Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയങ്ക ഗാന്ധി ബിജെപിയുടെ പ്രചരണം ഏറ്റുപിടിച്ചു': കേന്ദ്രത്തെ വെള്ളപൂശാനുള്ള പുറപ്പാടെന്നും ഐസക്

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനഃരധിവാസവുമായി ബന്ധപ്പെട്ട് കേരള സർക്കാറിനെതിരെ വിമർശനം ഉന്നയിച്ച പ്രിയങ്ക ഗാന്ധിക്ക് മറുപടിയുമായി തോമസ് ഐസക്. 'പുനരധിവാസത്തിന് കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലായെന്നൊരു ആഖ്യാനം സൃഷ്ടിക്കുന്നതിന് ബിജെപിയും കോൺഗ്രസും ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രചാരണം ഏറ്റുപിടിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തത്.' എന്നാണ് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിക്കുന്നത്.

തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

വയനാട് എംപി ശ്രീമതി. പ്രിയങ്ക ഗാന്ധി തന്റെ ആദ്യ വയനാട് സന്ദർശനം ഉപയോഗപ്പെടുത്തിയത് വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ഉപേക്ഷ കാണിക്കുന്ന കേന്ദ്ര സർക്കാരിനെയും സംസ്ഥാന സർക്കാരിനെയും വിമർശിക്കുന്നതിനാണ്. ദുരന്തനിവാരണത്തിൽ ഈ സർക്കാർ പുലർത്തുന്ന മികവ് ലോകപ്രശസ്തമാണ്.

priyanka-gandhi

നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം, ഉരുൾപൊട്ടലുകൾ, നിപ, കോവിഡ് തുടങ്ങിയ സന്ദർഭങ്ങളിലെല്ലാം കേരള ജനത ഇത് തൊട്ടറിഞ്ഞിട്ടുള്ളതാണ്. എല്ലാവരെയും യോജിപ്പിച്ച് വലിയതോതിൽ ജനങ്ങളെ സന്നദ്ധപ്രവർത്തനങ്ങളിൽ അണിനിരത്തിയും സംസ്ഥാന ഉദ്യോഗസ്ഥരെയും സേനകളെയും ഉപയോഗപ്പെടുത്തിയും വയനാട് നടന്ന ദുരന്തനിവാരണത്തെ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾപോലും വിമർശനം ഉന്നയിച്ചിട്ടില്ല. അപ്പോൾ പിന്നെ പ്രിയങ്ക ഗാന്ധി എന്താണ് ഉന്നംവച്ചത്?

പുനരധിവാസത്തിന് കേരള സർക്കാർ ഒന്നും ചെയ്തിട്ടില്ലായെന്നൊരു ആഖ്യാനം സൃഷ്ടിക്കുന്നതിന് ബിജെപിയും കോൺഗ്രസും ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ആ പ്രചാരണം ഏറ്റുപിടിക്കുകയാണ് പ്രിയങ്ക ഗാന്ധി ചെയ്തത്. കേരള സർക്കാർ സ്വീകരിച്ച പല നടപടികളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേട്ടുകേൾവിപോലും ഇല്ലാത്തതാണ്.

ഉദാഹരണത്തിന് ടൗൺഷിപ്പ് പണിത് പുനരധിവസിപ്പിക്കുന്നതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 800-ൽപ്പരം കുടുംബങ്ങൾക്ക് പ്രതിമാസം 6000/- രൂപ വീതം വാടക നൽകുന്നതിനാണു തീരുമാനം. ഇതിന് ഏതാണ്ട് 50 ലക്ഷം രൂപ വീതം പ്രതിമാസം ചെലവാക്കിക്കൊണ്ടിരിക്കുകയാണ്.

മറ്റൊന്ന്, ദുരന്തഭൂമിയിൽ താമസിച്ചിരുന്നവരുടെ ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതായി. ഓരോ കുടുംബത്തിലും രണ്ട് പേർക്കുവീതം തൊഴിലുറപ്പുകൂലി സർക്കാർ ഉപജീവനസഹായമായി നൽകിക്കൊണ്ടിരിക്കുകയാണ്.

പലർക്കും അറിയേണ്ടത് എത്ര രൂപ ചെലവാക്കിയെന്നാണ്.

  • ക്യാമ്പുകളിലെ ഭക്ഷണത്തിനും വസ്ത്രങ്ങൾക്കും - 0.1 കോടി രൂപ.
  • മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് നൽകിയ ധനസഹായം - 6.4 കോടി രൂപ.
  • മറ്റു ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് - 3.0 കോടി രൂപ.

അങ്ങനെ സംസ്ഥാന ദുരന്തനിവാരണനിധിയിൽ നിന്ന് 9.5 കോടി രൂപ ചെലവായി. ഇതിനു പുറമേ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ (സിഎംഡിആർഎഫ്) നിന്ന് 7.7 കോടി രൂപകൂടി ചെലവഴിച്ചിട്ടുണ്ട്. അങ്ങനെ മൊത്തം 17.2 കോടി രൂപ.

