സന്യാസിമാര്‍ക്ക് പോലും 'കണ്‍ട്രോള്‍' കിട്ടിയില്ല.. പിന്നെയല്ലേ ശബരിമലയിലെ അയ്യപ്പന്മാര്‍ക്ക്...
ഇത്രേം സ്ത്രീകള്‍ അങ്ങോട്ട് കയറുമ്പോള്‍ എത്ര സ്ത്രീ പീഡനങ്ങളുണ്ടാകും. ഇതെങ്ങനെ നിയന്ത്രിക്കും - ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കക്കണം എന്ന് പറഞ്ഞാല്‍ അത് വേണ്ട എന്നഭിപ്രായമുള്ള ഒരു ശരാശരി വിശ്വാസി ചോദിക്കുന്ന ചോദ്യമാണ് ഇത്. എന്നാല്‍ ഇവിടെ ഈ ചോദ്യം ചോദിക്കുന്നത് സാധാരണക്കാരനായ ഒരാളല്ല. മറിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രസിഡണ്ടായ പ്രയാര്‍ ഗോപാലകൃഷ്ണനാണ്.
ശബരിമലയില്‍ വ്രതമെടുത്ത് എത്തുന്ന അയ്യപ്പന്മാരുടെ മനസിനെ ഭ്രാന്തമാക്കാനേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് ഉപകരിക്കൂ എന്നാണ് ഗോപാലകൃഷ്ണന്‍ മാതൃഭൂമിയോട് പറഞ്ഞത്. ഈ വാദത്തെ സമര്‍ഥിക്കാനായി വേദവ്യാസനും വിശ്വാമിത്രനും തുടങ്ങി ഒരുപാട് സന്യാസിമാരുടെ ഉദാഹരണവും ഇദ്ദേഹത്തിന് പറയാനുണ്ട്. വിശ്വാമിത്രന്റെ തപസിളക്കിയ മേനക ആയിട്ടാണോ ഇദ്ദേഹം, ശബരിമലയില്‍ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ കാണുന്നത്... ചോദ്യങ്ങള്‍ ഒരുപാടുണ്ട്. പ്രസക്തമായ ചിലത് ഇങ്ങനെ..

ഭക്തരുടെ മനസിളകുമോ
മലചവിട്ടി വന്ന സ്വാമിമാര്‍ ക്ഷീണം കൊണ്ട് അടിവസ്ത്രം മാത്രമിട്ട് ശബരിമലയില്‍ കിടന്നുറങ്ങാറുണ്ട്. അതുപോലെ ഒരു സ്ത്രീ കിടന്നുറങ്ങിയാല്‍ എന്താകും സ്ഥിതി എന്നാണ് ഗോപാലകൃഷ്ണന്റെ ചോദ്യം. എങ്കില്‍ സ്ത്രീകള്‍ അടിവസ്ത്രമിട്ട് കിടന്നുറങ്ങാതിരുന്നാല്‍ പോരേ. അത് കണ്ട് സ്വാമിമാരുടെ നിയന്ത്രണം വിട്ടുപോകും എന്ന ന്യായം പറയണോ?

പറഞ്ഞ ഉദാഹരണങ്ങള്‍ ഇതാണ്
വേദവ്യാസന്റെയും വിശ്വാമിത്രന്റെയും ഉദാഹരണങ്ങളാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. വിശ്വാമിത്രന്റെ തപസിളക്കിയ മേനകയെപ്പോലെയാണോ ശബരിമലയില്‍ തൊഴാന്‍ വരുന്ന സ്ത്രീകള്‍. അത് കുറെ കടന്നുപോയില്ലേ. വേദവ്യാസന്‍ എന്ത് ചെയ്തു എന്നാണ് കവി ഉദ്ദേശിച്ചത് എന്നും മനസിലാകുന്നില്ല.

ഇത്രയ്ക്കും കണ്‍ട്രോളില്ലേ
14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ക്യൂ നില്‍ക്കുമ്പോള്‍ തൊട്ടടുത്ത് ഒരു പെണ്ണ് നിന്നാല്‍ എന്താകും സ്ഥിതി എന്നാണ് ചോദ്യം. വ്രതമെടുത്ത് തൊഴാന്‍ വരുന്ന അയ്യപ്പന്മാരെ നിസ്സാരവല്‍ക്കരിക്കുന്ന പരാമര്‍ശമല്ലേ ഇത്. ഒരു സ്ത്രീയെ, അതും തങ്ങളെപ്പോലെ തന്നെ അയ്യപ്പനെ തൊഴാന്‍ വന്ന ഒരു ഭക്തയെ കണ്ടാല്‍ സ്വാമിമാരുടെ നിയന്ത്രണം വിടുമെന്നും പീഡനങ്ങള്‍ നടക്കുമെന്നും പറഞ്ഞത് ശരിയായോ

ഇതൊരു പോയിന്റാണ്
എട്ടും പത്തും മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഒന്ന് മൂത്രമൊഴിക്കണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യും - ഇതൊരു വാലിഡായ ചോദ്യമാണ് എന്ന് പറയാം. സ്വകാര്യത സംരക്ഷിച്ചുകൊണ്ട് ഇവര്‍ക്ക് കുളിക്കാനും മറ്റും സൗകര്യം ചെയ്തുകൊടുക്കുക എന്നത് എളുപ്പമുള്ള പണിയല്ല. പക്ഷേ ഇതല്ല ഗോപാലകൃഷ്ണന്റെ പ്രധാന പ്രശ്‌നം.

