ശശി തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ ആവശ്യപ്പെടുമെന്ന് സുധാകരന്‍, തിരഞ്ഞെടുപ്പില്‍ സന്തോഷം
കണ്ണൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പരാജയപ്പെട്ടെങ്കിലും, തരൂരിന് അര്‍ഹമായ സ്ഥാനം നല്‍കാന്‍ പാര്‍ട്ടിയോട് ആവശ്യപ്പെടുമെന്ന് സുധാകരന്‍ പറഞ്ഞു. അതേസമയം ശശി തരൂര്‍ വാക്ക് കൊണ്ട് പോലും ആരെയും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നോവിച്ചില്ലെന്ന് സുധാകരന്‍ പറഞ്ഞു.
മത്സരത്തില്‍ അദ്ദേഹം മാന്യത പുലര്‍ത്തിയെന്നും തരൂരിനെ പുകഴ്ത്തി കൊണ്ട് സുധാകരന്‍ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജയിച്ചതിലും തരൂര്‍ തോറ്റതിലും ഞങ്ങള്‍ക്ക് പ്രത്യേക സന്തോഷമോ ദു:ഖമോ ഇല്ലെന്നും, തെരഞ്ഞെടുപ്പാകുമ്പോള്‍ ഒരാള്‍ ജയിക്കുന്നതും ഒരാള്‍ പരാജയപ്പെടുമെന്നും, സുധാകരന്‍ വ്യക്തമാക്കി.

അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിജയം പാര്‍ട്ടിയുടെ വിജയമാണെന്ന് ശശി തരൂരും പ്രതികരിച്ചു കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി മുന്നോട്ട് പോകും. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വലിയ വിജയം നേടുമെന്ന് തരൂര്‍ അവകാശപ്പെട്ടു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമതനായിട്ടല്ല, മത്സരിച്ചതെന്നും, വലിയ പിന്തുണ കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയിലെ പ്രധാനപ്പെട്ട നേതാക്കളെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഒപ്പമായിരുന്നു. തനിക്ക് ആയിരത്തിലധികം വോട്ടുകള്‍ കിട്ടുമെന്ന് നേരത്തെ തന്നെ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷ തെറ്റിയില്ലെന്നും, അത് ലഭിച്ചെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം കോണ്‍ഗ്രസില്‍ ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് നടന്നതിലാണ് തന്റെ സന്തോഷം. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് നടക്കുന്നത്. അതില്‍ ഞങ്ങള്‍ ആഹ്ലദിക്കുകയാണെന്നും കെ സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് സംവിധാനം മികച്ചതാണ്. അത് ഈ തിരഞ്ഞെടുപ്പോടെ തെളിഞ്ഞിരിക്കുകയാണ്. മറ്റുള്ളവര്‍ ഇത് കണ്ട് ഞെട്ടിയെന്നും സുധാകരന്‍ പറഞ്ഞു.
ശശി തരൂരിനെ കൂടെ നിര്‍ത്തി തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം പാര്‍ട്ടി നല്‍കും. നേതൃത്വത്തോട് അക്കാര്യം ആവശ്യപ്പെടുമെന്നും സുധാകരന്‍ വ്യക്തമാക്കി. തനിക്കും തരൂരിനുമിടയില്‍ പ്രശ്‌നങ്ങളില്ലെന്നും സുധാകരന്‍ പറഞ്ഞു.
താന്‍ കോണ്‍ഗ്രസില്‍ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്ന് ശശി തരൂര്‍ പറയുന്നു. ഇപ്പോഴുള്ള പദവികളില്‍ നല്ല പ്രകടനം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം രാഹുല്‍ ഗാന്ധി ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത് തുടരണമെന്നാണ് തന്റെ അഭിപ്രായമെന്നും തരൂര്‍ വ്യക്തമാക്കി.
അതേസമയം ഖാര്‍ഗെ തന്റെ ഉപദേശം തേടിയാല്‍, പ്രകടനപത്രികയിലൂടെ താന്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ നിര്‍ദേശിക്കുമെന്നും തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ ഭാവിയെ ഓര്‍ത്ത് ആശങ്കയില്ലെന്നും തരൂര്‍ പറഞ്ഞു. നേരത്തെ തരൂര്‍ പക്ഷം വോട്ടെടുപ്പില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ചിരുന്നു.












Click it and Unblock the Notifications