പത്മകുമാറോ ഷെയ്ഖ് ദര്‍ബേഷ് സാഹിബോ..? ആരാകും കേരളത്തിന്റെ പുതിയ ഡിജിപി? പാനല്‍ തയ്യാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ ഡി ജി പിയെ തിരഞ്ഞെടുക്കാന്‍ മൂന്നംഗ ചുരുക്ക പട്ടിക തയ്യാറായി. ജയില്‍ മേധാവി കെ. പദ്മകുമാര്‍, അഗ്നിരക്ഷാ വിഭാഗം മേധാവി ഷേഖ് ദര്‍വേശ് സാഹേബ്, കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരാണ് കേരളത്തിന്റെ ഡി ജി പിയാകനുള്ള അന്തിമ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.
യൂണിയന്‍ പബ്ലിക് കമ്മിഷനാണ് മൂന്നംഗ ചുരുക്ക പട്ടികയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതില്‍ നിന്ന് ഒരാളെ ഈന മാസം 30 - ന് മുമ്പ് പൊലീസ് മേധാവിയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കും. നിലവിലെ ഡി ജി പി അനില്‍ കാന്ത് 30-ന് വിരമിക്കുന്നതിനാലാണ് ഇത്. എട്ട് പേരുടെ പട്ടികയില്‍ നിന്നാണ് മൂന്ന് പേരെ തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചത്.

യു പി എസ് സി ചെയര്‍മാന്‍, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ചീഫ് സെക്രട്ടറി വി പി ജോയ്, നിലവിലെ ഡി ജി പി അനില്‍ കാന്ത് എന്നിവര്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്തു. നേരത്തെ ഡി ജി പിയാകാനുള്ള പാനലില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് നിധിന്‍ അഗര്‍വാള്‍ ആയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍വ്വീസിലേക്കില്ല എന്ന് നിധിന്‍ അഗര്‍വാള്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് പുതിയ പാനലിനെ തിരഞ്ഞെടുത്തത്.
നിധിന്‍ അഗര്‍വാളിനെ ബി എസ് എഫ് ഡയറക്ടര്‍ ജനറലായി നിയമിച്ചിരിക്കുകയാണ്. നിധിന്‍ അഗര്‍വാള്‍ ഒഴിവായതോടെയാണ് ഹരിനാഥ മിശ്രയെ പാനലില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ഹരിനാഥ് മിശ്ര സംസ്ഥാന സര്‍വീസിലേക്ക് മടങ്ങാന്‍ നേരത്തെ തന്നെ താല്‍പര്യം അറിയിച്ചിരുന്നു. പുതിയ ഡി ജി പിയായി ഒരാളെ സംസ്ഥാന സര്‍ക്കാരിനു തിരഞ്ഞെടുക്കാം എന്നതാണ് വ്യവസ്ഥ.
ഫയര്‍ഫോഴ്‌സ് മേധാവി ഷെയ്ഖ് ദര്‍ബേഷ് സാഹിബിനും ജയില്‍ മേധാവി കെ പത്മകുമാറിനുമാണ് കൂടുതല്‍ സാധ്യത. സീനിയോറിറ്റിയില്‍ ഇവരാണ് മുന്നില്‍. ലോക്നാഥ് ബെഹ്‌റയുടെ പിന്‍ഗാമിയായാണ് അനില്‍ കാന്ത് സംസ്ഥാനത്തെ ഡി ജി പിയാകുന്നത്. ആറ് മാസം സര്‍വീസ് ബാക്കുയുള്ളപ്പോഴായിരുന്നു അനില്‍ കാന്തിനെ ഡി ജി പിയാക്കിയത്. എന്നാല്‍ പിന്നീട് സംസ്ഥാന സര്‍ക്കാര്‍ അനില്‍ കാന്തിന് 2 വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കി.












Click it and Unblock the Notifications