മെന്‍സസിനെ പേടിയാണ്
ശബരിമലയില്‍ സ്ത്രീകള്‍ വേണ്ട എന്ന് കടുംപിടുത്തം പിടിക്കുന്നവരുടെ അതേ ടോണിലാണ് ഗോപാലകൃഷ്ണന്റെയും സംസാരം. മെന്‍സസിന് ശേഷം നാല് ദിവസം കഴിഞ്ഞ് മലചവിട്ടിയാലും ചിലപ്പോള്‍ വീണ്ടും മെന്‍സസ് ഉണ്ടാകാമത്രേ. ലോകമറിയുന്ന പല ഡോക്ടര്‍മാരും ശാരീരിക അധ്വാനം കൊണ്ട് മെന്‍സസുണ്ടാകാനുള്ള സാധ്യത തന്നോട് പറഞ്ഞിട്ടുണ്ടെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്

എന്താണീ തീണ്ടാരി
മെന്‍സസ് അഥവാ തീണ്ടാരി തന്നെയാണ് വിഷയം. മാസമുറ വരുമ്പോള്‍ പണ്ട് വേറെ മുറിയിലായിരുന്നത്രെ സ്ത്രീകളെ താമസിപ്പിച്ചിരുന്നത്. അതുകൊണ്ട് ഇതേ സംസ്‌കാരം തുടരണമെന്നാണ് പ്രസിഡണ്ട് പറയുന്നത്. കാലമൊക്കെ മാറി എന്ന കാര്യം അംഗീകരിക്കാന്‍ ഇദ്ദേഹം തയ്യാറല്ല എന്ന് സാരം.

എന്ത് ഭരണഘടന അല്ലേ
ശബരിമലയില്‍ യൗവനയുക്തകളായ സ്ത്രീകള്‍ പ്രവേശിക്കരുത് എന്നത് അവിടത്തെ നിയമമാണത്രെ. ഭരണഘടന ഉണ്ടായിട്ട് 70 വര്‍ഷമേ ആയിട്ടുള്ളൂ അതിനെക്കാള്‍ പത്തിരട്ടിയെങ്കിലും പഴക്കമുണ്ട് ശബരിമലയിലെ ആചാരങ്ങള്‍ക്ക് എന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ഹാപ്പി ടു ബ്ലീഡ്
ഹാപ്പി ടു ബ്ലീഡ് ഒരു യുക്തിയില്ലാത്ത കാംപെയ്‌നായിരുന്നു എന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. അതിനെ ഞങ്ങള്‍ അവഗണിച്ചു. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച പോലും ആകാതെ അവസാനിക്കുകയും ചെയ്തു.

തോണ്ടലും പിടിക്കലും
അമ്പത് കഴിഞ്ഞാലും ചില സ്ത്രീകളെ കണ്ടാല്‍ 45 മാത്രമേ തോന്നൂ. തോണ്ടലും പിടിക്കലും ഉണ്ടായതായി പലരും പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. തട്ടിയെന്നോ മുട്ടിയെന്നോ പരാതി പറയാതെ സ്വയം സഹിക്കാന്‍ ഉപദേശിച്ച് ഇവരെ തിരിച്ചയക്കുകയായിരുന്നത്രെ ചെയ്തത്.

വിവാദ മെഷീന്‍
സ്ത്രീകള്‍ മെന്‍സസാണോ എന്ന് പരിശോധിക്കാന്‍ യന്ത്രം സ്ഥാപിക്കും എന്നല്ല താന്‍ പറഞ്ഞത് എന്നും അങ്ങനെ ഒരു സംവിധാനമുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണ് എന്ന് ഒരു പത്രപ്രവര്‍ത്തകന്റെ ചോദ്യത്തിന് ഉത്തരമായി പറയുക മാത്രമാണ് ചെയ്തത് എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വിശദീകരിച്ചു.

ഹിന്ദുത്വ നേതാവാണോ
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഒരു ഹിന്ദുത്വ നേതാവാണോ. പലര്‍ക്കും സംശയമുണ്ട്. ഇതേ കാര്യം പല രാഷ്ട്രീയക്കാരും തന്നോട് പറഞ്ഞിട്ടുണ്ട് എന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. തന്നെ പിന്തുണക്കുന്ന പലരും ഉണ്ട് എന്നും താന്‍ തന്റെ വിശ്വാസങ്ങളുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ മാതൃഭൂമിയോട് സംസാരിക്കവേ പറഞ്ഞു.












Click it and Unblock the Notifications