കേന്ദ്ര സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കപ്പുറം എസ്ഡിആർഎഫിൽ നിന്നും പണം ചെലവഴിക്കാൻ കഴിയില്ലായെന്ന് എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ട് ഈ മാനദണ്ഡങ്ങൾക്കപ്പുറം നൽകിയിട്ടുള്ള സഹായങ്ങളെല്ലാം സിഎംഡിആർഎഫിൽ നിന്നാണ്. ജീവനോപാധി നഷ്ടപ്പെട്ടവർക്കുള്ള ധനസഹായവും, കിടപ്പുരോഗികൾക്കുള്ള ധനസഹായവും, മരണപ്പെട്ടവർക്കുള്ള അധിക ധനസഹായവും, ആശുപത്രി ചികിത്സാ സഹായവും വാടകയും ഈ ഇനത്തിൽപ്പെടും.

ഇത്രയും വലിയ ദുരന്തമുണ്ടായിട്ട് 17 കോടി രൂപയേ ചെലവഴിച്ചുള്ളോ എന്നായിരിക്കും അടുത്ത ചോദ്യം. വാടക, ഉപജീവന സഹായം തുടങ്ങിയവ അഡ്വാൻസായി നൽകാൻ കഴിയില്ലല്ലോ. പുനരധിവാസത്തിന്റെ ഭീമമായ ചെലവ് വരാൻ പോകുന്നേയുള്ളൂ. അത് എത്രവരുമെന്നതിന്റെ ഒരു കണക്ക് പോസ്റ്റ് ഡിഡാസ്റ്റർ നീഡ് അസസ്സ്മെന്റ് (പിഡിഎൻഎ) റിപ്പോർട്ടിൽ നിന്ന് ലഭിക്കും. ഇതുപ്രകാരം മൊത്തം പുനരധിവാസ ചെലവ് 2221 കോടി രൂപയാണ്. എന്തൊക്കെ ഇതിൽപ്പെടും?

  • 10 സെന്റ് ഭൂമിയിൽ രണ്ടാംനില പിന്നീട് പണിയാൻ കരുത്തുള്ള തറയിൽ 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള വീട്. മൊത്തം 1000 വീടുകളുള്ള രണ്ട് ടൗൺഷിപ്പുകൾ. ഇതിന് 1113 കോടി രൂപയാണ് ചെലവ്. രാജ്യത്തെ ദുരന്തനിവാരണ ചരിത്രത്തിൽ ഇതിനു സമാനമായ മറ്റൊരു പദ്ധതി വിമർശകർക്ക് ചൂണ്ടിക്കാണിക്കാനാകുമോ?
  • റോഡുകൾക്കും പാലങ്ങൾക്കും 268 കോടി രൂപ.
  • വിദ്യാഭ്യാസം, ആരോഗ്യം, അങ്കണവാടി, മറ്റു പൊതു സൗകര്യങ്ങൾ - 83 കോടി രൂപ.
  • കുടിവെള്ളം, ജലസേചനം - 75 കോടി രൂപ
  • കൃഷി, മൃഗസംരക്ഷണം - 150 കോടി രൂപ
  • ടൂറിസം - 25 കോടി രൂപ
  • ചെറുകിട വ്യവസായം - 65 കോടി രൂപ
  • ഡിസാസ്റ്റർ റിസ്ക് ഡിഡക്ഷൻ - 222 കോടി
  • മറ്റുള്ളവ - 220 കോടി രൂപ

ഇവയൊക്കെ നടപ്പാക്കാൻ എന്താ താമസം? എന്നാകും അടുത്ത ചോദ്യം.

താമസം അനിവാര്യമാണ്. ഉദാഹരണത്തിന് ടൗൺഷിപ്പ് എടുക്കാം. സമീപത്തുള്ള രണ്ട് എസ്റ്റേറ്റുകളുടെ ഭൂമിയാണ് ഇതിനായി കണ്ടിട്ടുള്ളത്. ഇത് സർക്കാർ പാട്ടഭൂമി അല്ല, തങ്ങളുടെ സ്വകാര്യ ഭൂമിയാണെന്നാണ് എസ്റ്റേറ്റ് ഉടമകളുടെ വാദം. ഹൈക്കോടതിയിൽ കേസാണ്. അതിന്റെ വിധിക്കുമുമ്പ് ഭൂമി ഏറ്റെടുക്കാനാകുമോ? ഇവർക്കുള്ള വില നൽകി ഭൂമിയെടുത്താൽ പിന്നെ അടുത്ത പുകില് സർക്കാർ ഭൂമിക്ക് കാശ് നൽകിയെന്നാകും. പ്രതിപക്ഷം എളുപ്പമാർഗ്ഗമൊന്നു പറഞ്ഞുതാ.

ഇതുപോലെ ദുരന്തസാധ്യതയുള്ള ഭൂമികളിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കണം. കേരളത്തിൽമൊത്തം പതിനായിരത്തോളം കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. തീരപ്രദേശത്തെ പുനർഗേഹം പദ്ധതി പോലെ 10 ലക്ഷം രൂപയാണ് നൽകുക. 2000-ത്തിൽപ്പരം കുടുംബങ്ങൾ ഇത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കാത്തുനിൽക്കുകയേ നിർവ്വാഹമുള്ളൂ.

സംസ്ഥാന സർക്കാരിനു ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ട്. വിമർശനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ അവയുമാകാം. പക്ഷേ, ഒന്നും ചെയ്യുന്നില്ലായെന്ന വാദങ്ങൾ കേന്ദ്ര സർക്കാരിനെ വെള്ളപൂശാനുള്ള പുറപ്പാടുകളാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+