മലപ്പുറത്തിന് 2 കോടി, കോഴിക്കോടിന് 3 കോടി...!! പുതിയ വീട് എടുത്തവര്‍ക്ക് പണി വരുന്നു
മലപ്പുറം: വളരെ കഷ്ടപ്പെട്ടാണ് സ്വന്തമായൊരു വീട് എന്ന സ്വപ്‌നം ഏതൊരു വ്യക്തിയും സാക്ഷാത്കരിക്കുന്നത്. തദ്ദേശ സ്ഥാപനത്തില്‍ നിന്ന് നിര്‍മാണ അനുമതി ലഭിക്കാന്‍ കൊടുക്കണം നല്ലൊരു സംഖ്യ. ശേഷം വീടിന്റെ വലിപ്പത്തിന് അനുസരിച്ച് ഓരോ വര്‍ഷവും നികുതി കൊടുക്കണം. ഇതെല്ലാം വേണ്ടതു തന്നെ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ നിര്‍മാണം കഴിഞ്ഞ ശേഷം കെട്ടിട നിര്‍മാണ തൊഴിലാളി സെസ് എന്ന പേരില്‍ മറ്റൊരു പിരിവ് കൂടിയുണ്ട്.
കെട്ടിട നിര്‍മാണ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആശ്വാസത്തിനാണ് ഈ വന്‍ തുക പിരിക്കുന്നത്. വിവിധ പദ്ധതികളുടെ ഭാഗമായി നിര്‍മിച്ച വീടിന് സെസ് ഉണ്ടാകില്ല. അല്ലാത്ത മിക്ക വീടുകളും സെസ്സിന്റെ പരിധിയില്‍ വരും. 7000ത്തിനും 20000ത്തിനുമിടയിലാണ് മിക്ക വീടുകള്‍ക്കും നല്‍കേണ്ടി വരിക. അടയ്ക്കാന്‍ വൈകിയാല്‍ പലിശയുണ്ടാകും. വര്‍ഷത്തില്‍ 24 ശതമാനം എന്ന ഉയര്‍ന്ന പലിശയാണ് നല്‍കേണ്ടത്.

കേന്ദ്ര സര്‍ക്കാര്‍ 1996ല്‍ നടപ്പാക്കിയ തൊഴിലാളി ക്ഷേമനിധി സെസ് പ്രകാരമാണ് പിരിവ് നടക്കുന്നത്. ഇതുപ്രകാരം അടയ്‌ക്കേണ്ട തുക ഇടയ്ക്ക് പരിഷ്‌കരിച്ചിരുന്നു. ഏറ്റവും ഒടുവില്‍ പരിഷ്‌കരിച്ചത് 2015ലാണ്. ഇതുപ്രകാരം മിക്ക വീടുകളും സെസ്സിന്റെ പരിധിയില്‍ വരും. 200 സ്‌ക്വയര്‍ മീറ്ററില്‍ വരുന്ന വീടിന് 20000 രൂപയോളം വരും സെസ്.
നേരത്തെ നിലവിലുള്ളതാണ് ഈ പിരിവ് എങ്കിലും കൊവിഡ് വ്യാപിച്ച വേളയില്‍ നിലച്ച മട്ടായിരുന്നു. എന്നാല്‍ സെസ് അടയ്ക്കാത്ത എല്ലാ വീട്ടുകാര്‍ക്കും ഇപ്പോള്‍ നോട്ടീസ് അയക്കുകയാണ്. ഒരു ദിവസം 200 നോട്ടീസുകളാണ് അയക്കുന്നത്. ഓരോ ജില്ലയ്ക്കും തൊഴില്‍വകുപ്പ് ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. മലപ്പുറത്ത് നിന്ന് രണ്ടു കോടിയും കോഴിക്കോട് നിന്ന് മൂന്നു കോടി രൂപയും പ്രതിമാസം പിരിക്കാനാണ് ടാര്‍ജറ്റ്.
100 ചതുരശ്ര മീറ്ററില്‍ താഴെയുള്ളതും 10 ലക്ഷത്തില്‍ താഴെ ചെലവ് വരുന്നതുമായ വീടുകള്‍ക്കാണ് സെസ് ഇല്ലാത്തത്. ജില്ലാ അടിസ്ഥാനത്തില്‍ അദാലത്ത് നടത്തി പിരിവ് ശക്തമാക്കുകയാണ് ലേബര്‍ ഓഫീസര്‍മാര്‍. സെപ്തംബര്‍ 30വരെയുള്ള അദാലത്ത് കാലത്ത് പലിശ ഒഴിവാക്കി പണം അടയ്ക്കാനുള്ള അവസരം ഒരുക്കിയെന്ന് ലേബര്‍ ഓഫീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
എന്തിനാണ് ഈ തുക പിരിക്കുന്നത് എന്നത് ഏതൊരാള്‍ക്കും തോന്നുന്ന സംശയമാണ്. സംസ്ഥാന തൊഴിലാളി ക്ഷേമ നിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്ക് നല്‍കുന്ന ധനാശ്വാസത്തിനാണ് ഈ തുക. തൊഴിലാളികള്‍ക്ക് സഹായം കൃത്യമായി ലഭിക്കുന്നില്ല എന്ന ആക്ഷേപം മറ്റൊരുവശത്തുണ്ട്. സെസ് ഘഡുക്കളായി അടയ്ക്കാം. നോട്ടീസ് ലഭിച്ചിട്ടും അടച്ചില്ലെങ്കില്‍ മാസം രണ്ട് ശതമാനം പലിശ വരും.
വീടിന്റെ നിര്‍മാണം കഴിഞ്ഞാല്‍ തദ്ദേശ സ്ഥാപനമാണ് കെട്ടിട നമ്പര്‍ അനുവദിക്കുക. അതിന് മുന്നോടിയായി വില്ലേജ് ഓഫീസിലാണ് സെസ് അടയ്‌ക്കേണ്ടത്. ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയ ശേഷമാണ് തുക നിര്‍ണയിക്കുക. തുക അടച്ചില്ലെങ്കില്‍ പലിശയും ചേര്‍ത്ത് അടയ്‌ക്കേണ്ടി വരും. സമയ പരിധി കഴിഞ്ഞാല്‍ ജില്ലാ ലേബര്‍ ഓഫീസിലെത്തി ഡിഡി എടുത്താണ് പണം അടയ്‌ക്കേണ്ടത്.
കഷ്ടപ്പെട്ട് വീട് എടുത്ത ശേഷം വലിയ തുക സെസ് അടയ്‌ക്കേണ്ടി വരുന്നത് വലിയ പ്രയാസമാണെന്ന് അനുഭവസ്ഥര്‍ പറയുന്നു. എന്നാല്‍ ചെറിയ വീട് എടുത്ത് സെസ്, ഉയര്‍ന്ന നികുതി, പെര്‍മിറ്റ് ചെലവ് എന്നിവയില്‍ നിന്ന് രക്ഷപ്പെടാന്‍ രേഖകള്‍ ശരിപ്പെടുത്തിയ ശേഷം വീട് വിപുലീകരിക്കുന്നവരുമുണ്ട്. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.












Click it and Unblock the Notifications