
'ഞാൻ കൊടുത്ത വാക്ക്,യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും'; വരാത്തവർ യുട്യൂബിൽ കണ്ടോട്ടെയെന്ന് തരൂർ
കോട്ടയം: കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുമെന്ന് ശശി തരൂർ എം പി. താൻ അവർക്ക് നൽകിയ വാക്കാണ്. പരിപാടിയിൽ പങ്കെടുക്കും പ്രസംഗിക്കും, തരൂർ പറഞ്ഞു. തരൂർ പങ്കെടുക്കുന്ന കാര്യം അറിയിച്ചില്ലെന്ന കോട്ടയം ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷിന്റെ ആരോപണത്തെ തരൂർ തള്ളി. ഡി സി സി അധ്യക്ഷനെ എംപി ഓഫീസിൽ നിന്ന് ബന്ധപ്പെട്ടിരുന്നുവെന്ന് കോട്ടയത്ത് തരൂർ പറഞ്ഞു. തരൂരിന്റെ വാക്കുകളിലേക്ക്

പരിപാടിയിൽ പങ്കെടുക്കുമെന്നും പ്രസംഗിക്കുമെന്നും ഞാൻ വാക്ക് കൊടുത്തതാണ്. അവർക്ക് ചോദ്യങ്ങൾ ഉണ്ടെങ്കിൽ ഞാൻ മറുപടി കൊടുക്കും. അതാണ് എന്റെ കടമ. അത് ഞാൻ ചെയ്യും', തരൂർ പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആരെങ്കിലും പറഞ്ഞിരുന്നോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാനുമായി സമ്പര്‍ക്കമേ ഉണ്ടായിട്ടില്ല. എന്നെ കിട്ടാന്‍ ബുദ്ധിമുട്ടൊന്നും ഇല്ല, എന്നായിരുന്നു തരൂരിന്റെ മറുപടി.

ഞാൻ അല്ല പരിപാടിയുടെ സംഘാടകർ. യൂത്ത് കോൺഗ്രസ് വിളിച്ചിട്ടാണ് ഞാൻ പോകുന്നത്. അതുകൊണ്ട് തന്നെ ചില ചോദ്യങ്ങൾക്ക് അവരാണ് മറുപടി നൽകേണ്ടത്. തന്നോട് പരിപാടിയിൽ പങ്കെടുക്കേണ്ടത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് കൃത്യമായി അറിയിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഡിസിസിയോടും അവർ അക്കാര്യം വ്യക്തമാക്കിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്', തരൂർ പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പിൻമാറിയല്ലോയെന്ന് മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പ്രായക്കാരനാണോയെന്നായിരുന്നു ചിരിച്ചുകൊണ്ട് തരൂരിന്റെ മറുചോദ്യം.ആര് വേണമെങ്കിലും പരിപാടിയിൽ വരട്ടെ. ആരെയാണ് ക്ഷണിച്ചത്, ആർക്കാണ് സൗകര്യം, അസൗകര്യം അതൊന്നും എന്റെ വിഷയമല്ല. ഇതെല്ലാം എന്തിനാണ് ഇത്ര വിവാദം. എനിക്ക് അടുത്ത ദിവസങ്ങളിലായി നാല് പ്രസംഗം ഉണ്ട്. ഒന്നിന് വരാൻ സൗകര്യം ഇല്ലാത്തവർ അടുത്തതിന് വരട്ടെ, ചിരിച്ച് കൊണ്ട് തരൂർ മറുപടി നൽകി.

എന്തുകൊണ്ട് എല്ലാ ഡിസിസി പ്രസിഡന്റുമാരും തരൂരിന്റെ സന്ദര്‍ശനം വിവാദമാക്കുന്നുവെന്ന ചോദ്യത്തിന് അത് അവരോട് തന്നെയാണ് ചോദിക്കേണ്ടതെന്നും തരൂര്‍ പറഞ്ഞു. 'എനിക്ക് ഒരു ബുദ്ധിമുട്ടും കാണാൻ പറ്റുന്നില്ല. കാരണ ഞാൻ കോൺഗ്രസ് എം പി മാത്രമല്ല, ഈ 14 വർഷത്തിനിടയിൽ പലയിടങ്ങളിൽ നിന്നും ക്ഷണം ലഭിച്ചിട്ടുണ്ട്. എത്ര ലക്ചർ ഞാൻ ചെയ്തിട്ടുണ്ട്. ഈ രണ്ട് മൂന്ന് മാസത്തിനിടയിൽ പെട്ടെന്ന് നേതാക്കൾക്ക് എന്താണ് മാറ്റം സംഭവിച്ചതെന്ന് അവരോടാണ് ചോദിക്കേണ്ടത്.

എന്റെ ഭാഗത്ത് നിന്നും ഒരു വ്യത്യാസവും ഇല്ല. എന്റെ അഭിപ്രായം തുറന്ന പുസ്തകമാണ്. ഞാൻ മനസിൽ ഒന്നും ഒളിക്കാത്ത വ്യക്തിയാണ്. സമയം കിട്ടിയാൽ പരിപാടികളിൽ എല്ലാം ഞാൻ പങ്കെടുക്കും. സമയം കിട്ടാത്തവർ വരണ്ട. അവർ യുട്യൂബിൽ കണ്ടോട്ടെ, തമാശരൂപേണ തരൂർ പറഞ്ഞു. ഇതുവരെ ഞാൻ എന്ത് തെറ്റാണ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിൽ വിവാദം എന്തിനെന്ന് മനസിലാക്കാൻ സാധിച്ചേനെയെന്നും തരൂർ കൂട്ടിച്ചേർത്തു.

ഈ വിവാദങ്ങളിൽ എന്തുകൊണ്ടാണ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കാത്തത് എന്ന് ചോദ്യത്തിന് തനിക്ക് പരിപാടികളിൽ പങ്കെടുക്കുന്നതിന് തടസമില്ലെന്ന് സുധാകരൻ ജി പറഞ്ഞിരുന്നുവല്ലോയെന്ന് തരൂർ മറുപടി നൽകി. കെ സുധാകരന്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെ കേള്‍ക്കാന്‍ പോലും ചിലര്‍ തയ്യാറാവുന്നില്ല. എനിക്ക് ആരേയും ഭയമില്ല. എന്നെ ആരും ഭയക്കേണ്ട ആവശ്യമില്ലെന്നും തരൂർ പറഞ്ഞു.