വയനാട് റിസോര്‍ട്ട് കേസ്: 16കാരിയെ പീഡിപ്പിച്ചത് നൂറോളം പേര്‍!! അന്വേഷണം വന്‍ സംഘത്തിലേക്ക്
കോഴിക്കോട്: കക്കാടംപൊയിൽ റിസോർട്ടില്‍ ചിക്കമംഗളൂര്‍ സ്വദേശിയായ 16 കാരിയെ പീഡിപ്പിച്ച സംഭവത്തിന് പിന്നില്‍ സംസ്ഥാനാന്തര പെണ്‍വാണിഭ സംഘമെന്ന് അന്വേഷണ സംഘം. റിസോര്‍ട്ടില്‍ വെച്ച് ദിവസങ്ങളോളം പെണ്‍കുട്ടിയെ നൂറോളം പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചിരുന്നതായി പോലീസ് കണ്ടെത്തി. കേസിലെ മുഖ്യ ഏജന്‍റായ ടികെ ഇല്യാസിനെ പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നാണ് പെണ്‍വാണിഭ സംഘത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജിലെ കക്കാടംപൊയില്‍ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12 നു എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത കര്‍ണാടക സ്വദേശിനിയെ നാല് പ്രതികള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. സംഭവത്തില്‍ പെണ്‍കുട്ടിയെ കടത്തികൊണ്ടുവന്ന കര്‍ണാടക സ്വദേശിനിയായ ഫര്‍സാനയെ (35) ജില്ലാ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഫര്‍സാനയെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇല്യാസിന്‍റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായത്.
കല്‍പ്പറ്റയിലെ ആളൊഴിഞ്ഞ റിസോര്‍ട്ടില്‍ മദ്യപിക്കവേയായിരുന്നു ഇയാളെ പിടികൂടിയത്. പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒരു മാസത്തോളം വയനാട്ടിലെ വൈത്തിരി, ആറാട്ടുപാറ, കുപ്പാടി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളില്‍ എത്തിച്ചാണ് പീഡിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തി. കഴിഞ്‍ ദിവസം ഇവിടങ്ങളില്‍ എത്തി അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കേസില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നും അന്വേഷണ സംഘം പറഞ്ഞു.
കേസില്‍ റിസോര്‍ട്ട് ഉടമയടക്കം മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം ജില്ലയിലെ പൂക്കോട്ടൂര്‍ വളമംഗലം എണ്ണക്കോട്ട് പറമ്പില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ ഹൗസില്‍ നിസാര്‍ ബാബു(37), മലപ്പുറം ചീക്കോട് വാവൂര്‍ തെക്കും കോളില്‍ മുഹമ്മദ് ബഷീര്‍(49) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.