'ആ ഇടപാടിൽ വീണയുടെ പങ്കാളിത്തം എന്ത്'? ഇപി ജയരാജൻ വെറും മണ്ടനെന്ന് പിസി ജോർജ്
കോട്ടയം: കോവളം കൊട്ടാരത്തിന്റെ കോടിക്കണക്ക് രൂപ വില വരുന്ന സ്വത്ത് ആര്‍പി ഗ്രൂപ്പിന് നൽകിയതിൽ മുഖ്യമന്ത്രിയുടെ മകൾ വീണയുടെ പങ്കാളിത്തം എന്താണെന്ന് പിസി ജോർജ്. മുഖ്യമന്ത്രിക്കെതിരെ ഇനിയും പ്രതികരിക്കുമെന്നും എത്ര കേസെടുത്താലും ഒരു ചുക്കുമില്ലെന്നും പിസി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇടത് മുന്നണി കൺവീനർ ഇപി ജയരാജൻ മണ്ടനാണെന്നും പിസി ജോർജ് പരിഹസിച്ചു. കറുത്ത വേഷത്തിലാണ് പിസി ജോർജ് പത്ര സമ്മേളനത്തിന് എത്തിയത്.

'' ഐടി പാസായതിന് പിന്നാലെ വീണാ വിജയന് ആര്‍ പി ഗ്രൂപ്പിലെ ഐടി വകുപ്പിന്റെ ഹെഡ് ആയി ജോലി കിട്ടി. വിഎസ് അച്യുതാനന്ദന്‍ എതിര്‍ത്തിട്ട് പോലും കോവളം കൊട്ടാരത്തിന്റെ കോടിക്കണക്ക് രൂപ വില വരുന്ന സ്വത്ത് ആര്‍പി ഗ്രൂപ്പിന്റെ കയ്യിലെത്തി. അതില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ പങ്കാളിത്തം എന്താണെന്ന് പിസി ജോര്‍ജ് ചോദിച്ചു. സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴിയാണ് പിണറായിയെ വിറളി പിടിപ്പിച്ചിരിക്കുന്നത്. അതില്‍ മുഖ്യമന്ത്രിക്ക് ഭയപ്പെടാനുളളതെന്തോ ഉണ്ടെന്ന് ഉറപ്പാണ്.

സ്വപ്‌നയുടെ രഹസ്യ മൊഴിയില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം എന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്‌ന സുരേഷ് എഴുതി തന്നത് പത്രക്കാര്‍ക്ക് കൊടുത്ത താനും പ്രതിയാണെന്ന് പറയുന്നു. ഇനിയും മുഖ്യമന്ത്രിക്കെതിരെ ശക്തമായി പ്രതികരിക്കും. എത്ര കേസെടുത്താലും ഒരു ചുക്കും ഇല്ല. മുഖ്യമന്ത്രി ഉടന്‍ രാജി വെക്കണം. എന്നിട്ട് അന്വേഷിച്ച് നിരപരാധി ആണെങ്കില്‍ ആനയും അമ്പാരിയുമായി തിരിച്ച് മുഖ്യമന്ത്രിയാക്കാം എന്നും പിസി ജോര്‍ജ് പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല നിഷ്പക്ഷരും വിശ്വസിക്കുന്നത് പിണറായി ഒരു കൊള്ളക്കാരനാണ് എന്നാണ്. സിപിഎം എന്തുകൊണ്ട് നിശബ്ദരായിക്കുന്നു. വിഎസ് അച്യുതാനന്ദന്‍ വീണു എന്നത് കൊണ്ട് പാര്‍ട്ടിയില്‍ സത്യത്തിനൊപ്പം നില്‍ക്കുന്നവരില്ലേ എന്നും പിസി ജോര്‍ജ് ചോദിച്ചു. പിണറായി ജയിലില്‍ പോയാല്‍ കമ്മ്യൂണിസം തീര്‍ന്നോ? കോടിയേരിയാണ് ഉത്തരം പറയേണ്ടത്. ഇപി ജയരാജന്‍ വെറും മണ്ടനാണ്, പക്ഷെ മറ്റുളളവര്‍ എന്താണ് ചെയ്യുന്നത് എന്നും പിസി ജോര്‍ജ് ചോദിച്ചു.

ബേബിയും കോടിയേരിയും പോലുളള നേതാക്കള്‍ പിണറായി വിജയനെ ഭയക്കുകയോ പിണറായിയുടെ കപ്പം വാങ്ങി ജീവിക്കുകയോ ചെയ്യുന്നു എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി ഒരു മാസം തികയ്ക്കില്ല. നിയമപരമായി എല്ലാ മാര്‍ഗവും സ്വീകരിക്കും. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും പരാതി കൊടുക്കും. ഈ കൊള്ളയില്‍ നിന്ന് കേരളത്തെ രക്ഷിക്കുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

സ്വപ്‌ന സുരേഷുമായി ഗൂഢാലോചന നടത്തിയില്ലെന്നും പിസി ജോര്‍ജ് പറഞ്ഞു. പല മാന്യന്മാരും ഈ കേസില്‍ പ്രതികളാണ്, മുഖ്യമന്ത്രിയും ഭാര്യയും മകളും മാത്രമല്ല. ഷാജ് കിരണിനെ തനിക്ക് അറിയില്ല. എറണാകുളത്ത് പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസില്‍ വെച്ച് സ്വപ്‌ന സുരേഷും സരിത്തും ക്രൈം നന്ദകുമാറുമായി കണ്ടിട്ടുണ്ട്. അത് ഗൂഢാലോചന അല്ല. കൊള്ളക്കാരനായ മുഖ്യമന്ത്രിക്കെതിരെ സംസാരിക്കാനുളള സ്വാതന്ത്രയമുണ്ട്. അത് ഗൂഢാലോചന ആണെങ്കില്‍ അങ്ങനെയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പല മാന്യന്മാരും പീഡിപ്പിച്ചു എന്നാണ് സരിതയുടെ പരാതി. ആ പരാതി സിബിഐക്ക് വിട്ടിരിക്കുകയാണ് പിണറായി വിജയന്‍. സരിതയുടേയും പിണറായിയുടേയും സ്‌നേഹം മനസ്സിലായല്ലോ എന്ന് പിസി ജോര്‍ജ് പറഞ്ഞു. സിബിഐ അന്വേഷണം നടക്കുകയാണ്. സിബിഐ തന്നെ വിളിച്ച് കൊണ്ടിരിക്കുകയാണ്. താന്‍ സ്റ്റേറ്റ്‌മെന്റ് കൊടുത്തില്ല എന്നതാണ് സരിതയുടെ പരാതി. സഹായം ചോദിച്ചപ്പോള്‍ ചെയ്ത് കൊടുത്തിട്ടുണ്ട്. അതാണ് ബന്ധമെന്നും പിസി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications