'മുസ്ലിം വിദ്യാർത്ഥികള്‍ക്ക് മാത്രം എന്തുകൊണ്ട് വിവേചനം': ഹിജാബില്‍ കർണാടക കോടതിയില്‍ വാദം തുടരുന്നു
ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ കര്‍ണാടക ഹൈക്കോടതിയില്‍ നാളെയും വാദം തുടരും. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാര്‍ഥികളും മതപരമായ ചിഹ്നങ്ങള്‍ ധരിച്ചുകൊണ്ടാണ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എത്താറുള്ളത്. മുസ്ലീം വിദ്യാര്‍ഥികള്‍ക്ക് മാത്രം എന്തുകൊണ്ട് ഹിജാബ് ധരിച്ചെത്തിക്കൂടാ എന്ന ചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയില്‍ ആവർത്തിച്ചത്. വിഷയത്തില്‍ നാലം ദിവസമായിരുന്നു കോടതിയില്‍ ഇന്ന് വാദം നടന്നത്.
നാളെ ഉച്ചയ്ക്ക് 2.30നാണ് ഹൈക്കോടതി ഹിബാജ് വിഷയത്തിലെ ഹര്‍ജികള്‍ വീണ്ടും പരിഗണിക്കുക. ചീഫ് ജസ്റ്റിസ് റിതു രാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദിക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങിയ വിശാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അതേസമയം ഹിജാബ് സംബന്ധിച്ച ഇടക്കാല ഉത്തരവ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കാമെന്നാണ് അഡ്വക്കേറ്റ് ജനറല്‍ അറിയിച്ചിട്ടുണ്ട്.

ഹിജാബ് നിരോധനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള വിദ്യാര്‍ത്ഥി പ്രതിഷേധമാണ് നടന്നുവരുന്നത്. ഉഡുപ്പി മേഖലയില്‍ ആരംഭിച്ച വിഷയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. ഇന്ന് കോളേജുകള്‍ കൂടി തുറന്നതോടെ വിവിധ മേഖലകളില്‍ പ്രതിഷേധമുണ്ടായി. ഉഡുപ്പി പി യു കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായെങ്കിലും ഹിജാബ് മാറ്റാന്‍ വിദ്യാർത്ഥികള്‍ തയ്യാറായില്ല. ഇതോടെ വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
അതിനിടെ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അടക്കമുള്ള മത ചിഹ്നങ്ങള്‍ വിലക്കിയ കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഡിഗ്രി കോളജുകളില്‍ ബാധകമല്ലെന്ന് വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് രംഗത്ത് എത്തി. നിയമസഭയെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നിശ്ചിത യൂനിഫോം ബാധകമായ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് ഉത്തരവ് ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.
ശൂന്യവേളയില്‍ പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയാണ് ഹിജാബ് വിഷയം സഭയില്‍ ഉന്നയിച്ചത്. കോടതി ഉത്തരവ് ഡിഗ്രി കോളജുകള്‍ക്ക് ബാധകമല്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ സി എന്‍ അശ്വത് നാരായണ്‍ ചൊവ്വാഴ്ച പറഞ്ഞതിനുള്ള വിശദീകരണം എന്ന നിലക്കായിരുന്നു പ്രതിപക്ഷ നേതാവിന്റെ ചോദ്യം. കഴിഞ്ഞ ദിവസം സഭ തുടങ്ങിയപ്പോള്‍ വിഷയത്തില്‍ പ്രതിഷേധിച്ച് കറുത്ത ബാഡ്ജ് അണിഞ്ഞായിരുന്നു കോണ്‍ഗ്രസ് അംഗങ്ങളെത്തിയത്.












Click it and Unblock the Notifications