തിരച്ചില്‍ പൂര്‍ണമായും അവസാനിപ്പിക്കും.
ഇനിയും 206 പേരെ കണ്ടെത്താനുണ്ട്. അതേസമയം ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 365 ആയി ഉര്‍ന്നിട്ടുണ്ട്. ദൗത്യം വസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിട്ടുണ്ട്. 148 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ദുരന്തം നിറഞ്ഞ കാഴ്ച്ചയാണ് വയനാട്ടില്‍ ഇന്നും കാണാനാവുക. ഉരുള്‍പ്പൊട്ടലില്‍ 2.5 കോടി രൂപയുടെ നഷ്ടമുണ്ടായതായിട്ടാണ് മൃഗസംരക്ഷ വകുപ്പിന്റെ പ്രാഥമികമായ വിലയിരുത്തല്‍. ശനിയാഴ്ച്ച വരെയുള്ള കണക്കുകള്‍ പ്രകാരം 26 പശുക്കളും 7 കിടാരികളും, 310 കോഴികളുമാണ് ചത്തത്. ഏഴ് കന്നുകാലി ഷെഡുകളും നശിച്ചു. ഒഴുക്കില്‍പ്പെട്ടും മണ്ണിനടിയില്‍പ്പെട്ടും 107 കന്നുകാലികളെ കാണാതായിട്ടുണ്ട്.
നിരവധി വളര്‍ത്തുമൃഗങ്ങളെയും കാണാതായിട്ടുണ്ട്. മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണന വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും, മുന്‍ഗണേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നതെന്നും മന്ത്രി അറിയിച്ചു.
അതേസമയം മരിച്ചവരില്‍ മുപ്പത് കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 93 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 10042 പേരാണ് കഴിയുന്നത്. തിരിച്ചറിയാനാവാത്ത മൃതദേഹങ്ങള്‍ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. ഇന്ന് നാല് മൃതദേഹങ്ങളാണ് ദുരന്തഭൂമിയില്‍ നിന്നും കണ്ടെടുത്തത്. ഉരുള്‍പ്പൊട്ടല്‍ ബാധിച്ച എല്ലാ സ്ഥലങ്ങളിലും ഇന്ന് തിരച്ചില്‍ നടത്തിയിരുന്നു.
വിവിധ സേനകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് ഇന്നും തിരച്ചില്‍ നടത്തിയത്. ഇന്ന് തമിഴ്‌നാട് ഫയര്‍ഫോഴ്‌സിന്റെ ഡോഗ് സ്‌ക്വാഡ് സഹകരണവും ലഭിച്ചിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പുഞ്ചിരിമട്ടം, ചൂരല്‍മല, മുണ്ടക്കൈ ഒപ്പം തന്നെ സൂചിപ്പാറയിലെ താഴ്ഭാഗങ്ങള്‍, ചാലിയാര്‍ പുഴയിലെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെ പരിശോധനയാണ് നാളെയും തുടരുക.
ആരെയും അഞ്ചാം ദിനത്തിലും ജീവനോടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ചാലിയാറില്‍ നിന്ന് മാത്രമായി ഇന്ന് പന്ത്രണ്ട് മൃതദേഹങ്ങള്‍ ലഭിച്ചിട്ടുണ്ട്. പുഴ ഗതിമാറിയൊഴുകിയ സ്ഥലങ്ങളില്‍ അടക്കം നാളെ പരിശോധന നടത്തും. തിങ്കളാഴ്ച്ചയാണ് വിശദമായ പരിശോധന നടത്തുക.












Click it and Unblock the Notifications