ഐസിസിലെത്തിയ മലയാളികള്‍.... ഇത് ഔദ്യോഗികം, ഇനി അനൗദ്യോഗികം
തിരുവനന്തപുരം/ദില്ലി: ദുരൂഹ സാഹചര്യങ്ങളില്‍ അപ്രത്യക്ഷരായ 21 മലയാളികള്‍ ഐസിസില്‍ ചേര്‍ന്നോ എന്ന സംശയം ആദ്യം ഉന്നയിച്ചത് അന്വേഷണ ഏജന്‍സികളോ മാധ്യമങ്ങളോ അല്ല. അവരില്‍ ചിലരുടെ കുടുംബാംഗങ്ങളായിരുന്നു. എന്നാല്‍ പിന്നീട് വന്ന മാധ്യമ വാര്‍ത്തകളാണ് ഏവരേയും ഞെട്ടിച്ചുകൊണ്ടിരിയ്ക്കുന്നത്.
കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ മലയാളികള്‍ ഐസിസില്‍ ചേര്‍ന്നു എന്നതിന് ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ഇതുവരെ ലഭിച്ചിട്ടില്ല. സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേന്ദ്ര ആഭ്യന്തര സഹമന്ത്രി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഡിജിപിയും തന്നെ പറയുന്നു.

എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികളും അന്വേഷണ ഏജന്‍സികളും ഇക്കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് സ്വീകരിയ്ക്കുന്നത്. കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേരില്‍ 11 പേര്‍ക്ക് ഐസിസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തന്നെയാണ് ഏജന്‍സികളില്‍ നിന്ന് ലഭിയ്ക്കുന്ന വിവരം. കൂടുതല്‍ യുവാക്കള്‍ ഐസിസില്‍ എത്തിയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു.
അപ്രത്യക്ഷരായ 21 പേരും ഇറാനില്‍ എത്തിയിട്ടുണ്ടെന്ന് അവരുടെ പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇറാനില്‍ നിന്ന് ഇവര്‍ സിറിയയിലേക്ക് കടന്നതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ യുവാക്കളെ കുറിച്ചുള്ള അന്വേഷണം റിസര്‍ച്ച് ആന്റ് അനാലിസ് വിങ് (റോ)ഏറ്റെടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം വിദേശത്തേയ്ക്ക് വ്യാപിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാട് വിട്ട് പോയവര്‍ വീട്ടുകാര്‍ക്കയച്ച സന്ദേശങ്ങളില്‍ അവര്‍ എവിടെയാണ് ഉള്ളത് എന്ന കാര്യം വ്യക്തമല്ല. നാട്ടില്‍ പ്രചരിയ്ക്കുന്ന വാര്‍ത്തകളൊന്നും ശരിയല്ലെന്നാണ് പിന്നീട് വന്ന സന്ദേശങ്ങളില്‍ പറയുന്നത്. അറസ്റ്റിലായ കാസര്‍കോട് സ്വദേശി ഫിറോസ് ഖാനില്‍ നിന്ന് കിട്ടുന്ന വിവരങ്ങളായിരിക്കും ഇനി നിര്‍ണായകം.












Click it and Unblock the Notifications