H3N2 Influenza Virus:വൈറസ് ബാധ എങ്ങനെ തിരിച്ചറിയാം, പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെ
എച്ച് 3 എൻ 2 വൈറസ് ഉള്ള ആളുകളും രോഗ ലക്ഷണമുള്ളവരും ഡോക്ടറെ കണ്ടതിന് ശേഷം മാത്രമാണ് മരുന്നുകള്‍ കഴിക്കേണ്ടത്

ദില്ലി: രാജ്യത്ത് എച്ച്3എൻ2 ഇൻഫ്ലുവൻസ വൈറസ് മൂലമുള്ള ആദ്യത്തെ രണ്ട് മരണങ്ങൾ ഇന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഹരിയാനയിലും കർണാടകയിലുമാണ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തത്. കർണാടകയിലെ ഹാസൻ ജില്ലയിലെ ആളൂർ താലൂക്കിൽ നിന്നുള്ള 82 കാരൻ ഫെബ്രുവരി 24 ന് ഹാസൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കുകയും മാർച്ച് 1 ന് മരിക്കുകയുമായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ ഇതുവരെ 90-ലധികം H3N2 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം തന്നെ പനി പോലുള്ള വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നത് രാജ്യത്ത് ആശങ്കയുണ്ടാക്കുന്നുമുണ്ട്.
H3N2 ഇൻഫ്ലുവൻസ വൈറസുകൾ 1968 ലാണ് മനുഷ്യരിൽ ബാധിക്കാൻ തുടങ്ങിയത്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (CDC) പ്രകാരം, H3N2v ഒരു മനുഷ്യേതര ഇൻഫ്ലുവൻസ വൈറസാണ്, ഇത് സാധാരണയായി പന്നികളിലൂടെ വ്യാപിക്കുകയും മനുഷ്യരിലേക്ക് പടരുകയും ചെയ്യുന്നു. 'പന്നിപ്പനി വൈറസ്' എന്നും അതി അറിയപ്പെടുന്നത്. ഈ വൈറസുകൾ മനുഷ്യരെ ബാധിക്കുമ്പോഴാണ് അവയെ 'വേരിയന്റ്' വൈറസുകൾ എന്ന് വിളിക്കുന്നത്.

പനി, ചുമ, മൂക്കൊലിപ്പ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ശരീരവേദന, ഓക്കാനം, ഛർദ്ദി അല്ലെങ്കിൽ വയറിളക്കം എന്നിവയുൾപ്പെടെയുള്ളവയും ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഈ ലക്ഷണങ്ങൾ സാധാരണയായി ഒരാഴ്ചയോളം നീണ്ടുനിൽക്കും, എന്നിരുന്നാലും, ചില ആളുകൾക്ക് അവ അതിലും കൂടുതല്‍ കാലം നീണ്ടേക്കാം. എച്ച് 3 എൻ 2 വൈറസ് ഉള്ള ആളുകൾ ഡോക്ടറെ കണ്ടതിന് ശേഷം മാത്രമാണ് മരുന്നുകള്‍ കഴിക്കേണ്ടത്. ഒസെൽറ്റമിവിർ, സനാമിവിർ, പെരാമിവിർ, ബലോക്‌സാവിർ തുടങ്ങിയ മരുന്നുകളാണ് ഡോക്ടർമാർ പൊതുവെ നിർദ്ദേശിക്കപ്പെടുന്നത്.
വൃത്തിയായി മുഖവും കയ്യും കഴുകുക, ഇൻഫ്ലുവൻസ പ്രതിരോധ കുത്തിവയ്പ്പുകൾ, മാസ്ക് ധരിക്കല്‍ തുടങ്ങിയ കാര്യങ്ങളും രോഗപ്പകർച്ച തടയാന്‍ സഹായിക്കും. പതിവായി സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. മാസ്ക് ധരിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക. മൂക്കിലും വായിലും തൊടുന്നത് ഒഴിവാക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും നന്നായി മൂടുക. ധാരാളം വെള്ളം കുടിക്കുക എന്നിവയെല്ലാം വൈറസ് ബാധ തടയാനുള്ള മാർഗ്ഗങ്ങളാണ്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, 65 വയസും അതിൽ കൂടുതലുമുള്ളവർ, ഗർഭിണികൾ, ആസ്ത്മ, പ്രമേഹം, ഹൃദ്രോഗം, ദുർബലമായ രോഗപ്രതിരോധ ശേഷി, ന്യൂറോളജിക്കൽ അല്ലെങ്കിൽ ന്യൂറോ ഡെവലപ്‌മെന്റൽ അവസ്ഥകൾ എന്നിവ പോലുള്ള ചില ദീർഘകാല ആരോഗ്യ അവസ്ഥകളുള്ള ആളുകക്ക് വൈറസ് ബാധിച്ചാൽ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.












Click it and Unblock the Notifications