കൊച്ചിയില്‍ 118 പവന്‍ സ്വർണം പിടിച്ചെടുത്തു: വ്യാജ ഹാള്‍മാർക്കിങ്ങിനെതിരെ പരിശോധന ശക്തം

കൊച്ചി: കൊച്ചിയില്‍ 118 പവന്‍ സ്വർണാഭരണങ്ങള്‍ പിടിച്ചെടുത്തു. വ്യാജ ഹാള്‍മാർക്ക് പതിച്ച ആഭരണങ്ങളാണ് ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വൈപ്പിന്‍ എളങ്കുന്നത്തുപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നാണ് നിന്നാണ് 48 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് സൂചന. സ്വർണാഭരണം കൂടുതല്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കും.
സ്വർണാഭരണങ്ങളില്‍ പതിച്ചത് വ്യാജ ഹാള്‍മാർക്കാണെന്ന് വ്യക്തമായാല്‍ കുറ്റക്കാർക്ക് രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയില്‍ കുറയാത്ത പിഴയും ശിക്ഷ വിധിച്ചേക്കാം. ഹാള്‍മാര്‍ക്ക് ചെയ്ത ആഭരണങ്ങളുടെ എല്ലാ വിശദാംശങ്ങളും ബി ഐ എസ് കെയര്‍ എന്ന മൊബൈല്‍ ആപ്പില്‍ ലഭ്യമാവും. ആഭരണങ്ങള്‍ വാങ്ങുന്നതിന് മുന്‍പ് ആളുകള്‍ക്ക് ഈ മൊബൈല്‍ ആപ്പ് വഴി ആഭരണങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കാം. ഏതെങ്കിലും തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പഭോക്താക്കള്‍ക്ക് ആപ്പ് വഴി ബി ഐ എ സിനെ അറിയിക്കാമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അതേസമയം, ഹാള്‍മാര്‍ക്കിങ് തിരിച്ചറിയലിനുളള എച്ച് യു ഐ ഡി നമ്പറില്ലാത്ത സ്വരണാഭരണങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ലെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം അറിയിച്ചിരുന്നു. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. പഴയ നാല് മുദ്ര ഹാള്‍മാര്‍ക്കിങ് ഉളള ആഭരണങ്ങളുടെ വില്‍പ്പന അനുവദിക്കില്ല. പകരം ആറക്ക എച്ച് യു ഐ ഡി നമ്പറാണ് നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇതം സംബന്ധിച്ച നിർദേശം ജ്വല്ലറി മേഖലയ്ക്ക് നല്‍കിയിരുന്നു.
രണ്ട് ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങളാണ് വില്‍ക്കുന്നതെങ്കില്‍ എച്ച് യു ഐ ഡി നമ്പർ ഹാള്‍മാർക്കിങ് ആവശ്യമില്ല. പഴയ ഹാള്‍മാര്‍ക്കിങ് ആഭരണങ്ങളില്‍ മാര്‍ച്ച് 31ന് അകം എച്ച്‌യുഐഡി നമ്പര്‍ പതിപ്പിക്കേണ്ടതാണെന്നും കേന്ദ്ര വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഈ സമയം മതിയാവില്ലെന്നാണ് ജ്വല്ലറി ഉടമകള്‍ വ്യക്തമാക്കുന്നത്. ഹാള്‍മാർക്കിങ്ങിനായി പുതിയ മെഷീനുകള്‍ വാങ്ങേണ്ടതിനെക്കുറിച്ചും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുതിയ നിയമം പഴയ സ്വർണം കൈവശമുള്ള സാധാരണക്കാരെ യാതൊരു തരത്തിലും ബാധിക്കില്ല. എച്ച്‌യുഐഡി പൂർണ്ണമായും കച്ചവടക്കാരെ മാത്രം ലക്ഷ്യമിട്ടുള്ള നടപടിയാണ്. അതോടൊപ്പം തന്നെ ഹാള്‍മാർക്കില്ലാത്ത പഴയ സ്വർണം വില്‍ക്കുമ്പോഴോ മാറ്റി വാങ്ങുമ്പോഴോ യാതൊരു തരത്തിലുള്ള വിലക്കുറവും ഉണ്ടാവില്ല. സ്വർണം തിരിച്ചെടുക്കുമ്പോൾ അതിന്റെ പരിശുദ്ധിയുടെ ഗ്രേഡ് ആണ് പരിഗണിക്കുക. പഴയ സ്വർണം മാറ്റിയെടുക്കുന്നതിനും തടസ്സമുണ്ടാവില്ല.












Click it and Unblock the Notifications